ന്യൂയോർക്ക്: വെള്ളക്കാരനായ പൊലീസുകാരന്‍റെ വർണവെറിക്കിരയായി ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ച ആഫ്രോ അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിന്‍റെ അടുത്ത ബന്ധുവായ നാലുവയസുകാരിക്ക് വെടിയേറ്റു. പുതുവത്സര പുലർച്ചെ മൂന്നിനായിരുന്നു കുടുംബത്തിന് നേരെ ആക്രമണം.
നാലുവയസുകാരി അരിയാന ഡെലനാണ് വെടിയേറ്റത്. സൗത്ത് ഹൂസ്റ്റണിലെ അപാർട്ട്മെന്റിൽ മുകളിലെ നിലയിലായിരുന്ന നാലുപേർക്കെതിരെയായിരുന്നു ആക്രമണം. കുടുംബത്തിന് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് അരിയാനയുടെ പിതാവ് ആരോപിച്ചു.
ആക്രമണത്തെ തുടർന്ന് ഉടൻ തന്നെ അരിയാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വസകോശത്തിനും കരളിനും ശസ്ത്രക്രിയ നടത്തി. മൂന്ന് വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട്.
കുടുംബത്തിന് നേരെ നടന്ന ആക്രമണത്തിന്‍റെ കാരണം കണ്ടെത്താനും കുട്ടിയെയും കുടുംബത്തെയും അക്രമികൾ ലക്ഷ്യംവെച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനും അന്വേഷണം നടത്തുന്നതായി ഹൂസ്റ്റൻ പൊലീസ് പ്രതികരിച്ചു.
അതേസമയം വെളുപ്പിന് മൂന്നുമണിക്ക് സംഭവം നടന്നിട്ടും ഏഴുമണി വരെ പൊലീസ് അവിടെ എത്തിയില്ലെന്നും നടപടിയെടുക്കാൻ വൈകിയെന്നും കുടുംബം ആരോപിച്ചു. കുടുംബത്തിന്‍റെ ആരോപണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഹൂസ്റ്റൺ പൊലീസ് മേധാവി പറഞ്ഞു.
അമേരിക്കയിൽ വൻ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടതായിരുന്നു ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകം. തുർന്ന് ബ്ലാക്ക് ലൈവ്സ് മാറ്റർ മുദ്രാവാക്യവുമായി നാലുവയസുകാരി അരിയാന ഉൾപ്പെടെ ഫ്ലോയിഡിന്‍റെ കുടുംബം തെരുവിൽ ഇറങ്ങിയിരുന്നു. ഫ്ലോയിഡിനെ കഴുത്തിൽ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയ മിനിയപോളിസ് പൊലീസ് ഓഫിസർ ഡെറിക് ഷോവിനെ പിന്നീട് 20 വർഷത്തിലധികം കഠിനതടവിന് വിധിച്ചിരുന്നു. 2020 മേയിലായിരുന്നു ലോകത്തെ നടുക്കിയ അരുംകൊല. എനിക്ക് ശ്വാസം മുട്ടുന്നുവെന്ന ഫ്ലോയിഡിന്‍റെ അവസാന വാചകങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.