സിഡ്നി: ഒടുവിൽ, 103 വർഷമായി ആസ്ട്രേലിയയെ കുഴക്കിയ നിഗൂഢതയുടെ ചുരുളഴിഞ്ഞു. 1914ൽ ഒന്നാം ലോകയുദ്ധകാലത്ത് അപ്രത്യക്ഷമായ അന്തർവാഹിനിക്കപ്പലിെൻറ അവശിഷ്ടങ്ങളാണ് കണ്ടെത്താനായത്. എച്ച്.എം.എ.എസ് എഇ വൺ എന്ന കപ്പലിനുവേണ്ടിയുള്ള 13ാമത് തിരച്ചിൽ ദൗത്യമാണ് ഫലപ്രാപ്തിയിലെത്തിയത്. പാപ്വന്യൂഗിനിയിലെ യോർക്ക് ദ്വീപിെല ഡ്യൂക്ക് തീരത്തുനിന്നാണ് കപ്പൽ കണ്ടെത്തിയത്.
1914 സെപ്റ്റംബർ 14നാണ് ആസ്ട്രേലിയ, ബ്രിട്ടൻ സ്വദേശികളായ 35 ജീവനക്കാരുമായി എച്ച്.എം.എ.എസ് എഇ വൺ കടലിെൻറ നിഗൂഢതയിലേക്ക് മറഞ്ഞത്. മൂന്ന് ഒാഫിസർമാരും 32 നാവികരുമായിരുന്നു ജീവനക്കാർ. ആസ്ട്രേലിയൻ നാവികസേനയുടെ കാണാതാവുന്ന ആദ്യ അന്തർവാഹിനിയാണിത്. ഒന്നാം ലോകയുദ്ധത്തിൽ നഷ്ടമാകുന്ന ആദ്യ അന്തർവാഹിനിയും ഇതുതന്നെയാണെന്നാണ് കരുതുന്നത്. ഡച്ച് തിരച്ചിൽ കപ്പലായ ഫുഗ്രോ ഇക്വേറ്റർ ആണ് കപ്പലിനെ കണ്ടെത്തിയത്. കപ്പലിനായി അനുസ്മരണച്ചടങ്ങും സംഘടിപ്പിച്ചു. ജീവനക്കാരുടെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമം നടത്തുകയാണ് സർക്കാർ. കപ്പൽ കണ്ടെത്താനായത് ജീവനക്കാരുടെ കുടുംബങ്ങൾക്ക് ആശ്വാസമേകുമെന്നും കപ്പൽ നഷ്ടപ്പെടാനിടയായ കാരണം കണ്ടെത്താനാകുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. സർക്കാറും സൈലൻറ്വേൾഡ് എന്ന സംഘടനയും ആസ്ട്രേലിയൻ നാഷനൽ മാരിടൈം മ്യൂസിയവുമാണ് തിരച്ചിലിന് പണം മുടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.