ഹേഗ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രിക്കും ഗസ്സയിലെ ഹമാസ് നേതാവ് യഹ്യ സിൻവാർ അടക്കമുള്ളവർക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) ചീഫ് പ്രോസിക്യൂട്ടർ. 2023 ഒക്ടോബർ 7 മുതൽ ഇസ്രായേലിലും ഗസ്സയിലും നടത്തുന്ന യുദ്ധക്കുറ്റങ്ങളിലും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലും ഇരുകൂട്ടർക്കും ഉത്തരവാദിത്തമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഐ.സി.സി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ ഉത്തരവിൽ പറഞ്ഞു.
അധിനിവേശ ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് കഴിഞ്ഞ മൂന്ന് വർഷമായി ഐ.സി.സി ചീഫ് പ്രോസിക്യൂട്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ തൂഫാനുൽ അഖ്സ ഓപറേഷനും ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണവും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോഴത്തെ നടപടി. ഇതാദ്യമായാണ് ഇസ്രായേലിനെതിരെ ഐ.സി.സി നടപടിക്കൊരുങ്ങുന്നത്.
മനുഷ്യരാശിക്കെതിരായ ആക്രമണമാണ് ഗസ്സയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെയും പ്രതിരോധ മന്ത്രി യോആവ് ഗാലൻറിന്റെയും നേതൃത്വത്തിൽ നടക്കുന്നതെന്ന് ഐ.സി.സി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സാധാരണക്കാർക്കെതിരായ ഉൻമൂലനം, യുദ്ധരീതിയെന്ന നിലയിൽ ആളുകളെ പട്ടിണിക്കിട്ട് കൊല്ലുക, ക്രൂരമായി പെരുമാറുക, സാധാരണക്കാരെ മനഃപൂർവം കൊലപ്പെടുത്തുക, സിവിലിയൻ ജനതയ്‌ക്കെതിരായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുക തുടങ്ങിയവയിൽ ഇരുവർക്കും ഉത്തരവാദിത്തമുള്ളതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിന്റെ ഉത്തരവാദികൾ എന്ന നിലക്കാണ് ഹമാസ് നേതാക്കളായ യഹിയ സിൻവാർ, ദയീഫ്, ഇസ്മാഈൽ ഹനിയ എന്നിവർക്കെതിരെ അറസ്റ്റ് വാറന്റിന് അനുമതി തേടിയത്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം, കൊലപാതകം, ബന്ദികളാക്കൽ, ലൈംഗിക അതിക്രമം, മനുഷ്യത്വരഹിതമായ പ്രവൃത്തികൾ തുടങ്ങിയവയിൽ ഇവർക്ക് ഉത്തരവാദിത്തമുണ്ടെന്ന് ചീഫ് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ചീഫ് പ്രോസിക്യൂട്ടർ. ഇദ്ദേഹം സമർപ്പിക്കുന്ന റിപ്പോർട്ട് പരിഗണിച്ചാണ് ഐസിസി ജഡ്ജിമാരുടെ പാനല്‍ വിധിപ്രസ്താവിക്കുക. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.