നീസില്‍ ആക്രമണത്തിന് പദ്ധതിയിട്ട രണ്ടു കൗമാരക്കാരികള്‍ പിടിയില്‍

ഫ്രാന്‍സ്: ലോകത്തെ നടുക്കിയ നീസിലെ ഭീകരാക്രമണത്തിനു ശേഷം വീണ്ടും ആക്രമണം നടത്തുന്നതിന് പദ്ധതി തയാറാക്കിയെന്ന് സംശയിക്കുന്ന രണ്ടു കൗമാരക്കാരായ പെണ്‍കുട്ടികളെ നീസില്‍ അറസ്റ്റു ചെയ്തു. സിറിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് ജിഹാദികളുടെ നിര്‍ദേശാനുസരണം ആക്രമണം നടത്താന്‍ തയാറെടുക്കുന്നതിനിടെയാണ് 19ഉം 17ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ പിടികൂടിയതെന്ന് ഫ്രഞ്ച് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഐ.എസിനെ സിറിയയിലിരുന്ന് നിയന്ത്രിക്കുന്ന റാചിദ് കാസ്സിമുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്‍െറ സ്വാധീനത്താലാണ് ആക്രമണത്തിന് പദ്ധതിയൊരുക്കിയതെന്നും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയതായി അന്വേഷണസംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇരുവരും താമസിക്കുന്ന സ്ഥലത്ത് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെടുക്കാനായില്ല.
പിടിയിലായ 17കാരി പട്ടാളത്തെ വെറുക്കുന്നതായി പറഞ്ഞതായാണ് വിവരം. എന്നാല്‍, 19കാരിയില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഫ്രഞ്ച് പൗരനായ ഒമര്‍ ഡിയബിയുമായി പെണ്‍കുട്ടിക്ക് അടുത്ത ബന്ധമുണ്ടെന്നും ഉടന്‍തന്നെ സിറിയയിലേക്ക് പോകാനൊരുങ്ങുകയാണെന്നും വിവരം ഇതിനകം പൊലീസിനു ലഭിച്ചതിനെ തുടര്‍ന്നാണിത്. എങ്കിലും പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തിയുള്ള ആക്രമണത്തിനു പിന്നിലെ ബുദ്ധി കാസ്സിമിന്‍െറതാണെന്നാണ് പൊലീസ് നിഗമനം. സീനിയര്‍ പൊലീസ് ഓഫിസറെയും ഭാര്യയെയും കുത്തിക്കൊലപ്പെടുത്തിയ കാസ്സിം മറ്റൊരാളെ കഴുത്തുമുറിച്ചു കൊലപ്പെടുത്തുകയും ചെയ്തിരുന്നു. സെന്‍ട്രല്‍ ഫ്രാന്‍സിലെ നോട്രെ ഡാമെ കത്തീഡ്രലിനു മുന്നില്‍ ഗ്യാസ് സിലിണ്ടറുകള്‍ നിറച്ച കാര്‍ മൂന്ന് സ്ത്രീകള്‍ ഉപേക്ഷിച്ചുവെന്ന് കരുതുന്ന സംഭവത്തിനു പിന്നിലും ഇയാളുടെ പങ്ക് പൊലീസ് തള്ളിക്കളയുന്നില്ല. 2015 മുതല്‍ 200 പേരാണ് ഭീകരാക്രമണങ്ങളില്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.