പാരിസ്: ഫ്രാൻസിൽ പുതുയുഗപ്പിറവി കുറിച്ച് ആഴ്ചകൾക്കുമുമ്പ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മാക്രോണിന്റെ കക്ഷിക്ക് പാർലമെൻറ് തെരഞ്ഞെടുപ്പിലും തകർപ്പൻ മുന്നേറ്റം. ഞായറാഴ്ച നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ അഭിപ്രായ സർവേകളെ ശരിവെച്ച് 577ൽ 430 സീറ്റുമായി നാലിൽ മൂന്നു ഭൂരിപക്ഷം നേടുമെന്ന സൂചനകളുമായാണ് മാേക്രാണിെൻറ ഒൻ മാർഷെ ചരിത്രംകുറിച്ചത്. സഖ്യകക്ഷിയായ ‘മോഡം’ 15 സീറ്റുകൾ നേടിയതുകൂടി പരിഗണിച്ചാൽ പാർലമെൻറിൽ അരങ്ങേറ്റം കുറിക്കുന്ന പാർട്ടിക്കും മുന്നണിക്കും സമ്പൂർണാധിപത്യമാകും.
32.3 ശതമാനമാണ് മുന്നണിയുടെ വോട്ടുവിഹിതം. മുൻ പ്രസിഡൻറ് ഫ്രാങ്സ്വ ഓലൻഡിെൻറ സോഷ്യലിസ്റ്റ് പാർട്ടി വെറും 9.5 ശതമാനം മാത്രം വോട്ടുമായി നാണംകെട്ടപ്പോൾ നികളസ് സർകോസിയുടെ റിപ്പബ്ലിക്കൻ കക്ഷി 21.5 ശതമാനം വോട്ട് നേടി താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായെങ്കിലും റിപ്പബ്ലിക്കൻ കക്ഷിക്ക് കഴിഞ്ഞതവണ നേടിയ 100ഓളം സീറ്റുകൾ നഷ്ടമാകുമെന്നാണ് സൂചന. തീവ്ര വലതുപക്ഷമായ ലീ പെന്നിെൻറ നാഷനൽ ഫ്രണ്ടിന് 13.2 ശതമാനം വോട്ടു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞതവണ 11 ശതമാനമായിരുന്നു പാർട്ടി വിഹിതം.
വോട്ടർമാർ മടിച്ചുനിന്ന തെരഞ്ഞെടുപ്പിൽ പകുതിപേർ പോലും വോട്ടുചെയ്യാനെത്തിയില്ല. കഴിഞ്ഞതവണ 57.2 ശതമാനം വോട്ടർമാരുണ്ടായിരുന്നത് ഇത്തവണ 48.7 ശതമാനമായാണ് കുറഞ്ഞത്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിെൻറ ആദ്യ ഘട്ടത്തിൽ നാലു സ്ഥാനാർഥികൾ മാത്രമാണ് യഥാർഥത്തിൽ വിജയം കണ്ടത്. മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 50 ശതമാനം നേടിയവരെയാണ് ഒന്നാം ഘട്ടത്തിൽ വിജയിയായി കണക്കാക്കുക. അവശേഷിച്ച മണ്ഡലങ്ങളിൽ കൂടുതൽ വോട്ടുലഭിച്ച ആദ്യ രണ്ടുപേർ തമ്മിൽ രണ്ടാം ഘട്ടത്തിൽ വീണ്ടും ഏറ്റുമുട്ടും. 577ൽ 573ലും വിജയി ആയില്ലെന്നതിനാൽ യഥാർഥ അങ്കം അടുത്ത ഞായറാഴ്ച നടക്കുന്ന രണ്ടാം ഘട്ടത്തിലാകും. ഇതിലും വലിയ മാറ്റങ്ങളില്ലാതെ ജയം അടിച്ചെടുക്കാനാവുമെന്ന ആത്മ വിശ്വാസത്തിലാണ് മാേക്രാൺ.
അതേസമയം, ആദ്യമായി പാർലമെൻറിലെത്തുന്ന കക്ഷിയായ ഒൻ മാർഷെയെ പ്രതിനിധാനം ചെയ്യുന്നവരിൽ മഹാഭൂരിപക്ഷവും ഇതുവരെയും ഭരണപ്രക്രിയയുടെ ഭാഗമായില്ലെന്നത് മാേക്രാണിന് വലിയ വെല്ലുവിളിയാകും. ഫ്രാൻസിെൻറ ചരിത്രത്തിൽ ആദ്യമായാണ് ഇടതും വലതുമല്ലാത്ത കക്ഷി തെരഞ്ഞെടുപ്പിൽ വിജയം കുറിക്കുന്നത്. പാർലമെൻറിൽ ഭൂരിപക്ഷം ഉറപ്പാക്കാനാവുന്നതോടെ നേരത്തെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് വേളയിൽ വാഗ്ദാനംചെയ്ത പരിഷ്കാരങ്ങൾ നടപ്പാക്കാൻ മാേക്രാണിന് ആകുമെന്നതും ശ്രദ്ധേയമാണ്. ബജറ്റ് വിഹിതം 6500 കോടി ഡോളർ കുറക്കുക, 1,20,000 സർക്കാർ ജീവനക്കാരെ കുറക്കുക, തൊഴിൽ വിപണിയും പെൻഷൻ വിതരണവും സ്വകാര്യ മേഖലയിലേതിനു സമാനമായി മാറ്റുക തുടങ്ങിയവയായിരുന്നു വാഗ്ദാനങ്ങൾ. കാലാവസ്ഥ വ്യതിയാന കരാറിൽനിന്ന് പിൻവാങ്ങാനുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തീരുമാനത്തിനെതിരെ നിലയുറപ്പിച്ചതുൾപ്പെടെയുള്ള നിലപാടുകളുമായി ഇതിനകം ഫ്രാൻസിൽ ജനകീയനാണ് മാേക്രാൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.