ഗസ്സ: ഇസ്രായേലുമായുള്ള വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ലെന്ന് ഹമാസ്. ബന്ദിമോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ചർച്ചകളിൽ പുരോഗതിയില്ലെന്ന് ഹമാസ് അറിയിച്ചിരിക്കുന്നത്. മുതിർന്ന ഹമാസ് വക്താവ് ഉസാമ ഹംദാനാണ് ഇക്കാര്യം അറിയിച്ചത്.
ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാർ സംബന്ധിച്ച് ചർച്ചക്ക് തയാറാണെന്ന് ഹംദാൻ അറിയിച്ചു. ഗസ്സയിൽ സ്ഥിരമായ വെടിനിർത്തലിനായി ചർച്ചകൾക്ക് തയാറാണ്. ചർച്ചകളെ ഹമാസ് പോസിറ്റീവായാണ് കാണുന്നത്. ഇസ്രായേലിന്റെ നിബന്ധനകൾ അംഗീകരിക്കാൻ ഹമാസിന് മേൽ യു.എസ് സമ്മർദം ചെലുത്തുകയാണെന്നും ഹംദാൻ പറഞ്ഞു.
ഗസ്സയിൽ നിന്നും ഇസ്രായേൽ പൂർണമായും പിന്മാറണമെന്നാണ് ഹമാസിന്റെ ആവശ്യം. എന്നാൽ, താൽക്കാലിക വെടിനിർത്തൽ മാത്രമേ സാധ്യമാവുവെന്നാണ് ഇക്കാര്യത്തിലെ ഇസ്രായേൽ നിലപാട്. ഇരു വിഭാഗവും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടിയത്.
അതേസമയം, ഇസ്രായേലിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാവുകയാണ്. 1.30 ലക്ഷം ആളുകളാണ് ശനിയാഴ്ച രാത്രി നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത്. വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കണമെന്നും ബന്ദികളെ തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. വെടിനിർത്തൽ കരാർ ഇനിയും ചവറ്റുകൊട്ടയിലെറിയാൻ നെതന്യാഹുവിനെ അനുവദിക്കരുതെന്ന് ബന്ദികളാക്കപ്പെട്ടവരിൽ ഒരാളുടെ ബന്ധു പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിനിടെ ബന്ദികളുടെ ബന്ധുക്കൾ വാർത്തസമ്മേളനം നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.