ഗ്രീ​ൻ ഇ​നി​ഷ്യേ​റ്റി​വ് ഉ​ച്ച​കോ​ടി​ നടക്കുന്ന ശറമുൽശൈഖ്

ഹരിത ഉച്ചകോടി: കാർബൺ ഗൗരവമായി ചർച്ച ചെയ്യും

റിയാദ്: യു.എൻ കാലാവസ്‌ഥ സമ്മേളനത്തോടനുബന്ധിച്ച് ഈമാസം 11,12 തീയതികളിൽ ഈജിപ്തിൽ നടക്കുന്ന ഹരിത ഉച്ചകോടി കാർബൺ ബഹിർഗമനം കുറക്കുന്നത് ഗൗരവമായി ചർച്ചചെയ്യും. വിനോദസഞ്ചാര കേന്ദ്രമായ ശറമുശൈഖിൽ നടക്കുന്ന മിഡിലീസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റിവ് ഉച്ചകോടിക്കും സൗദി ഗ്രീൻ ഇനിഷ്യേറ്റിവ് ഫോറത്തിനും ആതിഥേയത്വം വഹിക്കുന്നത് സൗദി അറേബ്യയാണ്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന കഴിഞ്ഞ സൗദി മന്ത്രിസഭ യോഗം ഉച്ചകോടിയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്തിരുന്നു.


പാരിസ്ഥിതിക വെല്ലുവിളികളെ അതിജീവിക്കാനുള്ള ലോകതലത്തിലുള്ള ബഹുമുഖ നടപടികളെ പിന്തുണക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ആക്ടിങ് മീഡിയ മന്ത്രി മാജിദ് അൽഖസബിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.സൗദി അറേബ്യയുടെ ഹരിത പരിവർത്തന യാത്രയുടെ ഭാഗമായാണ് ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. അന്തരീക്ഷത്തിലെ കാർബൺ പുറന്തള്ളൽ പരമാവധി കുറച്ചുകൊണ്ടുവരുകയും ബഹുമുഖ പ്രവർത്തനങ്ങളിലൂടെ പരിസ്‌ഥിതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കുകയും ചെയ്യുക എന്നത് സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ 2030'ന്റെ സുപ്രധാന അജണ്ടകളിൽ ഒന്നാണ്.


2060ഓടെ രാജ്യത്ത് കാർബൺരഹിത അന്തരീക്ഷം എന്നത് സൗദിയുടെ പ്രഖ്യാപിത നയമാണ്. ശുദ്ധമായ ഹൈഡ്രജൻ ഉൽപാദനം, വനവത്കരണം, പ്രകൃതി സംരക്ഷണം, പരിസ്ഥിതി പരിചരണം എന്നിവയിലൂടെ കാർബണിന്റെ അപകടത്തിൽനിന്ന് മുക്തമായ സമ്പദ് വ്യവസ്ഥ സ്ഥാപിക്കുന്നതിൽ കേന്ദ്രീകരിക്കുന്ന ഗൗരവ ചർച്ചകളാകും ഉച്ചകോടിയിൽ നടക്കുകയെന്ന് പരിസ്‌ഥിതി, ജല, കൃഷി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.


2030 ഓടെ 1000 കോടി വൃക്ഷത്തൈകൾ സൗദിയിലാകമാനം വെച്ചുപിടിപ്പിക്കാനുള്ള ബൃഹദ്പദ്ധതി ഉച്ചകോടിയിൽ വിശദീകരിക്കും 'അഭിലാഷത്തിൽനിന്ന് പ്രവർത്തനത്തിലേക്ക്' എന്നതാണ് ഉച്ചകോടിയുടെ മുദ്രാവാക്യം. ഊർജകാര്യമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, പരിസ്‌ഥിതി-ജല-കൃഷി മന്ത്രി അബ്ദുറഹ്‌മാൻ അൽഫാദ്‍ലി, കാലാവസ്‌ഥ വകുപ്പ് മന്ത്രി ആദിൽ അൽജുബൈർ, ടൂറിസം മന്ത്രി അഹ്‌മദ്‌ അൽഖത്വീബ്, നഗര-ഗ്രാമ- പാർപ്പിട വികസനകാര്യ മന്ത്രി മാജിദ് അൽഹൊഗൈൽ,

കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അബ്ദുല്ല അൽസവാഹ, വ്യവസായ പ്രകൃതിവിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫ്, അരാംകോ പ്രസിഡന്റും സി.ഇ.ഒയുമായ അമീൻ എച്ച്. നാസർ എന്നിവരെ കൂടാതെ ബ്രിട്ടീഷ് പരിസ്ഥിതി-കാലാവസ്ഥ മന്ത്രി ലോർഡ് ഗോൾഡ്‌സ്മിത്ത്, യു.എ.ഇ പരിസ്‌ഥിതി-കാലാവസ്‌ഥ മന്ത്രി മർയം ബിൻത് മുഹമ്മദ്, മുൻ മെക്സിക്കൻ പ്രസിഡന്റ് ഫിലിപ്പ് കാൾഡറൻ, വേൾഡ് എൻജിനീയറിങ് കൗൺസിൽ സി.ഇ.ഒ ഡോ. എയ്ഞ്ചലാ വിൽകിൻസൺ തുടങ്ങിയവർ ഉച്ചകോടിയിലെ വിവിധ സെഷനുകളെ അഭിസംബോധന ചെയ്യും.

Tags:    
News Summary - Green Summit: Carbon will be seriously discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.