തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉൾപ്പെട്ട അഴിമതിക്കേസിൽ അദ്ദേഹത്തിെൻറ വിശ്വസ്തർ ഉൾപ്പെടെ പ്രമുഖരെ പൊലീസ് അറസ്റ്റ് ചെയ്തു. 2014-17 കാലയളവിൽ വാർത്താ വിതരണ മന്ത്രാലയത്തിെൻറ ചുമതലകൂടി നെതന്യാഹു വഹിക്കുന്നതിനിടെ ബെസഖ് കമ്യൂണിക്കേഷൻ കമ്പനിക്ക് അനുകൂലമായ തീരുമാനങ്ങൾ ഒൗദ്യോഗികമായി സ്വീകരിച്ചെന്നും പകരം ഇതേ കമ്പനിയുടെ ഉടമസ്ഥതയിൽ ഇറങ്ങുന്ന പത്രം കൂടുതലായി നെതന്യാഹുവിന് വാർത്താപ്രാധാന്യം നൽകിയെന്നുമാണ് ആരോപണം. ബെസഖ് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർക്കു പുറമെ സർക്കാർ ജീവനക്കാരും പിടിയിലായിട്ടുണ്ട്.
ഇസ്രായേലിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പത്രം ‘യെദിയോട്ട് അഹറോനോട്ട്’ ആണ് കമ്പനിതാൽപര്യങ്ങൾ മുൻനിർത്തി നെതന്യാഹുവിനുവേണ്ടി വാർത്തകൾ നിരന്തരമായി നൽകിയത്. നെതന്യാഹുവിനെ ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും അറസ്റ്റ് ചെയ്യാൻ മാത്രം തെളിവുകൾ കൈവശമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. മാധ്യമ സ്ഥാപന ഉടമ അർനോൺ മോസസിനെയും അറസ്റ്റ് ചെയ്തേക്കും. അറ്റോണി ജനറലാണ് ഇരുവർക്കുമെതിരായ ആരോപണങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.
എന്നാൽ, തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ശുദ്ധ അസംബന്ധമാണെന്നും നെതന്യാഹു പറയുന്നു.
നെതന്യാഹുവുമായി ബന്ധമുള്ള രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ബെസഖ് കമ്യൂണിക്കേഷന്‍ അനുകൂല നയങ്ങൾ സ്വീകരിക്കാൻ നിരന്തരം സമ്മർദം ചെലുത്തിയതായി തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ വാർത്താ വിനിമയ മന്ത്രാലയം മുൻ ഡയറക്ടർ ജനറൽ േഷ്ലാേമാ ഫൈബറും നെതന്യാഹുവിെൻറ മറ്റൊരു വിശ്വസ്തനും അന്വേഷണസംഘത്തിെൻറ കസ്റ്റഡിയിലാണ്. സംഭവത്തിൽ നെതന്യാഹുവിെൻറ പത്നി സാറക്കും പങ്കുണ്ടെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.