ഒരു ബന്ദി കൂടി ഇസ്രായേൽ ആക്രമണത്തിൽ ​കൊല്ലപ്പെട്ടെന്ന് ഹമാസ്

ഗസ്സ: ഒരു ഇസ്രായേൽ ബന്ദി കൂടി ഇസ്രായേലിന്റെ ​വ്യോമാക്രമണത്തിൽ പരിക്കേറ്റ് കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ബ്രിട്ടീഷ്-ഇസ്രായേൽ പൂരനായി നദവ് പോപ്പിൾവെൽ ( 51) ആണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു.

ഒരു മാസം മുമ്പാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ നദവിന് പരിക്കേറ്റത്. കണ്ണിന് ചുറ്റും പരിക്കേറ്റ നിലയിൽ 11 സെക്കൻഡ് ദൈർഘ്യമുള്ള നദവിന്റെ വിഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച മരണം സ്ഥിരീകരിച്ച് ടെലഗ്രാമിൽ പോസ്റ്റ് ഇട്ടത്.

“സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങളുടെ സർക്കാർ കള്ളം പറയുകയാണ്’ എന്ന് അറബിയിലും ഹീബ്രുവിലുമുള്ള അടിക്കുറിപ്പോടെയായിരുന്നു വിഡിയോ പുറത്തുവിട്ടത്. നദവിന്റെ മരണം അറിഞ്ഞതോടെ ബന്ദിമോചനത്തിന് വേണ്ടി ഇസ്രായേലിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തിയാർജിച്ചു. ഹമാസുമായി വെടിനിർത്തൽ കരാർ ഒപ്പിട്ട് ബന്ദികളെ മുഴുവൻ മോചിപ്പിക്കണമെന്ന് ബന്ദികളുടെ ബന്ധുക്കളും ആക്ടിവിസ്റ്റുകളും ആവശ്യപ്പെട്ടു.

ഒക്‌ടോബർ 7 ന് ഹമാസ് നടത്തിയ ‘തൂഫാനുൽ അഖ്സ’ ഓപറേഷനിടയിലാണ് നിരീമിൽനിന്ന് നദവിനെ പിടികൂടിയതെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ അമ്മ ഹന്ന പെരിയും ബന്ദിയാക്കപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ വർഷം ഹമാസും ഇസ്രായേലും തമ്മിൽ ബന്ദികളെ കൈമാറ്റം ചെയ്തപ്പോൾ അമ്മയെ വിട്ടയച്ചു. നദവിന്റെ മറ്റൊരു സഹോദരൻ ഒക്ടോബർ ഏഴിന് കൊല്ലപ്പെട്ടതായും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ 27ന് കീത്ത് സീഗൽ, ഒമ്രി മിറാൻ എന്നീ തടവുകാരുടെ വിഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. മൂന്ന് ദിവസം മുമ്പ് ബന്ദിയായ ഹെർഷ് ഗോൾഡ്‌ബെർഗിന്റെ വിഡിയോയും പുറത്തുവിട്ടിരുന്നു.

Tags:    
News Summary - Hamas says a captive has died of wounds sustained in Israeli air strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.