ലാഹോർ: രാഷ്ട്രീയ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ ആഞ്ഞടിച്ച് പാകിസ്താൻ മുസ് ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ) ഉപാധ്യക്ഷയും മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്‍റെ പുത്രിയുമായ മറിയം നവാസ്. ഇംറാൻ ഖാൻ നിങ്ങളുടെ കളി കഴിഞ്ഞെന്ന് മറിയം നവാസ് പ്രതികരിച്ചു. കളിയിൽ തോറ്റ ശേഷം ആരും രക്ഷിക്കാൻ വരില്ലെന്ന് പ്രധാനമന്ത്രിക്ക് അറിയാമെന്നും മറിയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തനിക്കെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഇംറാൻ വിശ്വസിക്കുന്നു. എന്നാൽ, ഇംറാൻ അയാൾക്കെതിരെ തന്നെയാണ് ഗൂഢാലോചന നടത്തുന്നത്. അദ്ദേഹം തന്റെ കടമ നിറവേറ്റിയിരുന്നെങ്കിൽ, 10 ലക്ഷം ആളുകൾ തെരുവിൽ അണിനിരക്കില്ലായിരുന്നുവെന്നും മറിയം നവാസ് ചൂണ്ടിക്കാട്ടി.
ഇംറാൻ ഖാനെതിരെ അവിശ്വാസ പ്രമേയം പാസാകുന്ന സാഹചര്യത്തിൽ ഭരണം പിടിക്കാനുള്ള തുടർനടപടികൾ പ്രതിപക്ഷ പാർട്ടിയായ പി.എം.എൽ-എൻ തുടങ്ങി. മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്‍റെ സഹോദരൻ ഷെഹബാസ് ശരീഫിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നാമനിർദേശം ചെയ്തു.
ഇംറാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ പാകിസ്താൻ ദേശീയ അസംബ്ലി വെള്ളിയാഴ്ച ചേരും. അവിശ്വാസപ്രമേയം പാസാക്കാൻ പ്രതിപക്ഷത്തിന് വിമതരുടെ വോട്ട് നിർണായകമാണ്. പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ)യിലെ 24 അംഗങ്ങളാണ് കൂറുമാറിയത്. 342 അംഗ നാഷനൽ അസംബ്ലിയിൽ 172 പേരുടെ പിന്തുണയുണ്ടെങ്കിൽ അവിശ്വാസപ്രമേയം പാസാകും. പി.ടി.ഐക്ക് 155 അംഗങ്ങളാണുള്ളത്.
സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പനിരക്കും നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു കാണിച്ചാണ് പ്രതിപക്ഷം ഇംറാൻ ഖാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അതേസമയം, അവിശ്വാസ പ്രമേയത്തിൽ ഇംറാൻ ഖാനെതിരെ വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ച ഭരണകക്ഷി അംഗങ്ങളെ ആജീവനാന്തം അയോഗ്യരായി പ്രഖ്യാപിക്കാൻ ഭരണഘടനാ സാധുത തേടി പാക് സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.