ലണ്ടൻ: റോഹിങ്ക്യ അഭയാർഥികളെ പറ്റി ചോദിച്ച മാധ്യമപ്രവർത്തകക്കെതിരെ സമാധാന നൊബേൽ സമ്മാന ജേതാവും മ്യാൻമറിലെ ഭരണകക്ഷി നേതാവുമായ ഓങ്സാന്‍ സൂചി നടത്തിയ പരാമർശം ചർച്ചയാകുന്നു. തന്നെ ഇൻറർവ്യൂ ചെയ്യുന്നത് ഒരു മുസ് ലിമാണെന്ന് അറിയില്ലായിരുന്നു എന്നാണ് ബി.ബി.സിയുടെ മിഷാൽ ഹുസൈനുമായുള്ള അഭിമുഖത്തിനു ശേഷം സൂചി പറഞ്ഞത്. സൂചിയെ പറ്റി പത്രപ്രവർത്തകനായ പീറ്റർ പൊഫാം എഴുതിയ പുതിയ പുസ്തകത്തിലാണ് (ദി ലേഡി ആൻഡ് ദി ജനറൽസ്: ഓങ്സാന്‍ സൂചി ആൻഡ് ബർമാസ് സ്ട്രഗ്ൾ ഫോർ ഫ്രീഡം) വെളിപ്പെടുത്തലുള്ളത്.
2013ലാണ് മിഷാലും സൂചിയും തമ്മിലുള്ള അഭിമുഖം നടന്നത്. റോഹിങ്ക്യൻ അഭയാർഥികൾക്കെതിരെയുള്ള അതിക്രമങ്ങളെ അപലപിക്കുമോ എന്ന ചോദ്യത്തിന് പ്രതിരോധത്തിൽ ഊന്നിയുള്ള മറുപടിയായിരുന്നു സൂചിയുടേത്. 'മ്യാൻമറിൽ പലരും പീഡനത്തിന് ഇരയാകുന്നുണ്ട്. ബുദ്ധമത വിശ്വാസികൾക്കും പല കാരണങ്ങളാലും രാജ്യം വിട്ടുപോകേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം ഇവിടുത്തെ ഏകാധിപത്യ ഭരണത്തിൻെറ ഫലമാണ്' -സൂചി പ്രതികരിച്ചു. മിതവാദികളായ ധാരാളം മുസ് ലിംകൾ മ്യാൻമറിലുണ്ട്. അവരെല്ലാം സമൂഹവുമായി നല്ല രീതിയിൽ ബന്ധം സ്ഥാപിച്ചവരാണ്. എന്നാൽ ഇരു വിഭാഗത്തിലുമുണ്ടാകുന്ന ഭയമാണ് പ്രശ്നങ്ങൾക്ക് കാരണം. ഈ ഭയം മുസ് ലിംകൾ മാത്രമല്ല, ബുദ്ധമതക്കാരും നേരിടുന്നുണ്ട് എന്നും സൂചി പറഞ്ഞിരുന്നു.
മ്യാൻമറിൽ ദുരിതം നേരിടുന്ന റോഹിങ്ക്യൻ അഭയാർഥികളോടുള്ള സൂചിയുടെ സമീപനം നേരത്തെയും ചർച്ചയായിരുന്നു. ജനാധിപത്യ വാദിയായ സൂചി, അഭയാർഥി പ്രശ്നത്തിനുനേരെ മുഖംതിരിഞ്ഞുനിൽക്കുന്നു എന്നായിരുന്നു വിമർശം. സൂചി നേതൃത്വം നൽകുന്ന നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.ഡി) ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയമാണ് മ്യാൻമറിൽ നേടിയത്. സൂചിയുടെ അടുത്ത അനുയായിയായ ഹ്തിൻ ക്യാവ് രാജ്യത്തിൻെറ പ്രസിഡൻറാണ് ഇപ്പോൾ. ഈ മന്ത്രിസഭയിൽ സൂചി അംഗമാകുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.