ബര്‍ലിന്‍: രണ്ടാം ലോകയുദ്ധകാലത്ത് നടന്ന അര്‍മീനിയന്‍ കൂട്ടക്കൊല വംശഹത്യയാണെന്ന് അംഗീകരിച്ച് ജര്‍മന്‍ പാര്‍ലമെന്‍റ് പ്രമേയം പാസാക്കി. ഏറെ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നതാണ് പ്രമേയം. അഭയാര്‍ഥിപ്രവാഹം കുറക്കുന്നതിനുള്ള തുര്‍ക്കി-യൂറോപ്യന്‍ യൂനിയന്‍ കരാറിനെയും ഇത് സാരമായി ബാധിച്ചേക്കും. യഥാര്‍ഥത്തില്‍ കഴിഞ്ഞവര്‍ഷം നടക്കേണ്ടതായിരുന്നു വ്യാഴാഴ്ച നടന്ന വോട്ടെടുപ്പ്. പ്രമേയം പാസാക്കിയാലുണ്ടാകുന്ന ഭവിഷ്യത്ത് മുന്നില്‍കണ്ട് മാറ്റിവെക്കുകയായിരുന്നു.
അധോസഭയില്‍ നടന്ന വോട്ടെടുപ്പില്‍ അംഗലാ മെര്‍കലിന്‍െറ അസാന്നിധ്യം ശ്രദ്ധേയമായി. ക്രിസ്ത്യന്‍ ഡെമോക്രാറ്റ്സിന്‍െറയും സഖ്യകക്ഷികളായ സോഷ്യല്‍ ഡെമോക്രാറ്റ്സിന്‍െറയും ഗ്രീന്‍സിന്‍െറയും എം.പിമാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. വിലപ്പെട്ട സംഭാവനയെന്നാണ് പ്രമേയത്തെ അര്‍മീനിയ വിശേഷിപ്പിച്ചത്.
ഒന്നാം ലോകയുദ്ധകാലത്ത് ഒട്ടോമന്‍ സാമ്രാജ്യത്തിന്‍െറ നേതൃത്വത്തില്‍ നടന്ന കൂട്ടക്കുരുതിയില്‍ 15 ലക്ഷം അര്‍മീനിയക്കാരാണ് കൊലചെയ്യപ്പെട്ടത്. കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തം തുര്‍ക്കി ഏറ്റെടുക്കണമെന്നും മാപ്പുപറയണമെന്നും അര്‍മീനിയ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വംശഹത്യ നടന്നിട്ടില്ളെന്നും ഉസ്മാനിയ ഖിലാഫത്തിന്‍െറ കാലത്ത് 1915നും 1917നും ഇടക്ക് നടന്ന കലാപത്തില്‍ ധാരാളം അര്‍മീനിയക്കാര്‍ കൊല്ലപ്പെട്ടുവെന്നും അതൊരു വംശഹത്യയായി കണക്കാക്കാനാകില്ളെന്നുമാണ് തുര്‍ക്കിയുടെ നിലപാട്.
യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള കരാറിന് പ്രമേയം വെല്ലുവിളിയുയര്‍ത്തുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. ജര്‍മനിയുമായി എല്ലാതരത്തിലുള്ള ബന്ധങ്ങള്‍ക്കും ഇത് പ്രത്യാഘാതം സൃഷ്ടിക്കും. അര്‍മീനിയ സംഭവത്തില്‍ മുന്‍നിലപാടില്‍നിന്ന് മാറ്റമില്ളെന്നും ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചു. പ്രമേയത്തെ തുടര്‍ന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി തുര്‍ക്കി ജര്‍മന്‍ അംബാസഡറെ തിരിച്ചുവിളിച്ചിട്ടുണ്ട്.
പ്രമേയത്തിനു പിന്നില്‍ വംശവെറിക്കാരായ അര്‍മീനിയന്‍ ലോബിയാണെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത് താറുമാറിലാക്കും. തുര്‍ക്കിയുമായുള്ള ബന്ധത്തിന് പ്രാധാന്യം നല്‍കുന്നുണ്ടെന്നും എന്നാല്‍ പല വിഷയങ്ങള്‍ സംബന്ധിച്ചും ഇരുരാജ്യങ്ങളും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നതായും ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ചൂണ്ടിക്കാട്ടി.
1915ല്‍ നടന്ന കൂട്ടക്കുരുതി റഷ്യയും ഫ്രാന്‍സുമുള്‍പ്പെടെയുള്ള 20ലേറെ രാജ്യങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയും അംഗീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.