ജറൂസലം: ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് തടവിലാക്കിയ ബന്ദികളിൽ നാലുപേർകൂടി മരിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഇവരിൽ വയോധികരായ മൂന്നുപേർ നേരത്തെ ഹമാസ് പുറത്തുവിട്ട വിഡിയോയിൽ മോചനാഭ്യർഥന നടത്തിയവരാണ്.
ബന്ദികളുടെ മോചനത്തിനായി ഇസ്രായേലിൽ പ്രതിഷേധ പരിപാടികൾ തുടരുന്നതിനിടെയാണ് നാലുപേരുടെ മരണം റിപ്പോർട്ട് ചെയ്തത്. അതേസമയം, ബന്ദികളുടെ മോചനം ഉൾപ്പെടെ ഗസ്സയിൽ വെടിനിർത്തലിന് നീക്കങ്ങൾ പുരോഗമിക്കുകയാണെങ്കിലും പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വഴങ്ങിയിട്ടില്ല. നിലവിൽ ഗസ്സയിൽ ഇപ്പോഴും 80ഓളം ബന്ദികളുണ്ടെന്നാണ് കരുതുന്നത്. നവംബറിൽ ഒരാഴ്ച നീണ്ടുനിന്ന ബന്ദികളെ കൈമാറലിൽ നൂറോളം പേരെ ഹമാസ് മോചിപ്പിച്ചിരുന്നു. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനിടെ കാണാതായ ഇസ്രായേലി യുവാവ് മരിച്ചതായി കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.
എട്ടു മാസമായി ഇയാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങൾ പരിശോധിച്ചപ്പോഴാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഇയാളെ ഹമാസ് ബന്ദിയാക്കിയെന്നായിരുന്നു പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.