തെൽ അവീവ്: ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ നാലുപേരെ മോചിപ്പിച്ചതായി ഇസ്രായേൽ സൈന്യം. നുസൈറാത്തിൽ പകൽസമയത്ത് കര, നാവിക, വ്യോമ സൈനിക നീക്കത്തിലാണ് നോആ അറഗാമി(25), ആൽമോങ് മെയർ(21), ആന്ദ്രേ കോസ്ലോവ്( 27), ഷലോമി സിവ്( 40) എന്നിവരെ കണ്ടെത്തിയത്.
എല്ലാവരും ആരോഗ്യത്തോടെയായിരുന്നുവെന്നും വൈദ്യ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും സൈന്യം പുറത്തുവിട്ടു. നോവ സംഗീതനിശക്കെത്തിയവരായിരുന്നു ഇവർ. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ 250ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കിയിരുന്നത്. ഇവരിൽ നൂറോളം പേരെ താൽക്കാലിക വെടിനിർത്തലിനിടെ വിട്ടയച്ചിരുന്നു.
അവശേഷിച്ചവരിൽ നിരവധി പേർ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടതിനിടെയാണ് നാലുപേരെ മോചിപ്പിച്ചെന്ന വാർത്തയെത്തുന്നത്. രണ്ടു കെട്ടിടങ്ങളിലായാണ് ഇവരുണ്ടായിരുന്നതെന്ന് സൈന്യം അറിയിച്ചു.
അതിനിടെ, കൂടുതൽ ചർച്ചകൾക്കായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്തയാഴ്ച ഇസ്രായേലിലും മൂന്ന് അറബ് രാജ്യങ്ങളിലും സന്ദർശനം നടത്തും. ഈജിപ്ത്, ഖത്തർ, ജോർഡൻ എന്നിവിടങ്ങളിലാകും തിങ്കൾ മുതൽ ബുധനാഴ്ച വരെ നീളുന്ന പര്യടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.