ദോഹ: അർജന്റീന-ഫ്രാൻസ് ലോകകപ്പ് ഫൈനലിന് മുമ്പ് ലോക സമാധാനത്തിന് വേണ്ടിയുളള തന്റെ സന്ദേശം പങ്കുവെയ്ക്കണമെന്ന യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയുടെ അഭ്യർഥന തളളി ഫിഫ. ഫൈനലിന് മുന്നോടിയായി ലുസൈൽ സ്റ്റേഡിയത്തിൽ തന്റെ വീഡിയോ സന്ദേശം പങ്കുവെക്കണമെന്നായിരുന്നു സെലൻസ്കിയുടെ ആവശ്യം.
രാജ്യന്തര സമ്മേളനങ്ങളിലും മേളകളിലും ലോകവേദികളിലും സമാധാനത്തിനും സഹായത്തിനുമായി സെലൻസ്കി അഭ്യർഥന നടത്താറുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ലോകകപ്പ് വേദിയിലും സന്ദേശം നൽകാൻ യുക്രെയ്ൻ തീരുമാനിച്ചത്. കാന്‍ ഫിലിം ഫെസ്റ്റിവല്‍, ഗ്രാമി അവാര്‍ഡ്, ഇസ്രായേല്‍ പാര്‍ലമെന്റ്, ജി 20 ഉച്ചകോടി എന്നിവിടങ്ങളിലെല്ലാം സെലന്‍സ്‌കി ഇത്തരത്തില്‍ അഭ്യര്‍ഥന നടത്തിയിരുന്നു.
സെലൻസ്കിയുടെ അഭ്യർഥനയുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് ഗവേണിങ് ബോഡിയും യുക്രെയ്ന്‍ ഭരണകൂടവും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ലോകകപ്പിനെ രാഷ്ട്രീയ വിദ്വേഷം തീർക്കാനുള്ള വേദിയാക്കാനാവില്ല എന്നാണ് ഫിഫയുടെ നേരത്തേയുള്ള നിലപാട്. സ്വവർഗാനുരാഗികൾക്ക് അനുകൂലമായ ആംബാൻഡ് ധരിക്കുന്നതിൽ നിന്ന് ഫിഫ കളിക്കാരെ വിലക്കുകയും ചെയ്തിരുന്നു.
യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യയെ ഇത്തവണ ലോകകപ്പിൽ നിന്ന് വിലക്കിയിരുന്നു. കഴിഞ്ഞ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നത് റഷ്യയായിരുന്നു. ഇന്ത്യൻ സമയം ഞായറാഴ്ച്ച രാത്രി 8.30ന് ലുസൈൽ സ്റ്റേഡിയത്തിലാണ് അർജന്റീന-ഫ്രാൻസ് മത്സരം അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.