കിയവിലെത്തിയ ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ, റുമേനിയൻ നേതാക്കൾ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിക്കൊപ്പം വാർത്ത സമ്മേളനത്തിനായി എത്തുന്നു

യുക്രെയ്ന് പിന്തുണയുമായി ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ നേതാക്കൾ കിയവിൽ

കിയവ്: റഷ്യ കൂടുതൽ പിടിമുറുക്കുന്നതിനിടെ യുക്രെയ്ന് പിന്തുണ അറിയിച്ച് ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ നേതാക്കൾ കിയവിലെത്തി. ജർമൻ ചാൻസലർ ഒലഫ് ഷുൾസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി എന്നിവരാണ് പോളണ്ടിൽനിന്ന് ട്രെയിൻ മാർഗം വ്യാഴാഴ്ച പുലർച്ചയോടെ അതിർത്തി കടന്നത്. റുമേനിയൻ പ്രസിഡന്റ് ക്ലോസ് ലൊഹാനിസും ഇവരോടൊപ്പം ചേർന്നിട്ടുണ്ട്.

റഷ്യ ആക്രമണം ശക്തമാക്കിയിട്ടും ആയുധങ്ങൾ വേണ്ടത്ര ലഭിക്കാത്തത് ചെറുത്തുനിൽപ് അപകടത്തിലാക്കുന്നുവെന്ന പരിഭവങ്ങൾക്കിടെയാണ് സന്ദർശനം. ആയുധങ്ങൾ എത്തിക്കുന്നതിൽ ജർമനിയാണ് ഏറ്റവും പിറകിലെന്ന് യുക്രെയ്ൻ കുറ്റപ്പെടുത്തുന്നു. സന്ദർശനത്തിനു പിറകെ അടിയന്തരമായി ജർമനി കൂടുതൽ ആയുധങ്ങൾ കൈമാറുമെന്ന് സൂചനയുണ്ട്. അടുത്തയാഴ്ച ചേരുന്ന നാറ്റോ യോഗം യുക്രെയ്നിന് അംഗത്വം നൽകുന്നത് സംബന്ധിച്ചും തീരുമാനമെടുക്കും. അംഗത്വം വൈകുമെന്ന് നേരത്തേ ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ അഭിപ്രായപ്പെട്ടിരുന്നു. മൂന്നു പേരും ആദ്യമായാണ് യുദ്ധമേഖലയിലെത്തുന്നത്. ഈ രാജ്യങ്ങളുടെ സഹകരണക്കുറവിനെതിരെ യുക്രെയ്ൻ ഉന്നയിച്ച കടുത്ത വിമർശനം തണുപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് സന്ദർശനം.

റഷ്യൻ മിസൈലുകൾ നാശം വിതക്കുന്നത് തുടരുന്ന കിയവിൽ കഴിഞ്ഞ ദിവസവും ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏതുനിമിഷവും ആക്രമണം പ്രതീക്ഷിക്കുന്നതിനിടെയാണ് നേതൃസംഘത്തിന്റെ സന്ദർശനം. നഗരത്തിൽ ഏറ്റവും കൂടുതൽ റഷ്യ ആക്രമണം നടത്തിയ പ്രദേശങ്ങളിലൊന്നായ ഇർപിനിൽ ഇവർ സന്ദർശനം നടത്തി.

അതേസമയം, റഷ്യയുമായി സമാധാന കരാറിൽ ഒപ്പുവെക്കാൻ നേതാക്കൾ യുക്രെയ്നിനെ പ്രേരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. മൂന്നു രാജ്യങ്ങളും യുക്രെയ്നിന് പിന്തുണ അറിയിക്കുന്നുണ്ടെങ്കിലും സമാധാന കരാർ നിർദേശങ്ങൾക്ക് ഇവർ രൂപം നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ, തങ്ങൾക്ക് സമാധാന കരാറല്ല കൂടുതൽ ആയുധങ്ങളാണ് വേണ്ടതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറയുന്നു.

യുക്രെയ്ന് 100 കോടി ഡോളറിന്റെ യു.എസ് ആയുധങ്ങൾ

വാഷിങ്ടൺ: യുക്രെയ്ന് വീണ്ടും വൻ ആയുധക്കൈമാറ്റത്തിനൊരുങ്ങി യു.എസ്. 100 കോടി ഡോളറി (7,800 കോടി രൂപ)ന്റെ പുതിയ ആയുധങ്ങൾകൂടി നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. കപ്പലിൽനിന്നുള്ള ആക്രമണങ്ങൾക്കെതിരായ പ്രതിരോധ സംവിധാനങ്ങൾ, അത്യാധുനിക റോക്കറ്റുകൾ, പീരങ്കിപ്പടക്കുള്ള വെടിക്കോപ്പുകൾ തുടങ്ങിയവയാണ് നൽകുക. പഴയ റഷ്യൻ ആയുധങ്ങളെ ആശ്രയിക്കുന്ന യുക്രെയ്ന് വിദേശ രാജ്യങ്ങൾ നൽകുന്ന ആയുധങ്ങളാണ് സഹായം. ഇത് കൂടുതലായി എത്തിച്ചില്ലെങ്കിൽ രാജ്യത്തിന്റെ നിലനിൽപ് അപകടത്തിലാകുമെന്ന് പ്രസിഡന്റ് സെലൻസ്കി പറയുന്നു. നിലവിൽ രാജ്യത്തിന്റെ 20 ശതമാനവും റഷ്യൻ നിയന്ത്രണത്തിലാണ്.

മറ്റിടങ്ങളിലും റഷ്യ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. 22.5 കോടി ഡോളറിന്റെ മറ്റു അടിയന്തര ദുരിതാശ്വാസവും നൽകും. ഭക്ഷണം, വെള്ളം, മെഡിക്കൽ സഹായം എന്നിവക്കാകും തുക വിനിയോഗിക്കുക.

Tags:    
News Summary - French, German, Italian leaders in 1st Kyiv trip since invasion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.