നാലു ഐ.ഡി.എഫ് സൈനികരെ വധിച്ച് ഹമാസ്; വടക്കൻ ഗസ്സയിൽ ഇസ്രായേലിന്‍റെ കൂട്ടക്കുരുതി

ജറൂസലം: വടക്കൻ ഗസ്സയിലെ ജബലിയയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ നാലു സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്). കെട്ടിടത്തിനുള്ളിൽ പരിശോധന നടത്തുന്നതിനിടെ സ്ഫോടനത്തിലാണ് മൾട്ടിഡൈമൻഷനൽ യൂനിറ്റിലെ സൈനികർ കൊല്ലപ്പെട്ടത്.

ക്യാപ്റ്റൻ യെഹോനാഥൻ കെരെൻ (22), സ്റ്റാഫ് സെർജന്‍റ് നിസിം മിത്തൽ (20), അവീവ് ഗിൽബാവോ (21), നോവർ ഹെയ്മോവ് (22) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സൈനികരുടെ മരണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അനുശോചിച്ചു. അതേസമയം, വടക്കൻ ഗസ്സയിൽ സാധാരണക്കാരെയും കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള കൂട്ടക്കുരുതി ഇസ്രായേൽ തുടരുകയാണ്. ബയ്ത് ലാഹിയയിൽ 200ലേറെ അഭയാർഥികൾ തിങ്ങിക്കഴിഞ്ഞ അഞ്ചുനില കെട്ടിടം ബോംബിട്ടുതകർത്തു. ആക്രമണത്തിൽ 109 പേരുടെ മരണം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ 20 കുട്ടികളുമുണ്ട്. നിരവധി പേരെ കുറിച്ച് വിവരങ്ങളില്ല. പരിക്കേറ്റ 100ലേറെ പേരെ കമാൽ അദ്‍വാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദിവസങ്ങൾക്കുമുമ്പ് ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫിനെയുമടക്കം ഇസ്രായേൽ പിടിച്ചുകൊണ്ടുപോയതിനാൽ അടിയന്തര ശസ്ത്രക്രിയ പോലും നടത്താനാകാത്ത സ്ഥിതിയാണെന്ന് ആശുപത്രി ഡയറക്ടർ ഡോ. ഹുസാൻ അബൂസഫിയ അറിയിച്ചു. ഗസ്സയിൽ ചൊവ്വാഴ്ച നടന്ന ആക്രമണങ്ങളിൽ ഇതുൾപ്പെടെ 110ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. തെക്കൻ ലബനാനിലും ആക്രമണം കടുപ്പിച്ചു. കൂടുതൽ മേഖലകളിലേക്ക് ഇസ്രായേൽ ടാങ്കുകൾ കടന്നുകയറി.

അതിർത്തിയിൽനിന്ന് ആറുകിലോമീറ്റർ ഉള്ളിൽ തെക്കൻ മേഖലയിലെ ഖിയാമിലാണ് പുതിയ ആക്രമണം. ത്വെയ്ർ ഹർഫ, ഖസ്റുൽ അഹ്മർ, ജബൽ ബത്മ്, സെബ്ഖിൻ തുടങ്ങി നിരവധി ഗ്രാമങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാനും ഇസ്രായേൽ ഉത്തരവിട്ടിട്ടുണ്ട്.

Tags:    
News Summary - Four soldiers killed, officer seriously wounded in northern Gaza fighting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.