പിങ്ക് നിറമായി ഹവായ് റെഫ്യൂജ് കുളം...

യു.എസിലെ ഹവായിലുള്ള റെഫ്യൂജ് കുളത്തിലെ വെള്ളം പിങ്ക് നിറമായി മാറിയിരിക്കുന്നു. പിങ്ക് വെള്ളത്താൽ നിറഞ്ഞുകിടക്കുന്ന കുളം കാണാൻ കൗതുകമാണെങ്കിലും ഈ മാറ്റം അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇളം പിങ്ക് നിറം ആൽഗകൾ പൂക്കുന്നതിന്‍റെ ലക്ഷണമാകാം എന്നാണ് മൗയിയിലെ കീലിയ പോണ്ട് നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജിലെ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടത്. ഇത് വരൾച്ച കാരണമാകാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഈ സാഹചര്യത്തിൽ വെള്ളത്തിലിറങ്ങരുതെന്നും വെള്ളം കുടിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒക്‌ടോബർ 30 മുതൽ ഇവിടെ വെള്ളത്തിന്‍റെ നിറം മാറി തുടങ്ങിയിരുന്നു. ലാബ് പരിശോധനയിൽ വിഷാംശമുള്ള ആൽഗകൾ നിറത്തിന് കാരണമാകുന്നില്ലെന്ന് കണ്ടെത്തി. 'ഹാലോബാക്ടീരിയ' എന്ന ജീവിയാണ് ഈ നിറംമാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഉയർന്ന അളവിൽ ഉപ്പുള്ള ജലാശയങ്ങളിൽ തഴച്ചുവളരുന്ന ഒരുതരം ഏകകോശജീവിയാണ് ഹാലോബാക്ടീരിയ. കെലിയ പോണ്ട് ഔട്ട്‌ലെറ്റ് ഏരിയയ്ക്കുള്ളിലെ ലവണാംശം വളരെ കൂടുതലാണ്. ഇത് കടൽജലത്തിന്‍റെ ഇരട്ടി ലവണാംശമുള്ളതാണ്. പിങ്ക് നിറം സൃഷ്ടിക്കുന്ന ജീവിയെ കൃത്യമായി തിരിച്ചറിയാൻ ഡി.എൻ.എ വിശകലനം നടത്തേണ്ടതുണ്ടെന്ന് പോണ്ട് നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മുമ്പും ഉയർന്ന ലവണാംശവും കടുത്ത വരൾച്ചയും ഇവിടെയുണ്ടായിരുന്നുവെങ്കിലും 70 വർഷമായി ചുറ്റുമുള്ള സന്നദ്ധപ്രവർത്തകർ പോലും ഈ നിറംമാറ്റം കണ്ടിട്ടില്ലെന്ന് പറയുന്നു. 'പിങ്ക് കുളത്തിന്‍റെ' ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് കുളം കാണാൻ എത്തുന്നത്.

തണ്ണീർത്തടം കൂടിയായ ഈ കുളത്തിൽ വംശനാശഭീഷണി നേരിടുന്ന ഹവായിയൻ സ്റ്റിൽറ്റ് എന്ന നീർപക്ഷി കൂടുണ്ടാക്കുന്നുണ്ട്. മഞ്ഞുകാലത്ത് ദേശാടനപക്ഷികളും ഇവിടെ താമസിക്കാറുണ്ട്. ഇതുവരെയും ഈ കുളത്തിലെ വെള്ളം പക്ഷികൾക്ക് ദോഷം ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ഇത് സ്വാഭാവിക നിറംമാറ്റമാണെന്നും വിഷാംശമൊന്നും വെള്ളത്തിൽ കലർന്നിട്ടില്ലെന്നുമാണ് നിഗമനം. എന്നാൽ നിറത്തിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്തതിനാൽ വെള്ളത്തിൽ ഇറങ്ങുകയോ മത്സ്യം കഴിക്കുകയോ ചെയ്യരുതെന്ന് ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - Hawaii Refuge Pool Turns Pink

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.