ബെയ്റൂത്ത്: ബുധനാഴ്ച ഇറാൻ തലസ്ഥാന നഗരത്തിൽ നടന്ന ആക്രമണത്തിൽ ഹമാസിന്റെ ഏറ്റവും മുതിർന്ന രാഷ്ട്രീയമേധാവി മിസൈൽ ആക്രമണത്തിൽ വധിക്കപ്പെടുക വഴി ഇസ്രായേൽ നൽകുന്നത് കൃത്യമായ മുന്നറിയിപ്പ്. പതിവുപോലെ ഇസ്രായേൽ ഉത്തരവാദിത്തമേറ്റെടുത്തില്ലെങ്കിലും മുമ്പ് നടന്ന പലതിലുമെന്നപോലെ ഈ സംഭവത്തിന് പിന്നിലും മറ്റാരുമല്ലെന്ന് ഏകദേശം ഉറപ്പാണ്. പ്രസിഡന്റ് ഇബ്രാഹിം റഈസി അതിർത്തി പ്രദേശത്ത് ഹെലികോപ്ടർ തകർന്ന് മരണത്തിന് കീഴടങ്ങിയ ഞെട്ടലിൽനിന്ന് രാജ്യമുണരുംമുമ്പാണ് രാജ്യ തലസ്ഥാനത്ത് നേരിട്ടുള്ള ആക്രമണത്തിൽ ഹമാസ് രാഷ്ട്രീയ മേധാവി വധിക്കപ്പെടുന്നത്. സ്വന്തം തലസ്ഥാനം പോലും സുരക്ഷിതമല്ലെന്നും എവിടെയും ആക്രമിക്കൽ തങ്ങൾക്ക് എളുപ്പമാണെന്നുമുള്ള അറിയിപ്പ് കൂടിയായി ഇസ്രായേൽ ഇതിനെ ലക്ഷ്യമിടുന്നുണ്ട്. അടുത്തിടെ, ഇസ്രായേലിലേക്ക് നടത്തിയ വൻമിസൈൽ, ഡ്രോൺ വർഷത്തിന് മറുപടിയായി ഇസ്ഫഹാനിൽ പ്രമുഖ ആണവ കേന്ദ്രത്തിന് സമീപത്തായിരുന്നു ഇസ്രായേൽ വൻ ആക്രമണം നടത്തിയത്. അതിനെ ഇസ്രായേൽ മാത്രമല്ല, പടിഞ്ഞാറൻ ശക്തികൾ പോലും ആഘോഷമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നെതന്യാഹു വധിക്കുമെന്ന് പ്രഖ്യാപിച്ച ഹനിയ്യ തെഹ്റാനിൽ സുരക്ഷിത കേന്ദ്രത്തിലിരിക്കെ ആക്രമിക്കപ്പെട്ടത്.
റഈസി കൊല്ലപ്പെട്ടതിന്റെ വിശദാംശങ്ങൾ ഏറെയൊന്നും പുറംലോകമറിഞ്ഞിട്ടില്ല. കൂടെ പറന്ന കോപ്ടറുകൾ സുരക്ഷിതമായി ഇറങ്ങുകയും റഈസിയുടേത് മാത്രം അപകടത്തിൽപെടുകയും ചെയ്യുകയായിരുന്നു. സമാനമായി, പ്രസിഡന്റ് മസ്ഊദ് പെസശ്കിയാന്റെ അധികാരാരോഹണ ചടങ്ങിൽ സംബന്ധിച്ച്, പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈയുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയതായിരുന്നു ഹനിയ്യ. താമസിക്കുന്ന മുറിയുൾപ്പെടെ കൃത്യമായ വിവരങ്ങൾ കൃത്യമായി ഇസ്രായേലിന് നൽകിയതാരാകുമെന്നതാണ് ഭരണനേതൃത്വത്തെ ശരിക്കും ഞെട്ടിക്കുന്നത്. തലസ്ഥാന നഗരത്തിൽ, അധികാര കേന്ദ്രങ്ങളിൽ ഇസ്രായേലിനുവേണ്ടി പണിയെടുക്കുന്ന ചാരന്മാർ സജീവമല്ലെങ്കിൽ ഇത് സാധ്യമാകില്ലെന്നുറപ്പ്.
ഇസ്രായേൽ വധിച്ച ഹമാസ് നേതാക്കൾ
1996 ജനുവരി: ഹമാസ് സൈനിക നേതാവ് യഹ്യ അയ്യാശ് ഗസ്സയിലെ ബൈത് ലാഹിയയിൽ കൊല്ലപ്പെട്ടു.
2004 മാർച്ച്: വീൽചെയറിൽ സഞ്ചരിക്കവെ ഗസ്സയിൽ ഹമാസ് ആത്മീയ നേതാവ് അഹ്മദ് യാസീൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
2004 ഏപ്രിൽ: അഹ്മദ് യാസീൻ കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞ് ഹമാസ് സഹസ്ഥാപകൻ അബ്ദുൽ അസീസ് റൻതീസിയും സമാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.
2010 ജനുവരി: ദുബൈയിലെ ഹോട്ടൽ മുറിയിൽ ഹമാസ് നേതാവ് മഹ്മൂദ് മബ്ഹൂഹ് കൊല്ലപ്പെട്ടു. വിനോദസഞ്ചാരികളെന്ന പേരിൽ എത്തിയായിരുന്നു മൊസാദ് ക്രൂരകൃത്യം നടത്തിയത്.
2012: ഹമാസ് സായുധ സേന മേധാവി അഹ്മദ് ജബരി കാറിൽ നീങ്ങവെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
2004 മാർച്ച്: ഹമാസ് ആത്മീയ നേതാവും സ്ഥാപകനുമായ ശൈഖ് അഹ്മദ് യാസീൻ ഗസ്സയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
2004 ഏപ്രിൽ: അഹ്മദ് യാസീന്റെ പിൻഗാമിയും സഹസ്ഥാപകനുമായ അബ്ദുൽ അസീസ് റൻതീസി ഗസ്സ സിറ്റിയിൽ മിസൈൽ ആക്രമണത്തിൽ വധിക്കപ്പെട്ടു.
2024 ജനുവരി: മുതിർന്ന ഹമാസ് നേതാവ് സാലിഹ് അറൂരി ബൈറൂതിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
2024 ജൂലൈ: ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മാഈൽ ഹനിയ്യ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വധിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.