ഓരോ ഫലസ്തീനിയെ വിട്ടയക്കുമ്പോഴും ഇസ്രായേൽ മറ്റൊരാളെ തടവിലാക്കുന്നു; അന്താരാഷ്ട്ര മര്യാദകൾക്ക് പുല്ലുവില

റാമല്ല: ബന്ദികളെ മോചിപ്പിക്കുന്ന കരാറിന്റെ ഭാഗമായി ഒരുവശത്ത് ഫലസ്തീനി തടവുകാരെ വിട്ടയക്കുന്ന ഇസ്രായേൽ അധിനിവേശ സർക്കാർ മറുവശത്ത് അത്രയും പേരെ വീണ്ടും അറസ്റ്റ് ചെയ്യുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഡസൻ കണക്കിന് ഫലസ്തീനികളെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്.

ഇസ്രായേലും ഹമാസും തമ്മിൽ വെള്ളിയാഴ്ച ആരംഭിച്ച വെടിനിർത്തൽ നാലുനാൾ പിന്നിട്ടപ്പോൾ 117 കുട്ടികളും 33 സ്ത്രീകളും ഉൾപ്പെടെ 150 ഫലസ്തീൻ തടവുകാരെയാണ് ഇസ്രായേൽ മോചിപ്പിച്ചത്. എന്നാൽ, ഈ ദിവസങ്ങളിൽ തന്നെ കിഴക്കൻ ജറുസലേമിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നുമായി കുറഞ്ഞത് 133 ഫലസ്തീനികളെയാണ് ഇസ്രായേൽ അറസ്റ്റ് ചെയ്തതെന്ന് ഫലസ്തീൻ തടവുകാരുടെ അവകാശങ്ങൾ ലക്ഷ്യമിട്ട് രൂപവത്കരിച്ച സംഘടന അറിയിച്ചു.


“അധിനിവേശം നിലനിൽക്കുന്ന കാലത്തോളം അറസ്റ്റുകൾ അവസാനിക്കില്ല. ജനങ്ങൾ ഇത് മനസ്സിലാക്കണം. എല്ലാതരത്തിലുള്ള ചെറുത്തുനിൽപ്പിനെ ഇല്ലാതാക്കാനുള്ള അധിനിവേശത്തിന്റെ അടിസ്ഥാന നയമാണിത്” -ഫലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റി വക്താവ് അമാനി അൽ ജസീറയോട് പറഞ്ഞു. “ഇത് (ഫലസ്തീനികളെ അനധികൃതമായി പിടിച്ചുകൊണ്ടുപോകുന്നത്) ഒക്ടോബർ 7 ന് ശേഷം മാത്രം സംഭവിക്കുന്നതല്ല. ഇത് എന്നും നടക്കുന്ന പതിവ് കാര്യമാണ്. ഇക്കഴിഞ്ഞ നാല് ദിവസം ഇതിൽ കൂടുതൽ ആളുകൾ അറസ്റ്റിലാകുമെന്നായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചത്’ -അവർ കൂട്ടിച്ചേർത്തു.

ഗസ്സ മുനമ്പിൽ 51 ദിവസത്തെ നിരന്തരമായ ഇസ്രായേൽ ബോംബാക്രമണത്തിൽ 15,000ത്തിലധികം ഫലസ്തീനികളെയാണ് ഇസ്രായേൽ ഇതുവരെ കൊലപ്പെടുത്തിയത്. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. തുടർന്നാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്.

ഇസ്രായേലിന്റെ 56 വർഷത്തെ സൈനിക അധിനിവേശത്തിന് കീഴിൽ വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ഫലസ്തീൻ വംശജരുടെ വീടുകളിൽ രാത്രികാല തെരച്ചിൽ പതിവാണ്. 15 മുതൽ 20 വരെ ആളുകളെ ദിവസവും പിടിച്ചുകൊണ്ടുപോയിരുന്നു.


ഒക്‌ടോബർ ഏഴിനു മുമ്പ് 5,200 ഫലസ്തീനികളായിരുന്നു ഇസ്രായേൽ തടവറയിൽ ഉണ്ടായിരുന്നത്. ഒക്ടോബർ ഏഴിന് ശേഷം എണ്ണം 10,000 ലേക്ക് ഉയർന്നു. ഇതിൽ, ഇസ്രായേലിൽ ജോലി ചെയ്തിരുന്ന ഗസ്സക്കാരായ 4,000 തൊഴിലാളികളെ പിന്നീട് വിട്ടയച്ചെങ്കിലും മറ്റുള്ളവരുടെ അറസ്റ്റ് നിറബാധം തുടർന്നു.

ഒക്‌ടോബർ 7 മുതൽ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി 3,290 പേരെയാണ് അറസ്റ്റ് ചെയ്തത്.

മോചിപ്പിച്ചവരെ വീണ്ടും തടവറയിലടക്കുന്നു

വെടിനിർത്തൽ ആരംഭിച്ചതുമുതൽ മോചിതരായ തടവുകാരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു വെസ്റ്റ്ബാങ്കിലെ തെരുവുകൾ. എന്നാൽ, മോചിതരായവർക്ക് ഏറെയൊന്നും ആശ്വസിക്കാൻ വകയില്ലെന്നാണ് ഫലസ്തീൻ തടവുകാരുടെ മുൻ അനുഭവങ്ങൾ വ്യക്തമാക്കുന്നത്. നേരത്തെ മോചിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗം ​പേ​രെയും ഇസ്രായേൽ സൈന്യം തുടർന്നുള്ള ദിവസങ്ങളിലും വർഷങ്ങളിലും വീണ്ടും അറസ്റ്റുചെയ്യുകയാണ് പതിവ്. മോചിപ്പിക്കപ്പെട്ടവരെ തിരികെ പിടിക്കില്ലെന്ന് ഇസ്രയേൽ എന്തെങ്കിലും ഉറപ്പ് നൽകിയിട്ടുണ്ടോയെന്ന് ഇതുവരെ വ്യക്തമല്ലെന്ന് അമാനി പറഞ്ഞു.

"ഇവർ (വിട്ടയക്കപ്പെട്ടവർ) ഏത് സമയത്തും വീണ്ടും പിടിക്കപ്പെടാൻ സാധ്യതയുണ്ട്. മോചിതരായ ആളുകളെ അധിനിവേശ സേന വീണ്ടും അറസ്റ്റ് ചെയ്യുന്നു. ഇപ്പോൾ തടവിലാക്കപ്പെട്ടവരിൽ ഭൂരിഭാഗവും മോചിതരായ തടവുകാരാണ് എന്നത് തന്നെയാണ് ഇതിന്റെ തെളിവ്” -അവർ പറഞ്ഞു.

Tags:    
News Summary - For every Palestinian prisoner released, another Palestinian is detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.