ഹനിയ്യയുടെ കൊലപാതകം: മൊസാദ് ഇറാൻ സുരക്ഷ ഉദ്യോഗസ്ഥരെ വിലക്കെടുത്തതായി റിപ്പോർട്ട്

തെഹ്റാൻ: ഹമാസ് രാഷ്ട്രീയ കാര്യ മേധാവി ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഇസ്രായേൽ ചാരസംഘടനയായ മൊസാദ് ഇറാനിയൻ സുരക്ഷാ ഏജന്റുമാരെ വിലക്കെടുത്ത് കൃത്യത്തിന് നിയോഗിച്ചതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.

രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന് നിയോഗിക്കപ്പെട്ട ഇറാൻ സുരക്ഷ സേനയിലെ അൻസാർ-അൽ-മഹ്ദി പ്രൊട്ടക്ഷൻ യൂനിറ്റിലെ ഏജന്റുമാരെയാണ് മൊസാദ് നിയോഗിച്ചതെന്നാണ് റിപ്പോർട്ട്.

മുൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ സംസ്‌കാര ചടങ്ങുകൾക്കായി ഹനിയ്യ തെഹ്‌റാൻ സന്ദർശിക്കുമ്പോൾ വധിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. ജനക്കൂട്ടം കാരണം ഓപ്പറേഷൻ ഉപേക്ഷിക്കുകയായിരുന്നു.

തുടർന്ന് മൊസാദിന്റെ നേതൃത്വത്തിൽ വടക്കൻ തെഹ്‌റാനിലെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സിന്റെ ഗസ്റ്റ് ഹൗസിലെ മൂന്ന് മുറികളിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിക്കുകയായിരുന്നു. ഹനിയ്യ അവിടെ താമസിക്കാൻ സാധ്യതയുള്ളതിനാലാണ് തന്ത്രപരമായി ഈ സ്ഥലം തിരഞ്ഞെടുത്തത്.

ബുധനാഴ്ച പുലർച്ചെ ഹനിയ്യ താമസിച്ചിരുന്ന മുറിയിൽ റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. ലബനാൻ, സിറിയ, ഇറാൻ തുടങ്ങിയ ശത്രു രാജ്യങ്ങളിൽ മൊസാദിന് വിവരദാതാക്കളുടെയും ഏജന്റുമാരുടെയും വിപുലമായ ഒരു ശൃംഖലയുണ്ട്. ആവശ്യമുള്ളപ്പോൾ കൃത്യമായ കൊലപാതകങ്ങൾ നടത്താൻ മൊസാദിനെ പ്രാപ്തരാക്കുന്നത് ഇത്തരം സംവിധാനങ്ങളാണ്. 

Tags:    
News Summary - Haniyeh's Assassination: Mossad Reportedly Bought Off Iranian Security Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.