ടി.വി കാമറകളുടെ മുന്നിൽ പോലും കൊടുംക്രൂരതകൾ ചെയ്യാൻ മടിക്കാത്ത ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്)ഒരു വാർത്താവിനിമയ സംവിധാനവുമില്ലാത്ത ഗസ്സ ചീന്തിൽ എന്തെല്ലാമായിരിക്കും ചെയ്തുകൂട്ടിയിരിക്കുകയെന്നത് ലോക മനസ്സാക്ഷിയെ നടുക്കുന്നുണ്ട്
ഗസ്സ സിറ്റി: ‘‘ഗസ്സ ഒരു തീഗോളമായി മാറിക്കഴിഞ്ഞു. സുരക്ഷിതമേഖലയെന്ന് പറഞ്ഞിടത്ത് മാത്രം നാനൂറോളം പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ക്രൂരത കാരണം ഗസ്സയിലെ ആരോഗ്യ സംവിധാനങ്ങൾ സമ്പൂർണമായി തകർന്നു. ആരോഗ്യ പ്രവർത്തകരും ആംബുലൻസുകളും ഇല്ലാത്ത അവസ്ഥയാണ്’’ - ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് അശ്റഫ് അൽ ഖുദ്റ ശനിയാഴ്ച അറിയിച്ചു. അന്താരാഷ്ട്ര സഹായം അഭ്യർഥിച്ച അശ്റഫ്, മെഡിക്കൽ വിദ്യാർഥികളും വിരമിച്ച നഴ്സുമാരും സേവനത്തിന് രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്തു.
വൈദ്യുതിയും വെള്ളവും ഭക്ഷണവുമെല്ലാം മുടക്കിയ ഗസ്സയിൽ വെള്ളിയാഴ്ച വൈകീട്ടു മുതൽ വാർത്ത വിനിമയ സംവിധാനങ്ങളും ഇസ്രായേൽ റദ്ദാക്കിയതോടെ ഇവിടെയെന്താണ് സംഭവിക്കുന്നതെന്നുപോലും പുറംലോകം അറിയുന്നില്ല. ടി.വി കാമറകളുടെ മുന്നിൽ പോലും കൊടുംക്രൂരതകൾ ചെയ്യാൻ മടിക്കാത്ത ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) ഒരു വാർത്താവിനിമയ സംവിധാനവുമില്ലാത്ത ഗസ്സ ചീന്തിൽ എന്തെല്ലാമായിരിക്കും ചെയ്തുകൂട്ടിയിരിക്കുകയെന്നത് ലോക മനസ്സാക്ഷിയെ നടുക്കുന്നുണ്ട്.
ജനങ്ങൾ ശാരീരികമായും മാനസികമായും തകർന്ന അവസ്ഥയിലാണ്. വടക്കൻ ഗസ്സയിലുള്ളവരുടെ അവസ്ഥ എന്താണെന്ന് അറിയാൻ ഒരു സംവിധാനവുമില്ലാത്തതിനാൽ മറ്റിടങ്ങളിലുള്ളവർ പരിഭ്രാന്തിയിലാണ്. ആശുപത്രികളിലാണെങ്കിൽ ദാരുണ ദൃശ്യങ്ങളാണ്. മരുന്നോ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ഖാൻ യൂനുസിലെ നാസർ ആശുപത്രിയിലെ പല വിഭാഗങ്ങളും അടച്ചു.
ചികിത്സ നൽകാനില്ല എന്നും അതേ സമയം ഇവിടെ പ്രവേശിക്കപ്പെട്ടവരെ തങ്ങളായി പുറത്താക്കുന്നില്ലെന്നും ജനങ്ങൾക്ക് വേണമെങ്കിൽ പോകാമെന്നും പറയേണ്ട ഗതികേടിലാണ് നാസർ ആശുപത്രി അധികൃതർ.
വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നതോടെ ഗസ്സ പുറംലോകത്തുനിന്ന് പൂർണമായി ഒറ്റപ്പെട്ടു. ഗസ്സയിലുള്ള തങ്ങളുടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും സഹായ ഏജൻസികളും അറിയിച്ചു. ഗസ്സയിൽ 10 ലക്ഷത്തോളം കുട്ടികളും അവരുടെ രക്ഷിതാക്കളും ഇപ്പോൾ അതി ഭയാനക അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നതെന്ന് ‘സേവ് ദ ചിൽഡ്രൻ’ എന്ന മനുഷ്യാവകാശ സംഘടന.
ഗസ്സ സിറ്റി: അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയാറായിരിക്കണമെന്ന് ബൈറൂത് അന്താരാഷ്ട്ര വിമാനത്താവളത്തിന് ലബനാൻ അധികൃതർ മുന്നറിയിപ്പ് നൽകി. ലബനാൻ അതിർത്തിയിൽ ശനിയാഴ്ചയും ഏറ്റുമുട്ടലുണ്ടായി. ലബനാനുള്ളിലെ ഭീകരകേന്ദ്രം ഡ്രോൺ ഉപയോഗിച്ച് തകർത്തുവെന്നാണ് ഇസ്രായേൽ പ്രതികരിച്ചത്.
ഇസ്രായേൽ ഡ്രോണിനുനേരെ ലബനാനിൽനിന്ന് ആക്രമണവുമുണ്ടായി. തെൽ അവീവ്, ബാത് യാം നഗരങ്ങളിൽ ശനിയാഴ്ചയും റോക്കറ്റ് അപായ സൈറൺ മുഴങ്ങിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഷ്കലോൺ നഗരത്തിലും ഗസ്സ അതിർത്തിയോട് അടുത്ത മറ്റു ഇസ്രായേൽ പട്ടണങ്ങളിലും സൈറൺ മുഴങ്ങി. ഇതിനിടെ, ഇസ്രായേൽ ഭ്രാന്തമായ മാനസികാവസ്ഥയിൽനിന്ന് ഉടൻ പുറത്തുകടക്കണമെന്നും ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ആവശ്യപ്പെട്ടു.
തങ്ങളുടെ പ്രദേശങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സീസി. രാജ്യത്തിന്റെ പരമാധികാരവും നിലപാടും എല്ലാവരും മാനിക്കണമെന്നും സംഘർഷം മേഖലയിലേക്ക് വ്യാപിക്കുന്നത് അന്താരാഷ്ട്ര സമൂഹം കരുതിയിരിക്കണമെന്നും അൽ സീസി മുന്നറിയിപ്പു നൽകി. ചെങ്കടലിനോട് ചേർന്ന, ഇസ്രായേൽ അതിർത്തിയിലെ ഈജിപ്ഷ്യൻ പ്രദേശങ്ങളായ താബ, നുവൈബ എന്നിവിടങ്ങളിലേക്ക് ആക്രമണമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.