ന്യൂഡൽഹി: തന്‍റെ വാഹനത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തതായി പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ മുൻ ഭാര്യ രേഹം ഖാൻ. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
ഇമ്രാൻ ഖാന്‍റെ ഭരണത്തിന് കീഴിൽ പാകിസ്താൻ ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും നാടായി മാറിയെന്ന് മുൻ ഭർത്താവിനെ കുറ്റപ്പെടുത്തി രേഹം ഖാൻ പറഞ്ഞു.
'എന്‍റെ അനന്തരവന്‍റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ എന്‍റെ കാറിന് നേരെ മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. ഞാൻ വാഹനം മാറി കയറിയിരുന്നു. എന്‍റെ പേഴ്സണൽ സെക്രട്ടറിയും ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. ഇതാണോ ഇംറാൻ ഖാന്‍റെ പുതിയ പാകിസ്താൻ? ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും രാജ്യത്തേക്ക് സ്വാഗതം' -രേഹം ഖാൻ ട്വീറ്റ് ചെയ്തു. ആർക്കും പരിക്കേറ്റില്ലെങ്കിലും സംഭവം രോഷവും ആശങ്കയും സൃഷ്ടിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
2014ൽ ആയിരുന്നു മാധ്യമപ്രവർത്തകയും മുൻ അവതാരകയുമായ രേഹം ഖാന്‍റെയും ഇംറാൻ ഖാന്‍റെയും വിവാഹം. തുടർന്ന് ഇരുവരും വിവാഹമോചനം നേടിയിരുന്നു. മുൻ ഭർത്താവിന്‍റെ കടുത്ത വിമർശകയാണ് ഈ 48കാരി. അദ്ദേഹത്തിന്‍റെ ഭരണശൈലിക്കെതിരെ പതിവായി ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.