കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ പട്രോളിങ് നടത്തുന്ന യു.എസ് ഹെലികോപ്റ്ററിൽ നിന്നുള്ള കയറിൽ തൂങ്ങിയാടുന്ന ശരീരം. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ ആണിത്. താലിബാന്‍റെ ക്രൂരതയുടെ തെളിവായിട്ട് കാണ്ഡഹാറിൽ നിന്നുള്ള ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. തൂങ്ങിയാടുന്നത് മനുഷ്യ ശരീരം തന്നെയാണോ അതോ ഡമ്മിയാണോ ആരെയെങ്കിലും സുരക്ഷിതമായി താഴെ ഇറക്കുന്നതാണോ എന്നീ കാര്യങ്ങളിലൊന്നും വ്യക്തതയില്ല എന്ന രീതിയിലാണ് ഇതുസംബന്ധിച്ച വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതും.
کندهار تازه صورت حال pic.twitter.com/HM2CP2aZHg
— احمد صاحب (@haji52292547) August 30, 2021
അഫ്ഗാനിസ്താനിൽ നിന്ന് അമേരിക്കന്‍ സൈന്യം പൂർണമായും പിന്‍വാങ്ങുന്നതിന് തൊട്ടുമുമ്പ് യു.എസ് ഹെലികോപ്റ്ററുമായി കാണ്ഡഹാറില്‍ താലിബാന്‍ നടത്തിയ പട്രോളിങ്ങിന്‍റെ ദൃശ്യങ്ങള്‍ ഇസ്ലാമിക് എമിറേറ്റ്‌സ് അഫ്ഗാനിസ്താനിന്റെ ഔദ്യോഗിക ഇംഗ്ലീഷ് അക്കൗണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന താലിബ് ടൈംസിന്‍റെ ട്വിറ്റർ അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. 'നമ്മുടെ വ്യോമസേന! ഈ സമയം ഇസ്ലാമിക് എമിറേറ്റ്‌സിന്‍റെ വ്യോമസേന ഹെലികോപ്റ്ററുകള്‍ കാണ്ഡഹാര്‍ നഗരത്തിലൂടെ പട്രോളിങ്ങ് നടത്തുന്നു' എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. ലോകത്തെ വിറപ്പിക്കാൻ അമേരിക്കൻ സൈനികന്‍റെ മൃതദേഹം കെട്ടിത്തൂക്കി താലിബാൻ നടത്തിയ പട്രോളിങ് എന്ന നിലയിലാണ് ഈ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്.
എന്നാൽ, ഇതിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി 'ആൾട്ട് ന്യൂസ്' രംഗത്തെത്തിയിരിക്കുകയാണ്. കാണ്ഡഹാറിലെ ഗവർണേഴ്സ് ബിൽഡിങിന് മുകളിലെ കൊടിമരത്തിൽ പതാക സ്ഥാപിക്കുന്നതിന് വേണ്ടി ഒരാളെ കയറിൽ കെട്ടി ഇറക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇതെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാൻ ന്യൂസ് ഏജൻസിയായ 'അസ്വാക'യുടെ പ്രതിനിധികളുമായി ബന്ധപ്പെട്ട ശേഷമാണ് ഇത് സ്ഥിരീകരിച്ചതെന്നും 'ആൾട്ട് ന്യൂസ്' പറയുന്നു. 'ഞങ്ങളുടെ പ്രതിനിധി സംഘം അവിടെയുണ്ടായിരുന്നു. ഗവർണറുടെ കെട്ടിടത്തിന് മുകളിലെ കൊടിമരത്തിൽ പതാക സ്ഥാപിക്കാൻ താലിബാൻ ഒരാളെ ഹെലികോപ്റ്ററിൽ കെട്ടി ഇറക്കുകയായിരുന്നു എന്ന് അവർ സ്ഥിരീകരിച്ചിട്ടുണ്ട്'- 'അസ്വാക' പ്രതിനിധികൾ ഇങ്ങനെ പ്രതികരിച്ചതായി 'ആൾട്ട് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു.
یوه چورلکه د کندهار ولایت پر مقام لیدل کیږي، چي یو کس په ځوړند دی، تر اوسه مسولینو په دې اړه وضاحت نه دی ورکړی. pic.twitter.com/8xlWLgR5dh
— Sadiqullah Afghan (@SadiqullahAfgha) August 30, 2021
100 മീറ്റർ ഉയരമുള്ള കൊടിമരത്തിൽ പതാക സ്ഥാപിക്കാൻ ഒരാളെ കെട്ടിയിറക്കുന്ന ദൃശ്യമാണിതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ പ്രാദേശിക മാധ്യമപ്രവർത്തകനായ സാദിഖുള്ള അഫ്ഗാൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആ ഹെലികോപ്റ്റർ പറത്തിയ പൈലറ്റുമായി ബന്ധപ്പെട്ടെന്നും താലിബാൻ പതാക സ്ഥാപിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് അദ്ദേഹം സ്ഥിരീകരിച്ചെന്നും മറ്റൊരു മാധ്യമപ്രവർത്തകനായ ബിലാൽ സർവാരി ട്വീറ്റ്ചെയ്യുന്നു. പതാക സ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. വീഡിയോകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഹെലികോപ്റ്ററിൽ തൂങ്ങിക്കിടക്കുന്നയാളുടെ ദേഹത്ത് കയർ കൊണ്ട് സുരക്ഷിതമായി ബന്ധിച്ചത് കണ്ടെത്താനായെന്നും 'ആൾട്ട് ന്യൂസ്' പറയുന്നു.
റിപ്പബ്ലിക്കന്‍ സെനറ്ററായ ടെഡ് ക്രൂസ് ജോ ബൈഡനെ വിമർശിക്കാൻ ഈ വീഡിയോ ഉപയോഗിച്ചിരുന്നു. 'ജോ ബൈഡന്‍റെ അഫ്ഗാനിസ്താന്‍ മഹാവിപത്തിന്‍റെ ആകെത്തുകയാണ് ഈ ദൃശ്യം. താലിബാന്‍ ഒരാളെ അമേരിക്കന്‍ ബ്ലാക്ക് ഹ്വാക്ക് ഹെലികോപ്റ്ററില്‍ നിന്ന് താഴേക്ക് തൂക്കിയിട്ടിരിക്കുകയാണ്. തീർത്തും ദുരന്തം, ചിന്തിക്കാന്‍ പോലും സാധിക്കാത്തത്'- എന്നാണ് ക്രൂസ് കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.