ഗസ്സ സിറ്റി: ഗസ്സക്ക് നേരെ ഇസ്രായേൽ സൈന്യം ഈദ് ദിനത്തിലും ആക്രമണം തുടരുന്നു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും ഗസ്സയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 87 ആയി ഉയർന്നെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിൽ 18 കുട്ടികളും എട്ട് സ്ത്രീകളും ഉൾപ്പെടും. 508ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
തങ്ങളുടെ ഗസ്സ സിറ്റി കമാൻഡർ ബസ്സിം ഇസ്സ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. മുതിർന്ന നേതാക്കളും ഇദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്. പലസ്തീൻ സുരക്ഷാ സേനയുടെയും പൊലീസിന്‍റെയും കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഗസ്സ സിറ്റിയിലെ ടെൽ അൽ ഹവയിൽ ഗർഭിണിയായ യുവതിയും ഇവരുടെ കുഞ്ഞും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ശൈഖ് സയിദിൽ തകർന്ന കെട്ടിടത്തിനടിയിൽ പെട്ട് മുതിർന്ന ദമ്പതികൾ കൊല്ലപ്പെട്ടു.
മൂന്നാമത്തെ ഗസ്സ ടവർ ഇസ്രായേൽ മിസൈൽ ഉപയോഗിച്ച് തകർത്തതിന് പിന്നാലെ ഹമാസ് പ്രത്യാക്രമണം നടത്തി. ഒരു കുട്ടി ഉൾപ്പെടെ ആറ് ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. 1500ഓളം റോക്കറ്റുകൾ ഗസ്സയിൽ നിന്ന് തങ്ങളെ ലക്ഷ്യമിട്ട് വന്നതായാണ് ഇസ്രായേൽ സൈന്യം പറയുന്നത്.
അതിനിടെ, ഗസ്സക്കുനേരെയുള്ള ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. പ്രത്യാക്രമണത്തിന് ഹമാസ് കനത്ത വില നൽകേണ്ടിവരുമെന്നും ടെലിവിഷൻ പ്രഭാഷണത്തിൽ താക്കീതു നൽകി.
ഇതൊരു തുടക്കം മാത്രമാണെന്നും ഗസ്സ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ സജ്ജീകരിക്കുന്നതായും ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാൻറ്സ് പറഞ്ഞു. പ്രത്യാക്രമണത്തിൽ ഇസ്രായേലി പൗരൻ കൊല്ലപ്പെട്ട ലോദ് നഗരത്തിൽ നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
2014നുശേഷം ഇസ്രായേൽ ഗസ്സക്കുമേൽ നടത്തുന്ന അതിശക്തമായ ആക്രമണമാണിത്. സംഘർഷം കടുക്കുന്നതിെന്റ സൂചന നൽകി ഇസ്രായേലിലെ അറബ് ജനവിഭാഗങ്ങൾ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതിഷേധക്കാർ ഡസൻ കണക്കിന് വാഹനങ്ങൾക്ക് തീയിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.