ഒരുപെട്ടി മരുന്ന് ബന്ദികൾക്ക് നൽകുമ്പോൾ 1000 പെട്ടി ഗസ്സക്കാർക്ക് നൽകണം; കരാർ പുറത്തുവിട്ട് ഹമാസ്

ഗസ്സ: ഹമാസ് ബന്ദികളാക്കിയവർക്ക് മരുന്ന് എത്തിക്കാൻ ഖത്തറും ഫ്രാൻസും ഇടനിലക്കാരായി ഇസ്രായേലുമായി നടത്തിയ കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ഹമാസ്. ബന്ദികൾക്ക് ഒരുപെട്ടി മരുന്ന് നൽകുമ്പോൾ ഗസ്സയിലെ ജനങ്ങൾക്ക് 1000 പെട്ടി വീതം നൽകണമെന്നതാണ് പ്രധാന വ്യവസ്ഥയെന്ന് മുതിർന്ന ഹമാസ് നേതാവ് മൂസ അബു മർസൂഖ് പറഞ്ഞു.

ഈ മരുന്നുകൾ ഖത്തറാണ് നൽകുക. ഇസ്രയേലിന് യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണയുള്ളതിനാൽ ചർച്ചയിൽ ഇടനിലക്കാരായ ഫ്രാൻസിന്റെ മരുന്ന് സ്വീകാര്യമ​ല്ലെന്ന് ഹമാസ് വ്യവസ്ഥ വെച്ചിരുന്നു. ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മറ്റി മുഖേനയാണ് ബന്ദികൾക്കും ഗസ്സ പൗരന്മാർക്കും മരുന്ന് വിതരണം ചെയ്യുക. ഇതിനായുള്ള മരുന്ന് അൽപസമയം മുമ്പ് ഖത്തറിൽ നിന്ന് രണ്ട് വിമാനങ്ങളിലായി ഈജിപ്തിൽ എത്തിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇവ ഗസ്സയിലെ വിവിധ ആശുപത്രികളിൽ വിതരണം ചെയ്യും. ഗസ്സയിലേക്ക് കൂടുതൽ ഭക്ഷ്യവസ്തുക്കളും മാനുഷിക സഹായവും എത്തിക്കുന്നതും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സാധനങ്ങൾ പരിശോധിക്കാൻ ഇസ്രായേലിനെ അനുവദിക്കില്ലെന്നും അബു മർസൂഖ് അറിയിച്ചു. എന്നാൽ, പരിശോധനക്ക് അവസരം വേണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ 163 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 350 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയുന്നില്ലെന്നും മന്ത്രാലയം ടെലിഗ്രാം പോസ്റ്റിൽ പറഞ്ഞു.

ഇതോടെ, ഒക്‌ടോബർ 7ന് ശേഷം ഗസ്സയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 24,448 ആയി. 61,504 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags:    
News Summary - Hamas: One box of medicine for captives, 1,000 for Gaza people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.