‘കുഞ്ഞിക്കാലും കൈയും തിരികെ തരൂ.. എനിക്ക് കളിക്കണം’ -ഷൈമ പറയുന്നു VIDEO

ഗസ്സ: ‘എനിക്ക് കൂട്ടുകാരോടൊപ്പം കളിക്കാൻ കൊതിയാകുന്നു.. എന്റെ കുഞ്ഞിക്കാലും കൈയും തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നാശിച്ച് പോവുകയാണ്...’ ആശുപത്രിക്കിടക്കയിൽനിന്ന് ഷൈമ എന്ന അഞ്ചുവയസ്സുകാരി പറഞ്ഞു നിർത്തുമ്പോൾ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെയാണ് ഇസ്രായേൽ ബോംബാക്രമണത്തിൽ ഈ കുരുന്നി​ന്റെ കൈ അറ്റുപോയത്. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ വീണ്ടും ബോംബാക്രണത്തിന് ഇരയായി കാലും മുറിഞ്ഞുപോയി.

അതേക്കുറിച്ച് ഷൈമ തന്നെ ഓർത്തെടുക്കുന്നത് കേൾക്കാം: ‘ഞങ്ങൾ അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നത്. സഹോദര​ങ്ങളോടൊപ്പം കളിക്കുകയായിരുന്നു ഞാൻ. ഭക്ഷണമുണ്ടാക്കാനുള്ള ഒരുക്കത്തിലായിരുന്നു അമ്മ. അച്ഛൻ അതിനായി തീ കത്തിക്കുകയായിരുന്നു. പെട്ടെന്ന് തൊട്ടടുത്തുള്ള വീട് (ഇസ്രായേൽ) ബോംബിട്ടു തകർത്തു. അവിടെ നിന് ചുട്ടുപഴുത്ത ഒരു ഇരുമ്പ് കഷ്ണം ​എന്റെ ദേഹത്ത് തെറിച്ചു വീണു. നോക്കിയപ്പോൾ എന്റെ കൈമുട്ടിന് താഴെ അറ്റുപോയിരിക്കുന്നു. ഉടൻ അച്ഛൻ ഒരുകാർ നിർത്തിച്ച് എന്നെ അതിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പാഞ്ഞു. ഇതിനിടെ തെരുവിൽ വെച്ച് വീണ്ടും ഞങ്ങൾക്ക് നേരെ ബോംബാക്രമണം നടന്നു. ഇത്തവണ എന്റെ കാൽ അറ്റുപോയി...’

Full View

ഷൈമയുടെ നഷ്ടമായ കൈയുടെയും കാലിന്റെയും ഭാഗം ഇപ്പോൾ ​​​മരുന്ന് വെച്ച് വെള്ളത്തുണി​കൊണ്ട് പൊതിഞ്ഞുകെട്ടിയിരിക്കുകയാണ്. കൂട്ടുകാർക്കൊപ്പം വീട്ടുമുറ്റത്ത് പാറിപ്പറന്നു കളിക്കുന്നതും കിനാവുകണ്ട് ആശുപത്രിക്കിടക്കയിൽ കിടക്കുക്യാണ് ഈ കുഞ്ഞുമോൾ.

ഇതുപോലെ ഇസ്രായേൽ ബോംബാക്രമണത്തിൽ കൈകാലുകൾ നഷ്ടപ്പെട്ട ആയിരക്കണക്കിന് ഫലസ്തീൻ കുരുന്നുകളാണ് നരകയാതന അനുഭവിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ കുട്ടികൾക്കായുള്ള ഏജൻസി (യുനിസെഫ്) അറിയിച്ചു. ഷൈമയെ കൂടാതെ ഒരുകാൽ നഷ്ടപ്പെട്ട  റമദാൻ എന്ന 11കാരന്റെയും വിഡിയോ യുനിസെഫ് പങ്കുവെച്ചിട്ടുണ്ട്. വളർത്തുജീവികൾക്ക് തീറ്റ കൊടുക്കുന്നതിനിടെയാണ് ഈ കുട്ടി ഇസ്രായേൽ ആക്രമണത്തിനിരയായത്. താനെങ്ങിനെയാണ് ഇനി സ്കൂളിൽ പോവുകയെന്നും ഓടിക്കളിക്കുകയെന്നും റമദാൻ പരിതപിക്കുന്നു.


‘എന്റെ താറാവുകൾക്കും കോഴിക്കുഞ്ഞുങ്ങൾക്കും തീറ്റ കൊടുക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് ഞങ്ങളുടെ വീട്ടിന് ​എതിർവശത്തുള്ള വീട് (ഇസ്രായേൽ) ബോംബിട്ടു തകർത്തത്. ആ സമയത്ത് എനിക്ക് വേദന ഒന്നും തോന്നിയില്ല. പിന്നെ ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് എന്റെ കാൽ അറ്റുപോയെന്ന് മനസ്സിലായത്. ഞാനെങ്ങിനെയാണ് ഇനി സ്കൂളിൽ പോവുക? ഞാനെങ്ങനെ ഓടിക്കളിക്കും? എന്റെ കൂട്ടുകാ​രോടൊപ്പം എങ്ങിനെയാണ് ഇനി കളിക്കുക?’ -റമദാന്റെ ചോദ്യം കേട്ടുനിൽക്കുന്നവരുടെ ഉള്ളം തകർക്കും. 

Tags:    
News Summary - ‘I wish my hand and leg came back because I want to play again’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.