തെൽഅവീവ്: വെടിനിർത്തൽ കരാറിന് ഹമാസ് പച്ചക്കൊടികാണിച്ചിട്ടും ഉടക്കുമായി നെതന്യാഹു രംഗത്തുവന്ന സാഹചര്യത്തിൽ ഗസ്സയിൽ ബന്ദിയായ ഇസ്രായേൽ സൈനികയുടെ വിഡിയോ പുറത്തുവിട്ട് കുടുംബം. ഒക്ടോബർ ഏഴിന് ഹമാസ് പിടികൂടിയ ഡാനിയേല ഗിൽബോവ എന്ന സൈനികയുടെ വിഡിയോ ആണ് മാധ്യമങ്ങളിലൂടെ കുടുംബം പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഹമാസ് ഇവരുടെ വിഡിയോ കൈമാറിയത്. പക്ഷേ, വിഡിയോ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾക്ക് കുടുംബം അനുമതി നലകിയിരുന്നില്ല. എന്നാൽ, വെടിനിർത്തൽ-ബന്ദിമോചന കരാർ ഇസ്രായേൽ സർക്കാറിന്റെ കടുംപിടിത്തം കാരണം വീണ്ടും വഴിമുട്ടുമെന്ന സാഹചര്യം വന്നപ്പോഴാണ് മാധ്യമങ്ങളിലൂടെ വിഡിയോ പുറത്തുവിടാൻ കുടുംബം തീരുമാനിച്ചത്.
തങ്ങൾ താമസിക്കുന്നതിന്റെ ചുറ്റും 24 മണിക്കൂറും നിങ്ങളുടെ ബോംബാക്രമണം നടക്കുകയാണെന്നും ജീവനിൽ ഭയമുണ്ടെന്നും ഡാനിയേല ഗിൽബോവ വിഡിയോയിൽ പറയുന്നു. ‘എല്ലാ ദിവസവും 24 മണിക്കൂറും ചുറ്റും ബോംബാക്രമണവും വെടിവെപ്പുമാണ്. എൻ്റെ ജീവനെക്കുറിച്ച് വളരെയേറെ ഭയമുണ്ട്. നിങ്ങളുടെ ബോംബുകളിൽനിന്ന് ഒരിക്കൽ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്’ -അവർ പറഞ്ഞു.
“ഒക്‌ടോബർ ഏഴിന് ഞാൻ കിടന്നുറങ്ങവേ തട്ടിക്കൊണ്ടുപോയപ്പോൾ നിങ്ങൾ (ഇസ്രായേൽ സുരക്ഷാസംവിധാനം) എന്തെടുക്കുകയായിരുന്നു? ഇപ്പോൾ എവിടെയാണ് നിങ്ങൾ?. ഒരു സൈനിക ഉദ്യോഗസ്ഥയായിട്ടും എന്നെ എന്തിനാണ് ഉപേക്ഷിക്കുന്നത്. പ്രിയപ്പെട്ട സർക്കാർ, നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുക. ഞങ്ങളെ ജീവനോടെ വീട്ടിലേക്ക് എത്തിക്കുക” -വിഡിയോ സന്ദേശത്തിൽ പറയുന്നു. താൻ കുടുംബത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും ഡാനിയേല ഗിൽബോവ പറഞ്ഞു.
ബന്ദിമോചന-വെടിനിർത്തൽ കരാറിന് വേണ്ടി വീണ്ടും ചർച്ചകൾ നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് വിഡിയോ ക്ലിപ്പ് പ്രസിദ്ധീകരിക്കുന്നതിന് അനുമതി നൽകാൻ കുടുംബം തീരുമാനിച്ചതെന്ന് ഡാനിയേലയുടെ അമ്മ ഓർലി ഗിൽബോവ പറഞ്ഞു.
אות החיים האחרון של החטופה דניאלה גלבוע - סרטון של חמאס מהיום ה-107 למלחמה | מפורסם באישור המשפחה@NOFARMOS pic.twitter.com/zV1F0hpaYU
— כאן חדשות (@kann_news) July 9, 2024
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.