നാല് ബന്ദികളെ മോചിപ്പിക്കുന്നതിനിടെ ഇസ്രായേൽ മൂന്ന് ബന്ദികളെ കൊന്നു, ഇനി എത്രപേർ ജീവനോടെ ഉണ്ടെന്നറിയില്ല -ഹമാസ് നേതാവ് ഉസാമ ഹംദാൻ

ബെയ്റൂത്ത്: തങ്ങൾ ബന്ദികളാക്കിയവരിൽ എത്രപേർ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു​വെന്നും ബാക്കി എത്രപേർ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്നുണ്ടെന്നും അറിയില്ലെന്ന് ഹമാസ് വക്താവും പൊളിറ്റിക്കൽ ബ്യൂറോ അംഗവുമായ ഉസാമ ഹംദാൻ. സ്ത്രീകളെയും കുട്ടികളെയും കൂട്ടത്തോടെ കൊലപ്പെടുത്തുന്ന ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ നിരവധി ബന്ദികൾക്കും ജീവൻ നഷ്ടമായതായി അദ്ദേഹം ലെബനീസ് തലസ്ഥാനമായ ബെയ്‌റൂത്തിൽ സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച ഗസ്സയിലെ നുസൈറത്തിൽനിന്ന് നാല് ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ നടത്തിയ ഓപറേഷനിടെ അമേരിക്കൻ പൗരൻ ഉൾപ്പെടെ മൂന്ന് ബന്ദികൾ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിരവധി ഫലസ്തീനികളെയും ഇസ്രായേൽ സേന അന്ന് കൊലപ്പെടുത്തിയിരുന്നു. നോആ അറഗാമി (25), ആൽമോങ് മെയർ (21), ആന്ദ്രേ കോസ്ലോവ് ( 27), ഷലോമി സിവ് (40) എന്നിവരെയാണ് കര, നാവിക, വ്യോമ സൈനിക നീക്കത്തിലൂടെ ഇസ്രായേൽ മോചിപ്പിച്ചത്.

ഗസ്സയിൽ കഴിയുന്ന 100ലധികം ബന്ദികളിൽ 70ലേറെ പേർ ജീവനോടെയുണ്ടെന്നാണ് ഇസ്രായേൽ കരുതുന്നത്. എന്നാൽ, എത്രപേർ ജീവിച്ചിരിപ്പുണ്ടെന്ന് തനിക്ക് അറിയില്ലെന്ന് സി.എൻ.എന്നിനോട് സംസാരിക്കവെ ഹംദാൻ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നതടക്കം ഗസ്സയിൽ ഇസ്രായേൽ നിരന്തരം ചെയ്തുകൂട്ടുന്ന ക്രൂരത കൺമുന്നിൽ കാണുന്നതിന്റെ ആഘാതത്തിൽ ബന്ദികൾ മാനസികപ്ര​ശ്നം നേരിടുന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


ബന്ദികളെ വിട്ടയക്കണമെങ്കിൽ ശാശ്വതവെടിനിർത്തലും ഗസ്സയിൽനിന്ന് ഇസ്രായേൽ സേനയെ പൂർണമായി പിൻവലിക്കുന്നതും ഫലസ്തീനി തടവുകാരുടെ മോചനവും ഉറപ്പാക്കണം. തടവുകാരുടെ കൈമാറ്റം, ഗസ്സയിൽ നിന്ന് പൂർണമായി പിൻവാങ്ങൽ, ഗസ്സ പുനർനിർമ്മാണം, ഉപരോധം അവസാനിപ്പിക്കൽ, ഗസ്സയുടെ ഭരണത്തിൽ ഫലസ്തീനികൾക്ക് സ്വയം നിർണ്ണയാവകാശം എന്നീ കാര്യങ്ങളിൽ ഇസ്രായേൽ നിലപാട് വ്യക്തമാക്കിയാൽ മാ​ത്രമേ ബന്ദിമോചന ചർച്ച ഫലവത്താകൂ. എന്നാൽ, ഇസ്രായേലിന്റെ വെടിനിർത്തൽ നിർദേശമെന്ന​ പേരിൽ കഴിഞ്ഞ മാസം അവസാനം യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ച പദ്ധതിയിൽ ഹമാസ് ഉന്നയിച്ച ആവശ്യങ്ങൾ ഉൾപ്പെട്ടിട്ടി​ല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബൈഡന്റെ നിർദേശത്തോടുള്ള ഹമാസ് പ്രതികരണം മധ്യസ്ഥരായ ഖത്തറും ഈജിപ്തും മുഖേന കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. എന്നാൽ, ഹമാസ് നേരത്തെ ഉന്നയിച്ച ആവശ്യങ്ങളിൽനിന്ന് കാര്യമായ മാറ്റങ്ങളൊന്നും മറുപടിയിൽ ഇ​െല്ലന്നും കരാറിൽ നിരവധി തിരുത്തലുകൾ നിർദേശിച്ചത് നിരാശാജനകമാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബുധനാഴ്ച ദോഹയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വെടിനിർത്തൽ പദ്ധതിയെ കുറിച്ച് ഹമാസ് പറയുന്നത്

തിങ്കളാഴ്ച യു.എൻ സുരക്ഷാ കൗൺസിൽ അംഗീകരിച്ച യു.എസ് പിന്തുണയുള്ള വെടിനിർത്തൽ പദ്ധതിയിൽ മൂന്ന് ഘട്ടങ്ങളാണുള്ളത്. ഇതിൽ ആദ്യ ഘട്ടമായ ആറാഴ്ചയാണ് വെടിനിർത്തൽ ഉറപ്പുനൽകുന്നത്. തടവുകാരെ പരസ്പരം കൈമാറുന്ന ഈ ഘട്ടത്തിൽ ഇസ്രായേൽ സൈന്യം ഗസ്സയിലെ ജനവാസ മേഖലകളിൽ നിന്ന് പിൻവാങ്ങും. എന്നാൽ, ആറാഴ്ച കഴിഞ്ഞാൽ പിന്നെയെന്ത് എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം എടുക്കില്ല.

യുദ്ധം ശാശ്വതമായി നിർത്തുന്നതും ഗസ്സയിൽ നിന്ന് ഇസ്രായേൽ പൂർണ്ണമായി പിൻവാങ്ങുന്നതുമാണ് രണ്ടാം ഘട്ടത്തിൽ നിർദേശിക്കുന്നത്. ആദ്യ ആറാഴ്ചക്കാലയളവിൽ ഇരുപക്ഷവും തമ്മിൽ കൂടുതൽ ചർച്ച നടത്തിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. എന്നാൽ, ഇത് അംഗീകരിക്കാനാവില്ലെന്നും ആറാഴ്ച കഴിഞ്ഞാൽ വീണ്ടും അതിക്രമം തുടരാനുള്ള ഇസ്രായേൽ ഗൂഢതന്ത്രമാണ് ഇതിനുപിന്നിലെന്നും ഹമാസ് ചൂണ്ടിക്കാട്ടുന്നു.


‘കരാറിൻ്റെ രണ്ടാം ഘട്ടം നടപ്പാക്കാൻ ഇസ്രായേൽ ഉദ്ദേശിക്കുന്നില്ല. കരാർ നടപ്പാക്കണമെങ്കിൽ യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കണം. ഇസ്രായേൽ ഗസ്സയിൽ നിന്ന് പൂർണ്ണമായും പിന്മാറണം. എന്നാൽ, ഇസ്രായേലിന് ആദ്യ ആറാഴ്ച വെടിനിർത്തൽ മാത്രമേ താൽപര്യമുള്ളൂ. അതിനുശേഷം അവർ വീണ്ടും യുദ്ധം തുടരാൻ ആഗ്രഹിക്കുന്നു. ശാശ്വത വെടിനിർത്തൽ ഇസ്രായേലിനെ കൊണ്ട് അംഗീകരിപ്പിക്കാൻ അമേരിക്ക ഇതുവരെ ശ്രമിച്ചിട്ടില്ല’ -ഹംദാൻ സി.എൻ.എന്നിനോട് പറഞ്ഞു.

വെടിനിർത്തൽ കരാർ ഇസ്രായേൽ അംഗീകരിച്ചുവോ?

ഇസ്രായേൽ സർക്കാർ അംഗീകരിച്ച്, അവർ മുന്നോട്ടു​വെച്ച കരാറാണിത് എന്ന മുഖവുരയോടെയാണ് ബൈഡൻ വെടിനിർത്തൽ പദ്ധതി പുറത്തുവിട്ടത്. വൈറ്റ് ഹൗസ് ഇക്കാര്യം ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുമുണ്ട്. എന്നാൽ, ഇസ്രായേൽ ഇതുവരെ കരാർ തങ്ങൾ പൂർണമായി അംഗീകരിച്ചതായി പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. എന്നുമാത്രമല്ല, ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധം അവസാനിക്കില്ലെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ച് പറയുന്നത്.


അതേസമയം, ഈ നിർദ്ദേശത്തെ ഇസ്രായേൽ പിന്തുണച്ചിട്ടുണ്ടെന്നും ഒാ​െക പറയാൻ തയ്യാറാണെന്നും രണ്ട് ദിവസം മുമ്പ് കണ്ടപ്പോൾ നെതന്യാഹു തന്നോട് പറഞ്ഞതായി ബ്ലിങ്കൻ പറയുന്നുണ്ട്.

ഒക്ടോബർ ഏഴ് അധിനിവേശത്തിനെതിരായ പ്രതികരണം

ഒക്ടോബർ 7ലെ ഹമാസിന്റെ തൂഫാനുൽ അഖ്സ ഒാപറേഷൻ അധിനിവേശത്തിനെതിരായ പ്രതികരണമാണെന്ന് ഹംദാൻ പറഞ്ഞു. 1200ഓളം ഇസ്രായേലികൾ ​കൊല്ലപ്പെട്ട പ്രസ്തുത നീക്കത്തിന് പിന്നാലെയാണ് ഇസ്രായേൽ ഗസ്സയിൽ നരനായാട്ട് ആരംഭിച്ചത്. എട്ടുമാസം പിന്നിട്ട ഇസ്രായേലിന്റെ വംശഹത്യാപരമായ ആക്രമണത്തിൽ 37,000-ത്തിലധികം ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമാണ് അവരിൽ ഭൂരിഭാഗവും. 90 ശതമാനം ഗസ്സക്കാരും വീടുകളിൽനിന്ന് പുറത്താക്കപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) വക്താവും നേരത്തെ സമ്മതിച്ചിരുന്നു.


ഒക്ടോബർ ഏഴിന് നടത്തിയ ഓപറേഷനെ കുറിച്ച് ഹമാസ് ഖേദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഇസ്രായേൽ അധിനിവേശത്തിനെതിരായ പ്രതികരണമാണത്’ എന്നായിരുന്നു ഹംദാന്റെ മറുപടി. ‘ഇസ്രായേൽ അധിനിവേശമാണ് അതിന്റെ ഉത്തരവാദി. നിങ്ങൾ അധിനിവേശത്തെ എതിർത്താൽ ഇസ്രായേൽ നിങ്ങളെ കൊല്ലും. നിങ്ങൾ അധിനിവേശത്തെ എതിർത്തില്ലെങ്കിലോ, അവർ നിങ്ങളെ കൊല്ലുകയും നിങ്ങളുടെ രാജ്യത്തുനിന്ന് പുറത്താക്കുകയും ചെയ്യും. അപ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത്?’ - അദ്ദേഹം ചോദിച്ചു.

ഫലസ്തീനികളുടെ മരണം അനിവാര്യമായ ത്യാഗമാണെന്ന് ഹമാസ് നേതാവ് യഹിയ സിൻവാർ പറഞ്ഞു​െ​​വന്ന റിപ്പോർട്ടുകൾ വ്യാജവാർത്തകളാണെന്ന് ഹംദാൻ പറഞ്ഞു. "ഇത് ഹമാസിനെതിരെ ജനവികാരം ഇളക്കിവിടാൻ ഫലസ്തീനിയല്ലാത്ത ആരോ ഉണ്ടാക്കിയ വ്യാജ സന്ദേശങ്ങളാണ്. എന്നിട്ട് വാൾസ്ട്രീറ്റ് ജേണലിലേക്ക് അയച്ചുകൊടുത്തു. സ്വന്തം ജനതയെ കൊന്നൊടുക്കുന്നത് ആർക്കും അംഗീകരിക്കാനാവില്ല’ -അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - Hamas official says ‘no one has any idea’ how many Israeli hostages are still alive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.