ഇസ്രായേൽ സമ്പദ്ഘടനക്ക് വീണ്ടും തിരിച്ചടി: ജി.ഡി.പി 19.4 ശതമാനം കൂപ്പുകുത്തി

തെൽഅവീവ്: ഗസ്സ യുദ്ധം ഇസ്രായേലിന് സാമ്പത്തിക പ്രഹരമേൽപിക്കുന്നത് തുടരുന്നു. 10 ദിവസം മുമ്പ് മൂഡീസ് റേറ്റിങ് കുറച്ചതിന് പിന്നാലെ ജി.ഡി.പിയിലും ഇസ്രായേൽ സമ്പദ്ഘടന കൂപ്പുകുത്തി. സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇസ്രായേലിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 19.4 ശതമാനമാണ് ഇടിഞ്ഞത്.

അതേസമയം, യുദ്ധം ആരംഭിക്കുന്നതിന് മുമ്പുള്ള മൂന്ന് പാദങ്ങളിൽ സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടമായിരുന്നു ഇസ്രായേൽ കൈവരിച്ചത്. ഇതിന്റെ പ്രതിഫലനമെന്നോണം 2023-24 സാമ്പത്തിക വർഷത്തിൽ മൊത്തത്തിൽ 2 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. മുൻ പാദത്തെ അപേക്ഷിച്ച് കഴിഞ്ഞ മൂന്ന് മാസങ്ങളിൽ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 19.4 ശതമാനം ചുരുങ്ങിയതായി ഇസ്രായേൽ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് കാലം കഴിഞ്ഞ ഉടനുള്ള 2022ലെ സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് 2 ശതമാനം വളർച്ച കൈവരിച്ചത്. 1.7 ശതമാനമാണ് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെൻറ് (OECD) ശരാശരി.

എ1ൽ നിന്നും എ2 ആയാണ് ഇസ്രായേലിന്റെ റേറ്റിങ് യു.എസ് റേറ്റിങ് ഏജൻസിയായ മുഡീസ് കഴിഞ്ഞയാഴ്ച കുറച്ചത്. ഹമാസുമായുള്ള യുദ്ധം ഇസ്രായേലിന് രാഷ്ട്രീയമായി വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മൂഡീസ് വിലയിരുത്തിയിരുന്നു. ഇതുമൂലം രാജ്യത്തിന്റെ എക്സിക്യൂട്ടീവ് ലെജിസ്ലേറ്റീവ് സ്ഥാപനങ്ങൾ ദുർബലമാവും. ഇവയുടെ സാമ്പത്തികാവസ്ഥ ഭാവിയിൽ മോശമാകാനുള്ള സാധ്യതയുണ്ടെന്നും മൂഡീസ് മുന്നറിയിപ്പ് നൽകുന്നു.

ഇസ്രായേലിന്റെ ക്രെഡിറ്റ് ഔട്ട്പുട്ടും മൂഡീസ് കുറച്ചു. സ്റ്റേബിൾ എന്ന അവസ്ഥയിൽ നിന്നും നെഗറ്റീവായാണ് ക്രെഡിറ്റ് ഔട്ട്പുട്ട് കുറച്ചത്. ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ കൂടി ശക്തമാവുന്നത് ഇസ്രായേലിന് തിരിച്ചടിയാവുമെന്നും മൂഡീസ് വ്യക്തമാക്കി. ഇസ്രായേൽ സമ്പദ്‍വ്യവസ്ഥ ശക്തമാണെന്നും തങ്ങൾ യുദ്ധത്തിലാണ് എന്ന ഒറ്റക്കാരണം കൊണ്ടാണ് റേറ്റിങ് കുറച്ചതെന്നുമായിരുന്നു ഇ​സ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇതിനോട് പ്രതികരിച്ചത്.

Tags:    
News Summary - Gaza war hits Israeli economy with 19.4 percent Q4 drop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.