മഡ്രിഡ്: സ്പെയിനിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം വിജയിച്ചേതാടെ ഏഴു വർഷം നീണ്ട ഭരണം അവസാനിപ്പിച്ച് പ്രധാനമന്ത്രി മരിയാനോ റജോയ് പടിയിറങ്ങി. ഭരണകക്ഷിയിലെ പ്രമുഖർ അഴിമതിക്കേസിൽ കുടുങ്ങിയതിനു പിന്നാലെയാണ് സോഷ്യലിസ്റ്റുകളായ പി.എസ്.ഒ.ഇ കക്ഷിയുടെ നേതാവ് പെട്രോ സാഞ്ചസ് അവിശ്വാസം കൊണ്ടുവന്നത്. 350 അംഗ പാർലമെൻറിൽ 180 അംഗങ്ങൾ പിന്തുണച്ച പ്രമേയത്തിനെതിരെ 169 പേർ വോട്ടുചെയ്തു. ഒരാൾ വിട്ടുനിന്നു. പിൻഗാമിയായി പെട്രോ സാഞ്ചസ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.
1970കളിൽ രാജ്യം ജനാധിപത്യത്തിലേക്കു തിരിച്ചുവന്ന ശേഷം ഏറ്റവും കൂടുതൽ കാലം ഉന്നത പദവി കൈകാര്യം ചെയ്തവരിലൊരാളായ റജോയ് 2020ൽ കാലാവധി അവസാനിക്കും വരെ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ െഎക്യത്തിനു മുമ്പിൽ മുട്ടുമടക്കുകയായിരുന്നു. ഭരണകക്ഷിയായ പീപ്ൾസ് പാർട്ടിയെ ഏറെയായി അഴിമതിയാരോപണം വലക്കുന്നുണ്ടെങ്കിലും അടുത്തിടെ രാജ്യത്തെ ഉന്നത കോടതി മുതിർന്ന നേതാക്കൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതാണ് പുറത്തേക്കുള്ള വഴി തുറന്നത്. പ്രധാന അടിസ്ഥാന സൗകര്യ വികസന കരാറുകളിൽ പാർട്ടി നേതൃത്വം കോഴ വാങ്ങിയെന്നാണ് ആരോപണം.
ഇതുവരെയും ഒപ്പമുണ്ടായിരുന്ന ബാസ്ക് നാഷനലിസ്റ്റ് പാർട്ടി കൂറുമാറി പ്രതിപക്ഷത്തോടൊപ്പം ചേർന്നതാണ് ഭരണകക്ഷിക്ക് അവിശ്വാസ വോെട്ടടുപ്പിൽ വിനയായത്.
രാജ്യത്ത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുന്നത്. ഗുർടെൽ കേസ് എന്ന് വിളിക്കപ്പെടുന്ന അഴിമതിക്കേസിൽ വിചാരണയുടെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ റജോയിയെ കോടതി വാദം കേൾക്കാനായി വിളിപ്പിച്ചിരുന്നു. മേയ് 24നാണ് പാർട്ടിയിലെ മുതിർന്ന അംഗങ്ങൾക്കും 29 വ്യവസായികൾക്കും കോടതി ശിക്ഷ വിധിച്ചത്. 2013ലാണ് ഗുർടെൽ കേസ് ആദ്യമായി രാജ്യത്ത് അലയൊലി തീർക്കുന്നത്. പാർട്ടി സെനറ്റർ ലൂയിസ് ബാഴ്സനാസ് അറസ്റ്റിലായതോടെ ആരോപണങ്ങളുടെ മുന ഭരണകക്ഷിക്കുനേരെ ഉയർന്നു. 2017ൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും റജോയ് വിജയം കണ്ടു. ഇത്തവണ എല്ലാ കക്ഷികളും എതിരായതോടെയാണ് അദ്ദേഹം ഒറ്റപ്പെട്ടത്. പുതുതായി അധികാരമേറ്റ സാഞ്ചെസിെൻറ കക്ഷിക്ക് 350 അംഗ സഭയിൽ 84 അംഗങ്ങൾ മാത്രമാണുള്ളത്. കേവല ഭൂരിപക്ഷത്തിലേക്ക് ഇനിയുമേറെ അകലമുള്ളതിനാൽ ഉടൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ജനവിധി തേടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുമുമ്പ് അടിയന്തരമായി നേരിടുന്ന വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കുമെന്നും വാഗ്ദാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.