മഡ്രിഡ്: രണ്ടാം ലോക യുദ്ധത്തിനുപിന്നാലെ രൂപപ്പെട്ട ശീതയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് ലോകം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് നാറ്റോ (നോർത്ത് അത്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) ഉച്ചകോടി. നാറ്റോയുടെ ഐക്യം കൂടുതൽ ഊട്ടിയുറപ്പിക്കേണ്ട സന്ദർഭമാണിതെന്നും അതിനായിരിക്കണം അംഗരാജ്യങ്ങൾ മുൻഗണന നൽകേണ്ടതെന്നും മഡ്രിഡിൽ തുടങ്ങിയ നാറ്റോ ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ സെക്രട്ടറി ജനറൽ യെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം യൂറോപ്പിന്റെ സമാധാനം കെടുത്തിയിരിക്കുന്നു. ഇതോടെ നാറ്റോ രാജ്യങ്ങളുടെ ശ്രദ്ധ മുഴുവൻ കിഴക്കൻ യൂറോപ്പിലാണ്. എന്നാൽ, യുക്രെയ്ൻ അധിനിവേശത്തിൽനിന്ന് റഷ്യ പിന്മാറുന്നില്ലെങ്കിൽ കൂടുതൽ സൈന്യത്തെ അയക്കാൻ നാറ്റോ നിർബന്ധിതമാവും. നിലവിലുള്ള 40,000ൽനിന്ന് സൈനികരുടെ എണ്ണം അടുത്ത വർഷമാവുമ്പോഴേക്കും മൂന്നു ലക്ഷമെങ്കിലുമാക്കി വർധിപ്പിക്കേണ്ടിവരും -സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി. നാറ്റോയുടെ ചരിത്രത്തിലെ സുപ്രധാന ഉച്ചകോടിയാണിത്. 10 വർഷത്തിലൊരിക്കൽ തയാറാക്കുന്ന സ്ട്രാറ്റജിക് കൺസപ്റ്റിന് ഉച്ചകോടിയിൽ രൂപം നൽകും. റഷ്യയെ ഒന്നാം നമ്പർ ശത്രുവായി ഉച്ചകോടിയിൽ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
കാലാവസ്ഥ വ്യതിയാനം, സൈബർ സുരക്ഷ, ചൈനയുടെ സാമ്പത്തിക-സൈനിക വളർച്ച തുടങ്ങിയ വിഷയങ്ങളെല്ലാം ഉച്ചകോടിയിൽ കടന്നുവരും. 28 യൂറോപ്യൻ രാജ്യങ്ങളും രണ്ടു ഉത്തര അമേരിക്കൻ രാജ്യങ്ങളുമടങ്ങുന്ന നാറ്റോയുടെ ഇത്തവണത്തെ ഉച്ചകോടിയിൽ ജപ്പാൻ, ആസ്ട്രേലിയ, ദക്ഷിണ കൊറിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളും അതിഥികളായി പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.