ഹിറ്റ് വിക്കറ്റ്- രാഷ്ട്രീയത്തിന്റെ ക്രീസിൽ നിന്ന് ഇംറാന് നാണംകെട്ട പുറത്താകൽ
text_fieldsഇസ്‍ലാമാബാദ്: 1992 മാർച്ച് 25ന് പാകിസ്താൻ തങ്ങളുടെ ആദ്യ ലോകകപ്പ് ഉയർത്തിയപ്പോൾ ആ കിരീടം പിടിച്ചത് ഇംറാൻ ഖാന്റെ കൈകളായിരുന്നു. അന്ന് പാകിസ്താനികൾ ഹൃദയത്തിലേറ്റിയ പേരായിരുന്നു ഇംറാൻ എന്നത്. 2018 ആഗസ്റ്റ് 13ന് ഇംറാൻ പ്രധാനമന്ത്രിയായപ്പോൾ ക്രിക്കറ്റ് കളത്തിലെ അതേ നായക മികവ് രാഷ്ട്രീയത്തിലും ആ ജനത പ്രതീക്ഷിച്ചു. പാകിസ്താൻ മുസ്‌ലിം ലീഗും പാകിസ്താൻ പീപ്ൾസ് പാർട്ടിയും നടത്തിയ ഭീകര അഴിമതിവാഴ്ചക്കെതിരെ പടവാളെടുക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഇംറാന്റെ സ്ഥാനാരോഹണം.
തീർത്തും രാഷ്ട്രീയ അനിശ്ചിതത്വം നിറഞ്ഞ നാട്ടിൽ 'നയാ പാകിസ്താൻ' സൃഷ്ടിക്കുമെന്ന ഇംറാന്റെ പ്രഖ്യാപനം വൻ കരഘോഷത്തോടെയാണ് പാക് ജനത എതിരേറ്റത്. ഭക്ഷ്യസാധനങ്ങളുടെ വില നിയന്ത്രിക്കുമെന്നും മികച്ച വിദേശനയം സ്വീകരിക്കുമെന്നുമുള്ള വാഗ്ദാനങ്ങൾ അവർക്ക് പുതുജീവൻ നൽകി. എന്നാൽ, മുൻഗാമികളിൽനിന്നും ഒരടിപോലും മുന്നോട്ടുപോകാൻ ഇംറാനിലെ ക്രിക്കറ്റർക്കായില്ല.
അധികാരത്തിലിരിക്കെ താൻ രാഷ്ട്രീയത്തിൽ വന്നത് തക്കാളിയുടെയും ഉരുളക്കിഴങ്ങിന്റെയും വില നോക്കാനല്ലെന്ന് കൂടി പറഞ്ഞതോടെ സാധാരണക്കാർവരെ ഇംറാനിൽനിന്ന് അകന്നു. ആ അകൽച്ചക്ക് കളിക്കളത്തിൽ ഇംറാൻ എറിഞ്ഞുതീർത്തത്രയും പന്തുകളുടെ വേഗമുണ്ടായിരുന്നു. അതാകട്ടെ അയാളെ അധികാര ക്രീസിന് പുറത്തേക്കും നയിച്ചു.
പഷ്തൂൺ വീരപുരുഷൻ
ഷെർമാൻഖേൽ വംശത്തിലെ (പഷ്തൂൺ) പത്താൻ നിയാസി കുടുംബത്തിൽ ഇഖ്റമുല്ല ഖാൻ നിയാസിയുടെയും ഷൗക്കത്ത് ഖാനുമിന്റെയും മകനായി 1952ൽ മിയാൻവാലിയിലാണ് ഇംറാന്റെ ജനനം. ലാഹോറിലെ ഐച്ചിസൺ കോളജിലും ഇംഗ്ലണ്ടിലെ റോയൽ ഗ്രാമർ സ്കൂൾ വോർസെസ്റ്ററിലും പഠനം. 1972ൽ അദ്ദേഹം ഓക്‌സ്‌ഫഡിലെ കെബിൾ കോളജിൽ ചേർന്നു. തത്ത്വചിന്ത, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നിവ പഠിച്ചു. 1971ൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ 18 വയസ്സായിരുന്നു ഇംറാന്.
1992 വരെയുള്ള കരിയറിൽ 1982 മുതൽ പത്തുവർഷക്കാലം ദേശീയ ടീമിന്റെ ക്യാപ്റ്റനായി. പൗരുഷവും രൂപഭംഗിയും ഒത്തിണങ്ങിയ ഇംറാൻ ഏറ്റവും യോഗ്യതയുള്ള ബാച്ചിലറായി വിശേഷിപ്പിക്കപ്പെട്ടു. പിന്നീട് മൂന്ന് തവണ വിവാഹിതനായി. 1995ൽ ബ്രിട്ടീഷ് കോടീശ്വരൻ ജെയിംസ് ഗോൾഡ്സ്മിത്തിന്റെ മകൾ ജെമിമയുമായിട്ടായിരുന്നു ആദ്യ വിവാഹം. ഒമ്പത് വർഷം മാത്രമായിരുന്നു ആ ബന്ധം. ഈ ബന്ധത്തിൽ രണ്ട് ആൺമക്കൾ. 2015ൽ ടി.വി അവതാരക റെഹം ഖാനുമായി രണ്ടാം വിവാഹം. പത്ത് മാസങ്ങൾക്ക് ശേഷം അത് അവസാനിച്ചു. 2018ൽ മൂന്നാമതും വിവാഹിതനായി. തന്റെ 'ആത്മീയ വഴികാട്ടി' ബുഷ്റ ബീബിയെയാണ് പങ്കാളിയാക്കിയത്.
അഴിമതി പോരാട്ടത്തിലൂടെ അധികാരത്തിലേക്ക്
നീതിക്കുവേണ്ടിയുള്ള പ്രസ്ഥാനം എന്ന പേരിൽ 1996ലാണ് ഇംറാൻ ഖാൻ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) എന്ന പാർട്ടി ആരംഭിക്കുന്നത്. 2002ലെ തെരഞ്ഞെടുപ്പിൽ പാർലമെന്റ് അംഗമായി. 2013ലെ തെരഞ്ഞെടുപ്പിൽ വീണ്ടും ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പി.ടി.ഐ രാജ്യത്തെ രണ്ടാമത്തെ വലിയ പാർട്ടിയായും വളർന്നു. തെരഞ്ഞെടുപ്പിന് ഒരു വർഷത്തിനുശേഷം, 2014 ആഗസ്റ്റിൽ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ രാജി ആവശ്യപ്പെട്ട് ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്ക് ഇംറാൻ നടത്തിയ റാലി രാഷ്ട്രീയ വളർച്ചയിൽ നിർണായകമായി. നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ പാകിസ്താൻ മുസ്‌ലിം ലീഗ് വോട്ടെടുപ്പിൽ കൃത്രിമം നടത്തിയതായും രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു റാലി.
അതുവരെ പാക് രാഷ്ട്രീയത്തിലെ പ്രധാനികളായ പാകിസ്താൻ മുസ്‌ലിം ലീഗിനെയും പാകിസ്താൻ പീപ്ൾസ് പാർട്ടിയെയും ഒരു പോലെ 'വിറപ്പിച്ച' റാലിയായിരുന്നു അത്. അഴിമതിക്കെതിരായ പോരാട്ടം തുടർന്ന ഇംറാൻ ഒടുവിൽ 2018ലെ പൊതുതെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തി.
വിലങ്ങായി വിലക്കയറ്റം
അഴിമതിയും കെടുകാര്യസ്ഥതയും സാമ്പത്തിക മുരടിപ്പും കാരണം തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണ് ഇംറാനെ കാത്തിരുന്നത്. മന്ത്രിസഭ തലത്തിലുള്ള അഴിമതിക്ക് അൽപമെങ്കിലും തടയിടാന്‍ ഇംറാന് കഴിഞ്ഞതോടെ നല്ല നാളുകൾ പാകിസ്താനും സ്വപ്നം കാണാൻ തുടങ്ങി. പുതിയ തലമുറ വന്‍ പിന്തുണയാണ് നൽകിയത്. എന്നാൽ, സാമ്പത്തിക വളർച്ചയുടെ ഗ്രാഫ് നാൾക്കുനാൾ താഴേക്കായിരുന്നു. സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ കൈക്കൊണ്ട നടപടികൾ ഒന്നുംതന്നെ ഫലം കണ്ടില്ലെന്നു മാത്രമല്ല തിരിച്ചടിക്കുകയും ചെയ്തു.
അന്താരഷ്ട്ര നാണയനിധിയിൽനിന്നും സൗദിയിൽ നിന്നും ചൈനയിൽ നിന്നും കടം വാങ്ങി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കിട്ടിയില്ല. വിലക്കയറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ, ഉയർന്ന വ്യാപാരകമ്മി, വൻ കടബാധ്യത എന്നിവക്കുമുന്നിൽ ഇംറാൻ കാഴ്ചക്കാരനായി. അതോടെ പ്രതിപക്ഷം ഒന്നടങ്കം ഇംറാനെതിരെ തിരിഞ്ഞു. ഭക്ഷ്യവില നിയന്ത്രിക്കുന്നതിലും ഇംറാൻ ദയനീയമായി പരാജയപ്പെട്ടു. പാകിസ്താൻ സെൻട്രൽ ബാങ്ക് പലിശനിരക്ക് ഉയർത്തിയത് വ്യവസായ വളർച്ചയും മുരടിപ്പിച്ചു.
പ്രതിപക്ഷം കളിച്ചു, ഇംറാൻ ഔട്ട്
26 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ മിക്കവാറും എല്ലാ പ്രതിപക്ഷ നേതാക്കളോടും അങ്ങേയറ്റം അവഹേളനത്തോടെയാണ് ഇംറാൻ പെരുമാറിയത്. അധികാരത്തിലിരിക്കുമ്പോൾ അവരെ അപകീർത്തിപ്പെടുത്തുന്നത് തുടർന്നു. പ്രതിപക്ഷത്തെ കുറിച്ച് പരിഹാസത്തോടെയല്ലാതെ അദ്ദേഹം സംസാരിച്ചിട്ടില്ല. പല നേതാക്കളെയും ജയിലിലടക്കുകയും ചെയ്തു. വൈകാതെ പ്രതിപക്ഷം എല്ലാം മറന്ന് ഒന്നിക്കുകയും ഇംറാന്റെ രക്തത്തിനായി തുനിഞ്ഞിറങ്ങുകയും ചെയ്തു. പ്രധാനമന്ത്രി പദത്തിൽനിന്ന് തന്നെ താഴെയിറക്കാൻ പ്രതിപക്ഷ കൂട്ടായ്മ നടത്തിയ ആസൂത്രിത നീക്കത്തിനെതിരെ ഇംറാൻ ഖാനിലെ മുൻ ക്രിക്കറ്റർ ഉണർന്നു കളിച്ചെങ്കിലും അവസാന ഓവറിൽ നാണംകെട്ട് പുറത്താകാനായിരുന്നു വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.