കിയവ്: ഗസ്സ യുദ്ധത്തോടെ യുക്രെയ്ൻ അന്താരാഷ്ട്ര ശ്രദ്ധയിൽനിന്ന് നീങ്ങിയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. പശ്ചിമേഷ്യയിലെ യുദ്ധം ക്ഷീണം ചെയ്തുവെന്നും തീർച്ചയായും, റഷ്യ പശ്ചിമേഷ്യൻ യുദ്ധത്തിൽ സന്തുഷ്ടരാണെന്ന് അദ്ദേഹം എൻ.ബി.സിയുടെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ പറഞ്ഞു.യുക്രെയ്നായി ധനസമാഹരണം നടത്തിയിരുന്ന സന്നദ്ധസംഘടനകളും ഇത് സാക്ഷ്യപ്പെടുത്തുന്നു.
റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ നടത്തിയ ഓൺലൈൻ ധനസമാഹരണത്തിൽ കോടികളാണ് ഒഴുകിയെത്തിയിരുന്നത്. യുദ്ധോപകരണങ്ങൾ വാങ്ങാൻ ഈ പണം ഉപയോഗിച്ചിരുന്നു. ഗസ്സയിൽ ഹമാസ്-ഇസ്രായേൽ യുദ്ധം ആരംഭിച്ചതിന് ശേഷം സംഭാവന ഗണ്യമായി കുറഞ്ഞതായി ഇതിന് നേതൃത്വം നൽകിയിരുന്ന ടിമോഫി പോസ്റ്റോയൂക് പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ പശ്ചിമേഷ്യൻ വാർത്തകൾ നിറഞ്ഞു. ഇതോടെ യുക്രെയ്നിൽനിന്ന് ലോകശ്രദ്ധ അകന്നുപോയി. യു.എസിൽനിന്നുള്ള സഹായത്തെയും ബാധിച്ചു. സാമ്പത്തിക ഞെരുക്കത്തിനൊപ്പം ഇസ്രായേലിനെ കൂടി സഹായിക്കുന്നതിനാൽ യു.എസ് യുക്രെയ്നുള്ള സഹായം വെട്ടിക്കുറച്ചിട്ടുണ്ട്. ബൈഡന്റെ സെക്രട്ടറി പീറ്റ് ബുട്ടിഗീഗ് നവംബർ എട്ടിന് യുക്രെയ്ൻ സന്ദർശിച്ച് ശ്രദ്ധയും പ്രതിബദ്ധതയും തുടരുന്നുവെന്ന സന്ദേശം നൽകിയെങ്കിലും മാറ്റം പ്രകടമാണ്. യുക്രെയ്ൻ സഹായവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂനിയനിലും ഭിന്നതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.