പാരിസ്: ഒന്നാം ഘട്ടത്തിൽ നേരിയ ഭൂരിപക്ഷവുമായി മുന്നിലെത്തിയ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കടുത്ത മത്സരമുയർത്തി മാരിൻ ലി പെൻ. ഇരുവരും തമ്മിലെ രണ്ടാംഘട്ട പോരാട്ടം ഏപ്രിൽ 24ന് നടക്കും.
2017ലെതിനെക്കാൾ ഇരു സ്ഥാനാർഥികളും പ്രകടനം മെച്ചപ്പെടുത്തിയ ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ നാലു പോയന്റാണ് മാക്രോണിന് ലീഡ്. മാക്രോൺ 27.8 ശതമാനം വോട്ടു നേടിയപ്പോൾ ലീ പെൻ 23.3 ശതമാനവും സ്വന്തമാക്കി. ഒരാൾക്കും 50 ശതമാനത്തിലേറെ വോട്ടു ലഭിക്കാതെ വന്നതോടെയാണ് രണ്ടാം ഘട്ടത്തിലേക്കു നീങ്ങിയത്. കൂടുതൽ വോട്ടുപിടിച്ച രണ്ടു പേർ ഇരുവരുമായതോടെയാണ് 2017ലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ തനിയാവർത്തനത്തിന് വഴിയൊരുങ്ങിയത്. ഇരുവരും മാത്രം മുഖാമുഖം വരുന്ന രണ്ടാം ഘട്ടത്തിൽ ഭൂരിപക്ഷം സ്വന്തമാക്കി അധികാരം പിടിക്കാനാകുമെന്നാണ് തീവ്ര വലതുപക്ഷ നേതാവായ ലി പെന്നിന്റെ കണക്കുകൂട്ടൽ.
20 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ ഒന്നാം ഘട്ടത്തിൽ 73.3 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. തീത്ര ഇടതു നേതാവായ ഴാങ് ലൂക് മെലങ്കൺ അഞ്ചിലൊന്ന് വോട്ടു നേടിയതാണ് ഇത്തവണ ഞെട്ടലായത്- 22 ശതമാനം.
അതേസമയം, ജാക് ഷിറാകിനു ശേഷം ആദ്യമായി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് മാക്രോൺ. കഴിഞ്ഞ ദിവസം നടന്ന അഭിപ്രായ വോട്ടെടുപ്പിൽ മാക്രോൺ തന്നെ എത്തുമെന്നായിരുന്നു കണക്കുകൾ. മറുവശത്ത്, ആഴ്ചകൾക്കിടെ മാരിൻ ലീ പെന്നിന്റെ ജനസമ്മതി കുത്തനെ ഉയരുന്നത് പ്രവചനങ്ങൾ അട്ടിമറിക്കുമെന്ന സൂചനയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.