മൂന്നുമാസമായി പ്രളയം; 50 വർഷം പിറകോട്ടുപോയതായി പാക് കർഷകർ

ഇസ്‍ലാമാബാദ്: പ്രളയം തങ്ങളെ 50 വർഷം പിറകോട്ടടിപ്പിച്ചതായി പാകിസ്താനിലെ കർഷകർ. പ്രളയം സൃഷ്ടിച്ച നഷ്ടത്തിന്റെ കണക്കെടുപ്പ് പോലും പൂർത്തിയാക്കാൻ കഴിയാത്ത വിധമാണ് ദുരിതം. മൂന്നുമാസമായി നിലക്കാതെ പെയ്യുന്ന മഴ മൂലം രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിലാണ്.

റെക്കോഡ് മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം 3.3 കോടിയിലേറെ ജനങ്ങളെയാണ് ബാധിച്ചത്. ശനിയാഴ്ച 25 കുട്ടികളടക്കം 57 മരണം റിപ്പോർട്ട് ചെയ്തു. വെള്ളം ഇറങ്ങാത്തതിനാൽ അടുത്തൊന്നും കൃഷിയിറക്കാനും കഴിയാത്ത അനിശ്ചിതത്വം തുടരുകയാണ്. ഒരുമാസത്തിനകം വെള്ളം ഇറങ്ങിയില്ലെങ്കിൽ ശൈത്യകാല കൃഷിയും മുടങ്ങും.

2500 ഏക്കറിൽ പരുത്തി, കരിമ്പ് കൃഷി ചെയ്ത അഷ്റഫ് അലി ഭാൻബ്രോ എന്ന കർഷകൻ പറയുന്നത് തങ്ങൾ 50 വർഷം പിറകോട്ടുപോയി എന്നാണ്. വൻകിട കർഷകനായ ഇദ്ദേഹത്തിന് മാത്രം 12 ലക്ഷം ഡോളറാണ് നഷ്ടം. ചെറുകിട, ഇടത്തരം കർഷകരും ദുരിതത്തിലാണ്. വീടും കൃഷിയും അടക്കം അവർക്കുള്ളതെല്ലാം നഷ്ടപ്പെട്ടു. രണ്ടേകാൽ ലക്ഷം വീട് തടർന്നു. നൂറുകണക്കിന് പാലങ്ങളും റോഡുകളും കെട്ടിടങ്ങളും ഒലിച്ചുപോയി.

വർഷങ്ങളായി ഗോതമ്പ് സ്വയംപര്യാപ്തമായിരുന്ന പാകിസ്താൻ ഇറക്കുമതിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. കയറ്റുമതി പ്രതിസന്ധിയിലായതും വിദേശ കടവും രാജ്യത്തെ ഞെരുക്കുകയാണ്. കർഷകത്തൊഴിലാളികളും പട്ടിണിമുഖത്താണ്. ഒന്നും ബാക്കിയെടുക്കാനില്ലാത്ത വിധം കൃഷിനശിച്ച് തങ്ങൾ നിസ്സഹായതയിലാണെന്ന് സഈദ് ബലൂചിയെന്ന കർഷകൻ പ്രതികരിച്ചു.

Tags:    
News Summary - Flood for three months; Pakistani farmers say they have gone back 50 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.