ബൈറൂത്ത്: ലബനാനിൽ മനുഷ്യക്കുരുതിക്ക് ഇറങ്ങിയ അഞ്ച് ഇസ്രായേൽ അധിനിവേശ സേനാംഗങ്ങളെ കൂടി ഹിസ്ബുല്ല വധിച്ചു. ഇന്നലെ രാത്രി തെക്കൻ ലബനാനിൽ നടന്ന ഏറ്റുമുട്ടലിലാണ് അഞ്ച് റിസർവ് സൈനികർ കൊല്ലപ്പെട്ടത്. 19 സൈനികർക്ക് പരിക്കേറ്റതായും ഐ.ഡി.എഫ് (ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്) അറിയിച്ചു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡർ മേജർ ഡാൻ മവോരി, ക്യാപ്റ്റൻ അലോൺ സഫ്രായ്, വാറൻറ് ഓഫിസർ ഒമ്രി ലോട്ടൻ, വാറൻറ് ഓഫിസർ ഗയ് ഇഡാൻ, മാസ്റ്റർ സാർജൻറ് ടോം സെഗൽ എന്നിവരാണ് കൊല്ലപ്പെട്ടത്. എട്ടാമത് ആംഡ് ബ്രിഗേഡിന്റെ 89ാം ബറ്റാലിയൻ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച തെക്കൻ ലബനാനിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ നാലു പേർ 22 മുതൽ 42 വയസ്സ് വരെ പ്രായമുള്ള റിസർവിസ്റ്റുകളാണ്. ഇന്ന് രാവിലെയും തെക്കൻ ലെബനനിൽ നടന്ന ഏറ്റുമുട്ടലിനിടെ രണ്ട് റിസർവിസ്റ്റ് സൈനികർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഗുരുതര പരിക്കേറ്റ ആറ് സൈനികരെ ഇസ്രായേലിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഐഡിഎഫ് അറിയിച്ചു.
ലബനാനിൽ കരയുദ്ധം ആരംഭിച്ചതുമുതൽ കടുത്ത തിരിച്ചടിയാണ് ഇസ്രായേൽ സേന നേരിടുന്നത്. തങ്ങളുടെ പോരാളികൾ 70-ലധികം ഇസ്രായേൽ സൈനികരെ വധിച്ചതായി ബുധനാഴ്ച ഹിസ്ബുല്ല അറിയിച്ചിരുന്നു. വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ല ആക്രമണത്തിൽ 30 ഓളം സൈനികരും കരയുദ്ധം ആരംഭിച്ച ശേഷം ലബനാനിൽ 20 ഓളം സൈനികരും കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. ഒക്‌ടോബർ 7 ന് ശേഷം മൊത്തം 757 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായാണ് ഐ.ഡി.എഫ് പറയുന്നത്.
കഴിഞ്ഞ ദിവസം മുതിർന്ന ഇസ്രായേൽ സൈനിക കമാൻഡർ കേണൽ ഇഹ്സാൻ ദക്സ ഗസ്സയിൽ കൊല്ലപ്പെട്ടിരുന്നു. 401ാം ബ്രിഗേഡ് കമാൻഡറായ അഹ്സൻ ദക്സ ജബാലിയയിലെ അഭയാർഥി ക്യാമ്പിന് സമീപം ടാങ്കിൽനിന്ന് പുറത്തിറങ്ങിയപ്പോൾ സ്ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു. ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടതിൽ ഏറ്റവും മുതിർന്ന സൈനികോദ്യോഗസ്ഥനാണ് ഇഹ്സാൻ ദക്സ. ഈ വർഷം ജൂണിലാണ് ദക്സ 401ാം ബ്രിഗേഡ് കമാൻഡറായത്. 2006ലെ രണ്ടാം ലബനാൻ യുദ്ധത്തിലും പങ്കെടുത്തിരുന്നു. ഗസ്സയിൽ ഏറ്റവും ക്രൂരമായ ഓപറേഷനുകൾക്ക് നേതൃത്വം നൽകിയത് ദക്സയുടെ നേതൃത്വത്തിൽ 401ാം ബ്രിഗേഡാണ്. ദക്സയുടെ മരണം ഇസ്രായേലിന് തീരാനഷ്ടമാണെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.