ജിദ്ദ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്ന ‘ഒാപറേഷൻ കാവേരി’ക്ക് നേതൃത്വം നൽകുന്നതിനായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജിദ്ദയിലെത്തി. ചൊവ്വാഴ്ച ഉച്ചക്കാണ് ജിദ്ദയിൽ വിമാനമിറങ്ങിയത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് വരവ്. സുഡാനിൽ നിന്ന് ജിദ്ദ വഴിയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇതിനുള്ള വിമാനങ്ങളും കപ്പലുകളും നേരത്തെ ജിദ്ദയിലെത്തിച്ചിട്ടുണ്ട്. ആളുകൾക്ക് വേണ്ട താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.
അതെ സമയം സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ഒാപറേഷൻ കാവേരിക്ക് കീഴിൽ ജിദ്ദയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പോർട്ട് സുഡാനിൽ നിന്ന് െഎ.എൻ.എസ് സുമേധ കപ്പലിൽ 278 പേരാണ് ജിദ്ദയിലേക്ക് വരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ജിദ്ദയിൽ എത്തിച്ചേരും. ഇവരിൽ 16 മലയാളികളുണ്ട്. ഇവർക്കെല്ലാം ജിദ്ദയിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. മലയാളികൾക്ക് പുറമെ, തമിഴ്നാട്, ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഈ കപ്പലിൽ ഉണ്ട്.
3,000-ഓളം ഇന്ത്യക്കാരാണ് സുഡാനിലുള്ളതെന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷവും തലസ്ഥാനമായ ഖാർത്തൂമിലാണ്. ഇതിൽ 800 പേരെയാണ് ആദ്യ ഘട്ടത്തിൽ ഒഴിപ്പിക്കുന്നത്. മുഴുവൻ ഇന്ത്യക്കാരെ എത്രയും വേഗം സുഡാനിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ജിദ്ദയിലെത്തുന്നവരെ യഥാസമയം ഇന്ത്യയിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മന്ത്രി വി. മുരളീധരൻ നേരിട്ട് നേതൃത്വം നൽകും. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ഇന്ത്യൻ വിദേശകാര്യമന്ത്രാലത്തിെൻറയും സൗദി അധികൃതരുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. റിയാദിലെ ഇന്ത്യൻ എംബസിയിൽനിന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. രാംപ്രസാദിെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം ജിദ്ദയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.