ഹിറ്റ് വിക്കറ്റ്- രാഷ്ട്രീയത്തിന്റെ ക്രീസിൽ നിന്ന് ഇംറാന് നാണംകെട്ട പുറത്താകൽ

ഇസ്‍ലാമാബാദ്: 1992 മാർച്ച് 25ന് പാകിസ്താൻ തങ്ങളുടെ ആദ്യ ലോകകപ്പ് ഉയർത്തിയപ്പോൾ ആ കിരീടം പിടിച്ചത് ഇംറാൻ ഖാന്റെ കൈകളായിരുന്നു. അന്ന് പാകിസ്താനികൾ ഹൃദയത്തിലേറ്റിയ പേരായിരുന്നു ഇംറാൻ എന്നത്. 2018 ആഗസ്റ്റ് 13ന് ഇംറാൻ പ്രധാനമന്ത്രിയായപ്പോൾ ക്രിക്കറ്റ് കളത്തിലെ അതേ നായക മികവ് രാഷ്​ട്രീയത്തിലും ആ ജനത പ്രതീക്ഷിച്ചു. പാകിസ്താൻ മുസ്‌ലിം ലീഗും പാകിസ്താൻ പീപ്ൾസ് പാർട്ടിയും നടത്തിയ ഭീകര അഴിമതിവാഴ്ചക്കെതിരെ പടവാളെടുക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഇംറാന്റെ സ്ഥാനാരോഹണം.

1992ലെ ലോകകപ്പ് ക്രിക്കറ്റ് ​ട്രോഫിയുമായി ഇംറാൻ ഖാൻ (ഫയൽ ചിത്രം)

തീർത്തും രാഷ്ട്രീയ അനിശ്ചിതത്വം നിറഞ്ഞ നാട്ടിൽ 'ന​യാ പാ​കി​സ്താ​ൻ' സൃ​ഷ്ടി​ക്കു​മെ​ന്ന ഇംറാന്റെ പ്രഖ്യാപനം വൻ കരഘോഷത്തോടെയാണ് പാക് ജനത എതിരേറ്റത്. ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കു​മെന്നും മി​ക​ച്ച വി​ദേ​ശ​ന​യം സ്വീ​ക​രി​ക്കു​മെന്നുമുള്ള വാഗ്ദാനങ്ങൾ അവർക്ക് പുതുജീവൻ നൽകി. എന്നാൽ, മുൻഗാമികളിൽനിന്നും ഒരടിപോലും മുന്നോട്ടുപോകാൻ ഇംറാനിലെ ക്രിക്കറ്റർക്കായില്ല.

അധികാരത്തിലിരിക്കെ താൻ രാഷ്ട്രീയത്തിൽ വന്നത് തക്കാളിയുടെയും ഉരുളക്കിഴങ്ങിന്റെയും വില നോക്കാനല്ലെന്ന് കൂടി പറഞ്ഞതോടെ സാധാരണക്കാർവരെ ഇംറാനിൽനിന്ന് അകന്നു. ആ അകൽച്ചക്ക് കളിക്കളത്തിൽ ഇംറാ​ൻ എറിഞ്ഞുതീർത്തത്രയും പന്തുകളുടെ വേഗമുണ്ടായിരുന്നു. അതാകട്ടെ അയാളെ അധികാര ക്രീസിന് പുറത്തേക്കും നയിച്ചു.


പഷ്തൂൺ വീരപുരുഷൻ

ഷെർമാൻഖേൽ വംശത്തിലെ (പഷ്തൂൺ) പത്താൻ നിയാസി കുടുംബത്തിൽ ഇഖ്റമുല്ല ഖാൻ നിയാസിയുടെയും ഷൗക്കത്ത് ഖാനുമിന്റെയും മകനായി 1952ൽ മിയാൻവാലിയിലാണ് ഇംറാന്റെ ജനനം. ലാഹോറിലെ ഐച്ചിസൺ കോളജിലും ഇംഗ്ലണ്ടിലെ റോയൽ ഗ്രാമർ സ്കൂൾ വോർസെസ്റ്ററിലും പഠനം. 1972ൽ അദ്ദേഹം ഓക്‌സ്‌ഫഡിലെ കെബിൾ കോളജിൽ ചേർന്നു. തത്ത്വചിന്ത, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നിവ പഠിച്ചു. 1971ൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ​ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ 18 വയസ്സായിരുന്നു ഇംറാന്.

1992 വരെയുള്ള കരിയറിൽ 1982 മുതൽ പത്തുവർഷക്കാലം ദേശീയ ടീമിന്റെ ക്യാപ്റ്റനായി. പൗരുഷവും രൂപഭംഗിയും ഒത്തിണങ്ങിയ ഇംറാൻ ഏറ്റവും യോഗ്യതയുള്ള ബാച്ചിലറായി വിശേഷിപ്പിക്കപ്പെട്ടു. പിന്നീട് മൂന്ന് തവണ വിവാഹിതനായി. 1995ൽ ബ്രിട്ടീഷ് കോടീശ്വരൻ ജെയിംസ് ഗോൾഡ്സ്മിത്തിന്റെ മകൾ ജെമിമയുമായിട്ടായിരുന്നു ആദ്യ വിവാഹം. ഒമ്പത് വർഷം മാത്ര​മായിരുന്നു ആ ബന്ധം. ഈ ബന്ധത്തിൽ രണ്ട് ആൺമക്കൾ. 2015ൽ ടി.വി അവതാരക റെഹം ഖാനുമായി രണ്ടാം വിവാഹം. പത്ത് മാസങ്ങൾക്ക് ശേഷം അത് അവസാനിച്ചു. 2018ൽ മൂന്നാമതും വിവാഹിതനായി. തന്റെ 'ആത്മീയ വഴികാട്ടി' ബുഷ്റ ബീബിയെയാണ് പങ്കാളിയാക്കിയത്.


അഴിമതി പോരാട്ടത്തിലൂ​ടെ അധികാരത്തിലേക്ക്

നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പ്ര​സ്ഥാ​നം എ​ന്ന പേ​രി​ൽ 1996ലാ​ണ് ഇം​റാ​ൻ ഖാ​ൻ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പി.​ടി.​ഐ) എ​ന്ന പാ​ർ​ട്ടി ആ​​രം​ഭി​ക്കു​ന്ന​ത്. 2002ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ല​മെ​ന്റ് അം​ഗ​മാ​യി. 2013ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും ദേ​ശീ​യ അ​സം​ബ്ലി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പി.​ടി.​ഐ രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ പാ​ർ​ട്ടി​യാ​യും വ​ള​ർ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം, 2014 ആ​ഗ​സ്റ്റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ശ​രീ​ഫി​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ലാ​ഹോ​റി​ൽ​നി​ന്ന് ഇ​സ്‍ലാ​മാ​ബാ​ദി​ലേ​ക്ക് ഇം​റാ​ൻ ന​ട​ത്തി​യ റാ​ലി രാ​ഷ്ട്രീ​യ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക​മാ​യി. ന​വാ​സ് ശ​രീ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​ക​ക്ഷി​യാ​യ പാ​കി​സ്താ​ൻ മു​സ്‍ലിം ലീ​ഗ് വോ​ട്ടെ​ടു​പ്പി​ൽ കൃ​ത്രി​മം ന​ട​ത്തി​യ​താ​യും രാ​ജി​വെ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു റാ​ലി.

അതുവരെ പാക് രാഷ്ട്രീയത്തി​ലെ പ്രധാനികളായ പാ​കി​സ്താ​ൻ മു​സ്‍ലിം ലീ​ഗിനെയും പാകിസ്താൻ പീപ്ൾസ് പാർട്ടിയെയും ഒരു പോലെ 'വിറപ്പിച്ച' റാലിയായിരുന്നു അത്. അഴിമതിക്കെതിരായ പോരാട്ടം തുടർന്ന ഇംറാൻ ഒ​ടു​വി​ൽ 2018ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി.


വിലങ്ങായി വിലക്കയറ്റം

അഴിമതിയും കെടുകാര്യസ്ഥതയും സാമ്പത്തിക മുരടിപ്പും കാരണം തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണ് ഇംറാനെ കാത്തിരുന്നത്. മന്ത്രിസഭ തലത്തിലുള്ള അഴിമതിക്ക് അൽപമെങ്കിലും തടയിടാന്‍ ഇംറാന് കഴിഞ്ഞതോടെ നല്ല നാളുകൾ പാകിസ്താനും സ്വപ്നം കാണാൻ തുടങ്ങി. പുതിയ തലമുറ വന്‍ പിന്തുണയാണ് നൽകിയത്. എന്നാൽ, സാ​മ്പ​ത്തി​ക​ വ​ള​ർ​ച്ച​യു​ടെ ഗ്രാ​ഫ് നാ​ൾ​ക്കു​നാ​ൾ താ​ഴേ​ക്കായിരുന്നു. സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ കൈക്കൊണ്ട നടപടികൾ ഒന്നുംതന്നെ ഫലം കണ്ടില്ലെന്നു മാത്രമല്ല തിരിച്ചടിക്കുകയും ചെയ്തു.

അന്താരഷ്ട്ര നാണയനിധിയിൽനിന്നും സൗദിയിൽ നിന്നും ചൈനയിൽ നിന്നും കടം വാങ്ങി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കിട്ടിയില്ല. വിലക്കയറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ, ഉയർന്ന വ്യാപാരകമ്മി, വൻ കടബാധ്യത എന്നിവക്കുമുന്നിൽ ഇംറാൻ കാഴ്ചക്കാരനായി. അതോടെ പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം ഇം​റാ​നെ​തി​രെ തി​രിഞ്ഞു. ഭ​ക്ഷ്യ​വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ലും ഇംറാൻ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. പാ​കി​സ്താ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് പ​ലി​ശ​നി​ര​ക്ക് ഉ​യ​ർ​ത്തി​യ​ത് വ്യ​വ​സാ​യ വ​ള​ർ​ച്ചയും മു​ര​ടി​പ്പി​ച്ചു.


പ്ര​തി​പ​ക്ഷം കളിച്ചു, ഇംറാൻ ഔട്ട്

26 വ​ർ​ഷ​ത്തെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ൽ മി​ക്ക​വാ​റും എ​ല്ലാ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളോ​ടും അ​ങ്ങേ​യ​റ്റം അ​വ​ഹേ​ള​ന​ത്തോ​ടെ​യാ​ണ് ഇം​റാ​ൻ പെ​രു​മാ​റി​യ​ത്. അ​ധി​കാ​ര​ത്തി​ലി​രി​ക്കു​മ്പോ​ൾ അ​വ​രെ അ​പ​കീ​ർ​ത്തി​പ്പെടുത്തുന്നത് തു​ട​ർ​ന്നു​. പ്ര​തി​പ​ക്ഷ​ത്തെ കു​റി​ച്ച് പ​രി​ഹാ​സ​ത്തോ​ടെ​യ​ല്ലാ​തെ അ​ദ്ദേ​ഹം സം​സാ​രി​ച്ചി​ട്ടി​ല്ല. പ​ല നേ​താ​ക്ക​ളെ​യും ജ​യി​ലി​ല​ട​ക്കു​ക​യും ചെ​യ്തു. വൈകാതെ പ്ര​തി​പ​ക്ഷം എല്ലാം മ​റ​ന്ന് ഒ​ന്നി​ക്കു​ക​യും ഇം​റാ​ന്റെ ര​ക്ത​ത്തി​നാ​യി തു​നി​ഞ്ഞി​റ​ങ്ങു​ക​യും ചെ​യ്തു. പ്ര​​ധാ​​ന​​മ​​ന്ത്രി പ​​ദ​​ത്തി​​ൽ​​നി​​ന്ന് ത​​ന്നെ താ​​ഴെ​​യി​​റ​​ക്കാ​​ൻ പ്ര​​തി​​പ​​ക്ഷ കൂ​​ട്ടാ​​യ്മ ന​​ട​​ത്തി​​യ ആ​​സൂ​​ത്രി​​ത നീ​​ക്ക​​ത്തി​​നെ​​തി​​രെ ഇം​​റാ​​ൻ ഖാ​നി​​ലെ മു​​ൻ ക്രി​​ക്ക​​റ്റ​​ർ ഉ​ണ​ർ​ന്നു ക​ളി​ച്ചെ​ങ്കി​ലും അവസാന ഓവറിൽ നാണംകെട്ട് പുറത്താകാനായിരുന്നു വിധി.

Tags:    
News Summary - Imran Khan's shameful expulsion from the crease of politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.