ബെഗോട്ട: കൊളംബിയക്ക് ആദ്യ ഇടതുപക്ഷ പ്രസിഡന്‍റ്. പഴയ എം-19 എന്ന ഗറില്ല സംഘടനയിലെ വിമതനായിരുന്ന ഗ്വെസ്തവൊ പെട്രോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർത്ഥിയായ റൊഡോൾഫൊ ഹെർണാൺഡെസിനെതിരെ 50.47 ശതമാനം വോട്ട് നേടിയാണ് പെട്രൊ ജയിച്ചത്. ഹെർണാൺഡെസ് 47.27 ശതമാനം വോട്ട് നേടി. പ്രസിഡന്‍റ് പദവിയിലേക്കുള്ള പെട്രോയുടെ മൂന്നാമത്തെ മത്സരമായിരുന്നു.
ഇടത്പക്ഷത്തെ കാലങ്ങളായി അകറ്റിനിർത്തിയിരുന്ന കൊളംബൊയുടെ രാഷ്ട്രീയത്തിൽ ചരിത്രപരമായ നേട്ടമാണ് ഗ്വെസ്തവൊ പെട്രൊ നേടിയെടുത്തത്. "ഇത് ജനങ്ങൾക്ക് ആഘോഷിക്കാനുള്ള ദിനമാണ്," പെട്രൊ ട്വിറ്ററിൽ കുറിച്ചു.
എം-19 എന്ന ഗറില്ല സംഘടനയിലെ അംഗമായിരുന്നു 62കാരനായ പെട്രോ. സംഘടന പിന്നീട് എം-19 ഡെമോക്രാറ്റിക് അലയൻസ് എന്ന രാഷ്ട്രീയ പാർട്ടിയായി മാറി. 1985കളിൽ കൊളംബിയയിലെ രണ്ടാമത്തെ വലിയ ഗറില്ല സംഘടനയായിരുന്ന എം-19 ഇന്ന് നിലവിലില്ല. എം-19ൽ ഭാഗമായിരുന്നതിന് ഗ്വെസ്തവൊ പെട്രോ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കയിൽ ഏറ്റവും അടുത്തകാലത്ത് ഇടതുപക്ഷത്തിന് ലഭിക്കുന്ന വിജയമാണിത്.
വിലക്കയറ്റം, ആക്രമണങ്ങൾ, അസമത്വം എന്നിവക്കെതിരെ രാജ്യത്ത് പ്രതിഷേധം നടക്കുന്നതിനിടെയാണ് വലതുപക്ഷത്തിനും മധ്യപക്ഷത്തിനും തിരിച്ചടി നൽകിയ തെരഞ്ഞെടുപ്പ് ഫലം വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.