ന്യൂഡൽഹി: ഡോണൾഡ് ട്രംപ് വീണ്ടും യു.എസ് പ്രസിഡന്റായി അധികാരത്തിൽ വരുമ്പോൾ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരിക്കെ, അമേരിക്കയെ ഒന്നാമതാക്കുന്ന നയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യു.എസ് വിദേശനയം പരിഷ്‍കരിക്കാൻ ശ്രമിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിച്ചത് ഹൗഡി മോദി, നമസ്തേ ട്രംപ് പരിപാടികളായിരുന്നു. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര പങ്കാളിയാണ് യു.എസ്.ട്രംപ് വീണ്ടും പ്രസിഡന്റാവുന്നതോടെ വ്യാപാരം, കുടിയേറ്റം, സൈനിക സഹകരണം, നയതന്ത്രം തുടങ്ങിയ തലങ്ങളിൽ എന്തൊക്കെ മാറ്റങ്ങളും വെല്ലുവിളികളും നേരിടേണ്ടി വരും എന്നത് പരിശോധിക്കാം.
അന്താരാഷ്ട്ര ഇടപെടലുകൾ കുറച്ച് അമേരിക്കൻ ജനതക്ക് കൂടുതൽ മുൻഗണന നൽകുന്നതാണ് ട്രംപിന്റെ വിദേശനയമെന്ന് ഏറ്റവും ലളിതമായി പറയാം. ആദ്യമായി പ്രസിഡന്റായപ്പോൾ, പാരീസ് കാലാവസ്ഥ ഉടമ്പടി, ഇറാൻ ആണവ കരാർ പോലുള്ള പ്രധാനപ്പെട്ട അന്താരാഷ്ട്ര കരാറുകളിൽ നിന്ന് ഒറ്റയടിക്ക് പിൻവാങ്ങുകയാണ് ട്രംപ് ചെയ്തത്. വീണ്ടും അധികാരത്തിലെത്തുമ്പോൾ, ഇത്തരം നയങ്ങളുമായി മുന്നോട്ടുപോയാൽ ഇന്ത്യയടക്കമുള്ള യു.എസിന്റെ സഖ്യകക്ഷികളെ അത് അലോസരപ്പെടുത്തുമെന്ന കാര്യം ഉറപ്പാണ്.
ഇന്ത്യയുമായുള്ള ബന്ധത്തെ സ്വാധീനിക്കുന്ന മറ്റൊന്ന് വ്യാപാരമാണ്. തെരഞ്ഞെടുക്കപ്പെട്ടാൻ നികുതി നയം പരിഷ്‍കരിക്കുമെന്നും വിദേശഉൽപ്പന്നങ്ങൾക്ക് ഉയർന്ന ഇറക്കുമതിചുങ്കം ഏർപ്പെടുത്തുമെന്നും കഴിഞ്ഞ മാസം ട്രംപ് പ്രഖ്യാപിച്ചിരുന്നു.
''അമേരിക്കയുടെ സമ്പത്ത് വർധിപ്പിക്കുകയാണ് ഏറ്റവും പ്രധാനം. സാധാരണയായി നമ്മൾ വലിയ ഇറക്കുമതി ചുങ്കമൊന്നും വിദേശ ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്നില്ല. പ്രത്യേകിച്ച് വാനുകളും ട്രക്കുകളും പോലുള്ളവക്ക്. ചൈന അതിനൊക്കെ 200 ശതമാനം ചുങ്കമാണ് ചുമത്തുന്നത്. ബ്രസീലും അങ്ങനെ തന്നെയാണ്. ഇവലെ എല്ലാവരെക്കാളും ചുങ്കമുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയുമായി യു.എസിന് വളരെ മികച്ച ബന്ധമാണ്. മോദിയുടെ കാലത്താണ് അതു മെച്ചപ്പെട്ടത്. അദ്ദേഹം മികച്ച നേതാവാണ്. എന്നാലും വളരെ ഉയർന്ന താരിഫാണ് ഇന്ത്യ ഈടാക്കുന്നത്.''-ട്രംപ് പറഞ്ഞു.
പ്രധാനമായും യു.എസ് വിപണിയെ ആശ്രയിക്കുന്ന
ഇന്ത്യയിലെ ഐ.ടി, ഫാർമസ്യൂട്ടിക്കൽ, ടെക്സ്റ്റൈൽ വിഭാഗങ്ങൾക്കായിരിക്കും ട്രംപിന്റെ ഇറക്കുമതി തീരുവ നയം വലിയ തിരിച്ചടി സൃഷ്ടിക്കുക. യു.എസിന്റെ എച്ച്‍ -വൺ ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യൻ ഐ.ടി യുവാക്കളാണ്. ട്രംപന്റെ കുടിയേറ്റനയം ഏറ്റവും ബാധിക്കുക എച്ച്-വൺ ബി വിസയെ തന്നെയായിരിക്കും. ട്രംപ് ആദ്യം അധികാരത്തിലേറിയപ്പോൾ, വിദേശ തൊഴിലാളികളുടെ ശമ്പളവർധനവിലടക്കം ഇടപെട്ടിരുന്നത് ഇന്ത്യയിലെ ഐ.ടി കമ്പനികൾക്കും ജീവനക്കാർക്കും വലിയ തിരിച്ചടിയായിരുന്നു. വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനും ട്രംപ് ഭരണകൂടം ശ്രമിച്ചിരുന്നു. അത്തരം നടപടികൾ പുനഃസ്ഥാപിക്കുകയാണ് ട്രംപിന്റെ പദ്ധതിയെങ്കിലും ഇന്ത്യയിലെ ഐ.ടി മേഖലയിലെ യുവാക്കൾ ചുറ്റിപ്പോകും.
ട്രംപാണ് അധികാരത്തിൽ വരുന്നതെങ്കിൽ വ്യാപാരം, കുടിയേറ്റം എന്നീ വിഷയങ്ങളിൽ ചർച്ച വലിയ പ്രതിസന്ധിയായിരിക്കുമെന്ന് വിദേശകാര്യമന്ത്രി തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്.
ഏതാനും വർഷങ്ങളായി സൈനിക-പ്രതിരോധ മേഖലകളിൽ ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് ക്രിറ്റിക്കൽ ആൻഡ് എമർജിങ് ടെക്നോളജി പോലുള്ളവ പുതിയ തുടക്കത്തിനും ജി.ഇ. ഹാൾ കരാറിനും തുടക്കം കുറിക്കുകയുണ്ടായി. ചൈനയെ നേരിടാൻ യു.എസ്, ഇന്ത്യ,ജപ്പാൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ ക്വാഡ് സഖ്യത്തിന് ട്രംപ് ഭരണകൂടം ശ്രമിച്ചിരുന്നു. അത്തരത്തിലുള്ളവ വീണ്ടും തുടരുമോ എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. പുതിയ ഭരണകൂടത്തിൽ പ്രതിരോധ സഹകരണം, ആയുധ വിൽപ്പന, സാങ്കേതിക വിദ്യ കൈമാറ്റം, സംയുക്ത സൈനികാഭ്യാസം എന്നിവ എങ്ങനെയായിരിക്കും എന്നതും കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.