ന്യൂഡൽഹി: യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ചയാണ് ട്രംപിനെ ഫോണിൽ വിളിച്ച് തെരഞ്ഞെടുപ്പ് വിജയത്തിൽ മോദി അഭിനന്ദിച്ചത്. ഒരിക്കൽ കൂടി ഒരുമിച്ച് നിന്ന് പ്രവർത്തിച്ച് ടെക്നോളജി, പ്രതിരോധം, ഊർജം, ബഹിരാകാശം തുടങ്ങിയ സെക്ടറുകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മോദി പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണാൾഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.യു.എസ് സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു ആശംസ. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ഇനിയും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞിരുന്നു.
ട്രംപ് വീണ്ടും പ്രസിഡന്റായി അധികാരത്തിലേക്ക് എത്തുമ്പോൾ ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനത്തിനുമായി നമുക്ക് ഒരുമിച്ച് നിൽക്കാമെന്നും മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അമേരിക്കയുടെ 60ാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസിനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിന് ആധികാരിക ജയം. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ, ‘ഇഞ്ചോടിഞ്ച്’ എന്ന് പ്രവചിക്കപ്പെട്ട മത്സരത്തിൽ നിർണായക സംസ്ഥാനങ്ങളിലടക്കം ട്രംപിന് അനുകൂലമായ ജനവിധിയുണ്ടായി.
538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 295 എണ്ണമാണ് ഡോണൾഡ് ട്രംപ് നേടിയത്. 226 എണ്ണം കമലഹാരിസിനും നേടാൻ സാധിച്ചു. 2017-21 കാലത്ത് അമേരിക്കൻ പ്രസിഡന്റ് പദവിയിലിരുന്ന ട്രംപിന് ഇത് രണ്ടാമൂഴമാണ്. അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം ചെന്നയാൾ എന്ന ഖ്യാതിയും ഇതോടെ 78കാരനായ ട്രംപിന് കൈവന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടശേഷം വീണ്ടും മത്സരിച്ച് വിജയിക്കുന്ന അമേരിക്കയിലെ രണ്ടാമത്തെ പ്രസിഡന്റുകൂടിയാണ് ട്രംപ്. 1892ൽ, ഗ്രോവർ ക്ലേവ് ലാൻഡിന്റെ വിജയത്തിനുശേഷം പിന്നീടാരും ഇത്തരത്തിൽ വിജയിച്ചിട്ടില്ല. 40കാരനായ ഓഹിയോ സെനറ്റർ ജെ.ഡി. വാൻസ് വൈസ് പ്രസിഡന്റാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.