ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ കരട് ബ്രക്സിറ്റ് കരാറിൽ വിയോജിച്ച് നാലു മന്ത്രിമാർ രാജിവെച്ചു. ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ ബന്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരാറിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി. ബ്രക്സിറ്റ് സെക്രട്ടറി ഡൊമിനിക് റാബും തൊഴിൽ പെൻഷൻ സെക്രട്ടറി എസ്തർ മക്വെയുമാണ് രാജിവെച്ച കാബിനറ്റ് അംഗങ്ങൾ. ജൂനിയർ മന്ത്രിമാരായ ശൈലേശ് വാരയും സ്വാല്ല ബ്രാവർമാനും വ്യാഴാഴ്ച രാജിസമർപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മുന്നോട്ടുവെച്ച കരാറിനെ പിന്താങ്ങാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് റാബ് രാജി സമർപ്പിച്ചത്.
ഹിതപരിശോധനയുടെ ആത്മാവിന് യോജിക്കാത്തതാണ് കരാറെന്ന് എസ്തറും ആരോപിച്ചു. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ച കരാർ ബ്രിട്ടെൻറ പരമാധികാരത്തിന് വെല്ലുവിളിയാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ ഉറപ്പിെൻറ ലംഘനമാണെന്നും രാജിക്ക് ശേഷം റാബ് ട്വീറ്റിൽ കുറിച്ചു. കരാറിനെ എതിർക്കുന്ന കൂടുതൽ മന്ത്രിമാർ രാജിക്ക് സന്നദ്ധമാണെന്നും റിപ്പോർട്ടുണ്ട്. നിലവിലെ കരാർ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചയാളായ റാബ് അടക്കം മന്ത്രിസഭയിലെ പ്രമുഖ അംഗങ്ങളുടെ രാജിയോടെ മന്ത്രിസഭയിൽ അഭിപ്രായഭിന്നതയുള്ളതായി വെളിപ്പെട്ടിരിക്കയാണ്.
ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ മേക്ക് അനുകൂല തീരുമാനമാണുണ്ടായത്. അഞ്ചുമണിക്കൂർ നീണ്ട യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണ പ്രധാനമന്ത്രി നേടി. വ്യാഴാഴ്ച കരാറിെൻറ കരട് പാർലമെൻറിെൻറ മുന്നിൽ വെച്ചപ്പോൾ വിവിധ പാർട്ടികളിൽനിന്ന് എതിരഭിപ്രായങ്ങൾ ഉയർന്നതായാണ് റിപ്പോർട്ട്. മന്ത്രിസഭയുടെ അംഗീകാരം നേടിയ കരാരിന് പാർലമെൻറും അംഗീകാരം നൽകണമെന്ന് മേയ് ആവശ്യപ്പെട്ടു.
തെൻറ കരാർ അഗീകരിച്ചില്ലെങ്കിൽ ബ്രക്സിറ്റിൽ നിന്ന് പിൻമാറേണ്ടിവരുമെന്ന് മേയ് അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നേരത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടി കരട് കരാറിലെ വ്യവസ്ഥകളെ രൂക്ഷമായെതിർത്ത് രംഗത്തെത്തിയിരുന്നു. രാജ്യത്തെ അനിശ്ചിതത്വത്തിലാക്കുന്ന കരാറാണ് രണ്ടുവർഷം കൊണ്ട് സർക്കാറിന് തയാറാക്കാൻ കഴിഞ്ഞതെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പ്രതികരിച്ചു.
അതിനിടെ, ബ്രക്സിറ്റ് കരാറിൽ ഒപ്പുവെക്കുന്നതിന് ഇൗ മാസം 25ന് പ്രത്യേക യോഗം ചേരുമെന്ന് യൂറോപ്യൻ യൂനിയൻ പ്രസിഡൻറ് ഡോണൾഡ് ഡസ്ക് അറിയിച്ചു. 27 അംഗ രാജ്യങ്ങളുടെ പ്രതിനിധികൾ പെങ്കടുക്കുന്ന യോഗത്തിൽ അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കിൽ അന്തിമ കരാറിലെത്തുമെന്നും ഒപ്പുവെക്കുമെന്നും ഡസ്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.