ഹനിയ്യയുടെ ​കൊലപാതകത്തിന് ഇസ്രായേൽ വില​കൊടുക്കേണ്ടി വരും -ഹമാസ്

ഗസ്സ: ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ഇസ്മാഈൽ ഹനിയ്യയുടെ ​കൊലപാതകത്തിന് പിന്നിൽ ഇസ്രായേലാണെന്നും ഇതിനുള്ള ശിക്ഷ അവർക്ക് നൽകുമെന്നും ഹമാസ് നേതാവ് മൂസ അബു മർസൂഖ്. ഇസ്രായേലിന്റെ ഭീരുത്വത്തിന്റെ തെളിവാണ് കൊലപാതകം. ഇതിന് അവർ ശിക്ഷിക്കപ്പെടും -അ​ദ്ദേഹം പറഞ്ഞു.

ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വെച്ചാണ് ഇസ്മായിൽ ഹനിയയെ ഡ്രോൺ ആക്രമണത്തിൽ ഇസ്രായേൽ കൊലപ്പെടുത്തിയത്. ‘ദൈവമാർഗത്തിൽ കൊല്ലപ്പെട്ടവർ മരിച്ചുവെന്ന് നിങ്ങൾ കരുതരുത്. അവർ തങ്ങളുടെ രക്ഷിതാവിങ്കൽ എന്നും ജീവിക്കുന്നവരാണ്. നമ്മുടെ സഹോദരനും നേതാവും പോരാളിയുമായ ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വത്തിൽ ഫലസ്തീനിയൻ ജനതയെയും അറബ്, ഇസ്‌ലാമിക രാഷ്ട്ര​ങ്ങളെയും ലോകത്തിലെ എല്ലാ ജനങ്ങളെയും ഹമാസ് അനുശോചനം അറിയിക്കുന്നു. പുതിയ ഇറാനിയൻ പ്രസിഡൻ്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത ശേഷം തെഹ്‌റാനിലെ വസതിയിൽ വെച്ചാണ് വഞ്ചനാപരമായ സയണിസ്റ്റ് ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടത്. നാം എല്ലാവരും ദൈവത്തിന്റേതാണ്, അവനിലേക്കാണ് നമ്മുടെ മടക്കവും. വിജയമായാലും രക്തസാക്ഷിത്വമായാലും ഇതൊരു ധർമസമരമാണ്’ -ഹമാസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ജറൂസലം മോചനത്തിന് ഹമാസ് തുറന്ന യുദ്ധം നടത്തുമെന്നും എന്തുവിലകൊടുക്കാനും തയാറാണെന്നും മുതിർന്ന ഹമാസ് വക്താവ് സമി അബു സുഹ്‌രി പറഞ്ഞു. എന്ത് ലക്ഷ്യത്തിനാണോ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ അവർ കൊലപ്പെടുത്തിയത്, ആ ലക്ഷ്യങ്ങൾ ഒരിക്കലും കൈവരിക്കാൻ പോകുന്നി​ല്ലെന്നും അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഹനിയ, തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനു പിന്നിലെ കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിനു പിന്നിൽ ഇസ്രായേലാണെന്ന് ഹമാസ് ആരോപിച്ചു. ഖത്തറിൽ താമസിച്ചാണ് ഹമാസിന്‍റെ പ്രവർത്തനങ്ങൾക്ക് ഹനിയ്യ നേതൃത്വം നൽകിയിരുന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹനിയ്യയുടെ മക്കളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു.

2006ൽ ഫലസ്തീൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1989ൽ ഇസ്രായേൽ ജയിലിലടച്ച ഹനിയ്യയെ മൂന്ന് വർഷത്തിന് ശേഷമാണ് മോചിപ്പിച്ചത്. പിന്നീട് ലബനാനിലേക്ക്‌ നാടു കടത്തി. ഒരു വർഷത്തിന് ശേഷം ഓസ്ലോ കരാർ വ്യവസ്ഥയനുസരിച്ചാണ് വിട്ടയച്ചത്. ഫലസ്തീനിലേക്ക്‌ മടങ്ങിയ ഹനിയ്യ സുരക്ഷ കണക്കിലെടുത്താണ് പിന്നീട് ഖത്തറിലേക്ക് താമസം മാറ്റിയത്.​

കഴിഞ്ഞ ഏപ്രിലിൽ ഗസ്സ സിറ്റിക്ക് സമീപത്തെ അൽ-ഷാതി അഭയാർഥി ക്യാമ്പിൽ വ്യോമാക്രമണം നടത്തി ഹനിയ്യയുടെ മക്കളെ ഇസ്രായേൽ കൊല്ലപ്പെടുത്തിയിരുന്നു. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കളെ സന്ദർശിക്കാൻ പോകുമ്പോൾ ഇവർ സഞ്ചരിച്ച കാറിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. ഹനിയ്യയുടെ മൂന്ന് ആൺമക്കളും നാല് പേരക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഹാസിം, അമീർ, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട മക്കൾ.

Tags:    
News Summary - Haniyeh’s assassination ‘will not go unpunished’, says Hamas official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.