ഇസ്ലാമാബാദ്: മൃഗങ്ങളെ പരിപാലിക്കാനുള്ള ചിലവ് താങ്ങാനാവാതെ വന്നതോടെ സിംഹങ്ങളെ വിറ്റ് പണം കണ്ടെത്താനൊരുങ്ങി മൃഗശാല. പാകിസ്ഥനിലെ ലാഹോർ സഫാരി മൃഗശാല അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭീമമായ തുക നൽകി സിംഹങ്ങളെ വാങ്ങാൻ സാധ്യതയില്ലെന്ന് മനസിലാക്കിയ അധികൃതർ 1,50,000 രൂപയ്‌ക്കാണ് സിംഹങ്ങളെ വിൽക്കുന്നത്.
നല്ലയിനം എരുമയ്‌ക്കും പോത്തിനും വരെ പാകിസ്ഥനിൽ ഇതിനേക്കാൾ വില ലഭിക്കുമ്പോഴാണ് സിംഹങ്ങളെ കുറഞ്ഞ തുകയ്‌ക്ക് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നത്. 3.5ലക്ഷം രൂപയാണ് എരുമകൾക്ക് രാജ്യെത്ത വില. മുതിർന്ന ഒരു സിംഹവും മൂന്ന് സിംഹക്കുട്ടികളെയുമാണ് ആദ്യമായി ഇത്തരത്തിൽ വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തികൾക്കോ മൃഗസംരക്ഷകർക്കോ സിംഹങ്ങളെ വാങ്ങാൻ അനുവാദമുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തേ സ്ഥലപരിമിതിയുണ്ടെന്ന പേരിൽ 14 സിംഹങ്ങളെ മൃഗശാലയിൽ നിന്ന് വിറ്റിരുന്നു. സിംഹങ്ങൾ പ്രതിദിനം എട്ട് മുതൽ ഒമ്പത് കിലോഗ്രാം വരെ മാംസം കഴിക്കും. ഈ ചിലവ് കുറക്കാനും മറ്റ് മൃഗങ്ങളുടെ ചിലവ് കണ്ടെത്താനും സിംഹങ്ങളെ വിറ്റാൽ സാധിക്കുമെന്നാണ് മൃഗശാല അധികൃതരുടെ വിലയിരുത്തൽ.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താൻ എന്നാണ് സൂചന. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പാകിസ്താൻ കറൻസി എത്തിയതോടെ വരുമാനം കണ്ടെത്താൻ പുതുവഴികൾ ആലോചിക്കുകയാണ് സർക്കാർ. കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന രാജ്യത്തിന് മൃഗശാലകളിലും സംരക്ഷണ കേന്ദ്രങ്ങളിലും വളർത്തുന്ന മൃഗങ്ങളെ പരിപാലിക്കാനുള്ള പണം പോലും നീക്കി വെക്കാനാവുന്നില്ല. കഴിഞ്ഞദിവസം പാക്കിസ്ഥാനി രൂപയുടെ മൂല്യം 7.6 ശതമാനം ഇടിഞ്ഞ് ഡോളറിനെതിരെ 228 രൂപയായി താഴ്ന്നിരുന്നു. 1998 ഒക്‌ടോബറിനുശേഷം രൂപയുടെ ഏറ്റവും വലിയ ഇടിവാണ് ഇത്.
ഐ.എം.എഫിൽ നിന്നുള്ള 1.2 ബില്യൺ ഡോളർ വായ്പ പാകിസ്ഥാന് അനുവദിച്ചിട്ടുണ്ട്. എന്നാലിത് സമ്പദ്‍വ്യവസ്ഥയെ രക്ഷിക്കാൻ പോരാതെവരുമോ എന്ന ആശങ്കയുണ്ട്. അടുത്തിടെയായി വളർന്നുവരുന്ന വിപണികളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചതിൽ ഒന്നാണ് പാക്കിസ്ഥാന്റെ ബോണ്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.