വാഷിങ്ടൺ: റഫയിൽ അഭയംപ്രാപിച്ച ലക്ഷക്കണക്കിന് മനുഷ്യരെ കൂട്ടക്കൊലചെയ്യാൻ ഇസ്രായേൽ ഒരുങ്ങവേ, യു.എന്നിൽ ഇസ്രായേലിന് അനുകൂലമായി വീണ്ടും വീറ്റോ പ്രയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന അൾജീരിയൻ പ്രമേയം യു.എൻ സുരക്ഷാ കൗൺസിലിൽ വോട്ടിനിട്ടാൽ തങ്ങൾ വീറ്റോ ചെയ്യുമെന്നാണ് ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് മുന്നറിയിപ്പ് നൽകിയത്.
ഗസ്സയിലെ കൂട്ടക്കുരുതിയിൽ ഇസ്രായേലിന്റെ പങ്കുകാരനായി അമേരിക്ക ഐക്യരാഷ്ട്രസഭയിൽ അവതരിക്കുന്നത് ഇത് ആദ്യമായല്ല. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ലോകരാജ്യങ്ങളുടെ ആഹ്വാനങ്ങൾ തടയാൻ നിരവധി തവണ അമേരിക്കയിലെ ബൈഡൻ ഭരണകൂടം തങ്ങളുടെ നയതന്ത്ര അധികാരം ഉപയോഗിച്ചിട്ടുണ്ട്.
ഗസ്സയിൽ മനുഷ്യക്കുരുതി തുടങ്ങി 11ാം നാൾ, ഒക്‌ടോബർ 18ന്, യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്ന കരട് പ്രമേയം സുരക്ഷാ കൗൺസിലിൽ വീറ്റോ ചെയ്താണ് യു.എസ് ഇതിന് തുടക്കമിട്ടത്. വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം ഡിസംബർ 8ന് യു.എസ് വീണ്ടും വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞു. ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം, ഡിസംബർ 22ന് ഗസ്സക്ക് സഹായം എത്തിക്കാൻ ആവശ്യപ്പെടുന്ന സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിൽ വെള്ളം ചേർക്കാനും അമേരിക്ക കഠിനപരിശ്രമം നടത്തി.
വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എൻ ജനറൽ അസംബ്ലിയിൽ ഡിസംബർ 13ന് വോട്ടിനെത്തിയപ്പോൾ, അവിടെ ആർക്കും വീറ്റോ അധികാരമില്ലാത്തതിനാൽ മാത്രം അമേരിക്കക്ക് തടയാൻ കഴിഞ്ഞില്ല. എന്നാൽ, 153 രാജ്യങ്ങൾ പിന്തുണച്ച ഈ പ്രമേയത്തെ എതിർത്ത് വോട്ടുചെയ്ത് ഗസ്സയിലെ ചോരക്കൊതിയിൽ തങ്ങൾക്കുള്ള പങ്ക് അമേരിക്ക തുറന്നുകാണിച്ചു. അമേരിക്കയും മറ്റ് എട്ടുചെറുരാജ്യങ്ങളുമാണ് വെടിനിർത്തലിനെ എതിർത്ത് വോട്ടുചെയ്തത്.
ഇതിനുപിന്നാലെയാണ് അൾജീരിയൻ പ്രമേയം വോട്ടിനുവന്നാൽ തങ്ങൾ വീറ്റോ ചെയ്യുമെന്ന് യു.എസ് ഇപ്പോൾ ഭീഷണി മുഴക്കുന്നത്.
ഇസ്രായേലും ഹമാസും തമ്മിൽ കരാറിലെത്താൻ അമേരിക്ക നിരന്തരം ശ്രമിക്കുന്നുണ്ടെന്നും അതിനിടയിൽ വെടിനിർത്തൽ വേണ്ടതില്ലെന്നുമാണ് ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് ഇതിന് ന്യായീകരണമായി പറയുന്നത്.
‘ഹമാസ് -ഇസ്രായേൽ കരാറിന് വേണ്ടി പ്രസിഡന്റ് ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായും ഈജിപ്തിലെയും ഖത്തറിലെയും നേതാക്കളുമായും ഒന്നിലധികം തവണ ഫോൺ വിളിച്ചിട്ടുണ്ട്. വിയോജിപ്പുകൾ ഉണ്ടെങ്കിലും ചർച്ച തുടരുകയാണ്. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കാനും യുദ്ധത്തിന് നീണ്ട ഇടവേള സാധ്യമാക്കാനുമുള്ള മികച്ച അവസരമാണ് ഈ കരാർ. കൂടുതൽ ജീവൻ പേരുടെ ജീവൻ രക്ഷിക്കാനും ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഫലസ്തീൻ പൗരന്മാർക്ക് എത്തിക്കാനും ഇതനുവദിക്കും. അതല്ലാതെ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയം കൊണ്ട് ഈ ഫലം കൈവരിക്കില്ല’ - തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.