ലണ്ടൻ: ഫലസ്തീൻ രാഷ്ട്രത്തെ ഛിന്നഭിന്നമാക്കി ഇസ്രായേൽ രൂപവത്കരണത്തിന് വഴിയൊരുക്കിയ കുപ്രസിദ്ധ ബാൽഫർ പ്രഖ്യാപനത്തിന് ഒരു നൂറ്റാണ്ട് തികയുന്നു. 1917 നവംബർ രണ്ടിനായിരുന്നു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായ ആർതർ ബാൽഫർ ‘ജൂതജനതക്ക് സ്വന്തമായൊരു രാഷ്ട്രം’ നൽകുമെന്ന് പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് സയണിസ്റ്റ് നേതാവ് ലയണൽ വാൾട്ടർ റോത്ത്സ്ഷിൽഡിനെഴുതിയ കത്തിലാണ് പ്രഖ്യാപനം നടത്തിയത്. ആധുനിക അറബ് ലോകത്തിെൻറ ചരിത്രത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച ഇൗ 67 വാക്കുകൾ മാത്രമടങ്ങിയ കത്ത് ഇന്നും നിലക്കാത്ത രക്തച്ചൊരിച്ചിലിനും അവസാനിക്കാത്ത സംഘർഷങ്ങൾക്കുമാണ് തുടക്കം കുറിച്ചത്.
സയണിസ്റ്റുകളെ സംബന്ധിച്ച് ഇൗ പ്രഖ്യാപനം ആഹ്ലാദകരമായിരുന്നെങ്കിലും ഫലസ്തീനികൾക്ക് ഇത് കൊടുംവഞ്ചനയുടെ അധ്യായമാണ്. അതിനാലാണ് പ്രഖ്യാപനത്തിെൻറ ഒരു നൂറ്റാണ്ട് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഫലസ്തീനികൾ പ്രതിഷേധദിനമായി ആചരിക്കുന്നത്. ബ്രിട്ടൻ ഇക്കാര്യത്തിൽ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഫലസ്തീനികൾ ഒാൺലൈൻ കാമ്പയിനും തുടങ്ങിയിട്ടുണ്ട്.
1948ലെ ‘നക്ബ’ എന്നറിയപ്പെടുന്ന കൂട്ടക്കൊലയോടെയാണ് ഇസ്രായേൽ പൂർണാർഥത്തിൽ രൂപവത്കരിക്കപ്പെടുന്നതെങ്കിലും ബാൽഫർ പ്രഖ്യാപനത്തോടെയാണ് അധിനിവേശത്തിെൻറ ചരിത്രം ആരംഭിക്കുന്നത്. എന്നാൽ, കൊടിയ പീഡനത്തിലേക്ക് ഫലസ്തീനികളെ തള്ളിവിട്ട പ്രഖ്യാപനത്തിൽ മാപ്പുപറയാനല്ല ബ്രിട്ടൻ ഇക്കാലവും ശ്രമിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസവും തെൻറ പിൻഗാമിയുടെ ചെയ്തിയെ ന്യായീകരിച്ചാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ സംസാരിച്ചത്. ഇസ്രായേൽ രാഷ്ട്രനിർമാണത്തിൽ ബ്രിട്ടൻ ഭാഗഭാക്കായതിൽ താൻ അഭിമാനിക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട് തുറന്നുപറഞ്ഞു.
സംഘർഷത്തിന് പരിഹാരം പരമാധികാരമുള്ള രണ്ടു രാഷ്ട്രങ്ങളെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഖ്യാപനത്തിന് നൂറ്റാണ്ട് തികയുന്ന സാഹചര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ബ്രിട്ടനിലേക്ക് പോകുന്നുണ്ട്. ബ്രിട്ടനോടുള്ള ‘നന്ദി’ സൂചകമായാണ് യാത്രയെന്നാണ് കരുതെപ്പടുന്നത്. മനുഷ്യാവകാശത്തിനും ഫലസ്തീൻ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ടവർ ബാൽഫർ പ്രഖ്യാപനത്തെ എല്ലാ കാലത്തും കൊടും വഞ്ചനയായാണ് വിലയിരുത്തിയത്. ലോക പ്രശസ്ത ഫലസ്തീനിയൻ-അമേരിക്കൻ അക്കാദമീഷ്യനായ എഡ്വോർഡ് സൈദ് ഇതിനെ വിലയിരുത്തിയത് ‘ഒരു യൂറോപ്യൻ അധികാരകേന്ദ്രം, യൂറോപ്യനല്ലാത്ത ഒരു ഭൂപ്രദേശത്തെ കുറിച്ച്, അവിടുത്തുകാരുടെ ആഗ്രഹത്തിനെതിരായി നടത്തിയ’ പ്രഖ്യാപനമെന്നാണ്. ഇത്ര ഗുരുതരമായ പ്രഖ്യാപനത്തിലേക്ക് ബ്രിട്ടനെ നയിച്ച കാരണങ്ങളെക്കുറിച്ച് ചരിത്രകാരന്മാരും രാഷ്ട്രീയ വിദഗ്ധരും പല അഭിപ്രായങ്ങളും പങ്കുവെച്ചിട്ടുണ്ട്.
രണ്ടാം ലോക യുദ്ധത്തിൽ ബ്രിട്ടനിലെ ജൂത ലോബിയുടെ സാമ്പത്തിക പിന്തുണക്കാണ് ഇതെന്നാണ് ഒരു വാദം. ബ്രിട്ടീഷ് സർക്കാറിെൻറ തന്നെ സയണിസ്റ്റ് ചായ്വാണ് ഇതിെൻറ കാരണമെന്നും വാദമുണ്ട്. എന്നാൽ, യൂറോപ് നൂറ്റാണ്ടുകളോളം അനുഭവിച്ച ‘ജൂതപ്രശ്ന’ത്തിന് പരിഹാരമായാണ് ഫലസ്തീനികൾക്കുമേൽ ഇത്തരം ഒരു അടിച്ചേൽപിക്കലെന്നാണ് പ്രബലാഭിപ്രായം. സൂയസ് കനാലും ഇൗജിപ്തും തങ്ങളുടെ നിയന്ത്രണത്തിൽ നിലനിർത്താനുള്ള അധിനിവേശ മോഹമാണ് ബ്രിട്ടനെ ‘ബാൽഫറി’ലേക്ക് നയിച്ചതെന്നും വിലയിരുത്തപ്പെടുന്നു. ബാൽഫർ പ്രഖ്യാപനത്തിെൻറ പരിണതി എന്താവുമെന്ന് മനസ്സിലാക്കിയ ഫലസ്തീനികൾ ഇതിനെതിരെ 1919 മുതൽതന്നെ രംഗത്തുവന്നിരുന്നു. എന്നാൽ, ലോകം ബ്രിട്ടെൻറ നിയന്ത്രണത്തിലായതിനാൽ ആരും ചെവിക്കൊണ്ടില്ല.
ഫലസ്തീൻ അധിനിവേശത്തിെൻറ തുടക്കം അടയാളപ്പെടുത്തിയ പ്രഖ്യാപനം എന്ന നിലയിൽ ചരിത്രത്തിൽ അറിയപ്പെടുന്ന സംഭവത്തിന് ഒരു നൂറ്റാണ്ട് തികയുേമ്പാഴും ലോകം ഫലസ്തീെൻറ ചോദ്യങ്ങൾ കേൾക്കാൻ സന്നദ്ധമാവാത്ത സാഹചര്യമാണുള്ളത്. ലോക പൊലീസ് പദവിയിൽനിന്ന് ബ്രിട്ടൻ പുറത്താക്കപ്പെടുകയും അമേരിക്ക ആ പദവിയിലെത്തുകയും ചെയ്തപ്പോഴും ഫലസ്തീൻ നിലപാടിൽ മാറ്റമൊന്നുമുണ്ടായില്ല. കടുത്ത ഫലസ്തീൻവിരുദ്ധ നിലപാടുള്ള ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡൻറ് പദവിയിലെത്തിയതോടെ ഇസ്രായേൽ പുത്തൻ അധിനിവേശങ്ങൾക്ക് കോപ്പുകൂട്ടുകയും ചെയ്യുന്നു. ബാൽഫറിന് ശേഷം രൂപപ്പെട്ട ഫലസ്തീനികളുടെ ദുരിതങ്ങൾക്ക് അവസാനമാകുന്ന വെളിച്ചത്തിലേക്ക് നീണ്ടകാലം ഇനിയും സഞ്ചരിക്കേണ്ടിവരുമെന്ന് ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.