വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയിലെ പുരോഹിതർ ഉൾപ്പെടുന്ന ലൈംഗികപീഡനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ഇനി സഭാരഹസ്യം എന്ന പരിഗണനയില്ല. ഇതുൾപ്പെടെ ലൈംഗികപീഡന പരാതികൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യത ഉറപ്പാക്കിക്കൊണ്ട് പരിഷ്കരിച്ച കാനോൻ നിയമത്തിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകി.
കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തുന്നവരെ സംരക്ഷിക്കാനും ഇരകളെ നിശ്ശബ്ദമാക്കാനും പൊലീസിനെ അന്വേഷണത്തിൽനിന്ന് തടയാനും സഭാരഹസ്യമെന്ന പരിഗണന ദുരുപയോഗം ചെയ്യുന്നതായി വ്യാപക പരാതിയുയർന്നതിനെ തുടർന്നാണ് നടപടി. പുരോഹിതർ ഉൾപ്പെടുന്ന ലൈംഗികപീഡന പരാതികൾ അതതു രാജ്യങ്ങളിലെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും ഇരകൾക്കു നീതിയും സുരക്ഷയും ഉറപ്പാക്കുന്നതിനും പുതിയ ചട്ടത്തിൽ നിർദേശമുണ്ട്. 2001ലാണ് പുരോഹിതർക്കെതിരായ ലൈംഗികപീഡന പരാതികളിലെ അന്വേഷണവിവരങ്ങൾക്കു രഹസ്യപദവി നൽകിയത്.
തീരുമാനത്തെ ൈലംഗികപീഡന കേസ് ഇരകളും അവരെ പിന്തുണക്കുന്നവരും സ്വാഗതം ചെയ്തു. എന്നാൽ, ഇത് എത്രത്തോളം നടപ്പാകുമെന്ന കാര്യത്തിൽ അവർ ആശങ്ക പ്രകടിപ്പിച്ചു. ‘അന്ധതയുടെ ആഘോഷം അവസാനിച്ചു’ എന്നാണ് ലൈംഗികാതിക്രമത്തെ അതിജീവിക്കുകയും ഇരകൾക്കായി ശബ്ദമുയർത്തുകയും ചെയ്യുന്ന ചിലിയിൽനിന്നുള്ള ജുവാൻ കാർലോസ് ക്രൂസ് പ്രതികരിച്ചത്. നിലവിൽ 14 വയസ്സുവരെയുള്ളവരുമായി ബന്ധപ്പെട്ട ലൈംഗികദൃശ്യങ്ങളാണ് കുട്ടികൾ എന്ന ഗണത്തിൽ സഭ ഉൾപ്പെടുത്തിയിരുന്നത്. പുതിയ ചട്ടമനുസരിച്ച് ഇതിെൻറ പ്രായപരിധി 18 വയസ്സായി ഉയർത്തി. ഫ്രാൻസിസ് മാർപാപ്പയുടെ 83ാം ജന്മദിനമായ ചൊവ്വാഴ്ചയാണ് നിയമം പ്രാബല്യത്തിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.