ലണ്ടൻ: പ്രധാനമന്ത്രി തെരേസ മേയുടെ കടുത്ത ബ്രെക്സിറ്റ് അനുകൂല നിലപാടിന് തിരിച്ചടി നൽകി ബ്രിട്ടനിൽ തൂക്കുസഭ. അവസാന നിമിഷംവരെ ആവേശം മുറ്റിനിന്ന തെരഞ്ഞെടുപ്പിൽ മേയുടെ കൺസർവേറ്റിവ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും എല്ലാവരെയും ഞെട്ടിച്ച് ജെറമി കോർബിെൻറ നേതൃത്വത്തിലെ ലേബർപാർട്ടി നടത്തിയ മുന്നേറ്റം ബ്രിട്ടനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലാക്കി. 650 അംഗ പാർലമെൻറിൽ കേവല ഭൂരിപക്ഷത്തിന് 326 സീറ്റ് വേണ്ടിടത്ത് 318 സീറ്റാണ് ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിക്ക് ലഭിച്ചത്. 2015ലേതിനെക്കാൾ 13 സീറ്റ് കുറഞ്ഞു, കേവലഭൂരിപക്ഷത്തിന് എട്ട് സീറ്റും. മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടി 261 സീറ്റ് നേടി; കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 29 സീറ്റ് കൂടുതൽ.
യൂറോപ്യൻ യൂനിയനിൽ നിന്ന് വിട്ടുപോകുന്നതുമായി ബന്ധപ്പെട്ട ബ്രെക്സിറ്റ് ചർച്ച ഇൗ മാസം 19ന് തുടങ്ങാനിരിക്കെ ഭൂരിപക്ഷത്തിലെ ഇടിവ് മേയുടെ വിലപേശൽ ശക്തിയെ കുത്തനെ താഴ്ത്തും. എന്നാലും ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടിയുടെ (ഡി.യു.പി) പത്ത് എം.പിമാരെ കൂട്ടുപിടിച്ച് ഭരണത്തിൽ തുടരാനുള്ള നീക്കത്തിലാണ് മേയ്. ഇതിെൻറ ഭാഗമായി മേയ് എലിസബത്ത് രാജ്ഞിയെ കാണുമെന്ന് 10 ഡൗണിങ് സ്ട്രീറ്റിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
കൺസർവേറ്റിവ് പാർട്ടിക്കുണ്ടായ വൻ പരാജയത്തെതുടർന്ന് മേയുടെ രാജി ആവശ്യം ജെറമി കോർബിൻ അടക്കം ഉന്നയിച്ചെങ്കിലും അവർ അത് തള്ളി. അധികാരത്തിൽ മൂന്നു വർഷം കൂടി ബാക്കിയിരിക്കെയാണ് ഭൂരിപക്ഷം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് മേയ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജനപിന്തുണ കൂട്ടാനാണ് മേയ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും ഉള്ള സീറ്റ് കൂടി അവർക്ക് നഷ്ടമായതോടെ ഫലം വ്യക്തമാണെന്നും ജെറമി കോർബിൻ പറഞ്ഞു. ലേബർ പാർട്ടിക്കുവേണ്ടി മേയ് വഴിമാറണം. രാജ്യത്തെ സേവിക്കാൻ താൻ തയാറാണെന്നും 68കാരനായ ജെറമി കോർബിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.