വെടിനിർത്തൽ ചർച്ചക്ക് പോയവർക്ക് താക്കീതുമായി ഇസ്രായേലിൽ പടുകൂറ്റൻ റാലി: ‘കരാറിൽ ഒപ്പിടാതെ തിരിച്ചുവരരുത്’

തെൽഅവീവ്: ബന്ദിമോചനവും വെടിനിർത്തലും സംബന്ധിച്ച ചർച്ചക്കായി ഖത്തറിലേക്ക്​ പോയ ഇസ്രായേലി പ്രതിനിധികൾക്ക് താക്കീതുമായി തെൽഅവീവിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് മുന്നിൽ പടുകൂറ്റൻ റാലി. ബന്ദിമോചന, വെടിനിർത്തൽ കരാർ ഒപ്പിട്ടിട്ടല്ലാതെ ഇസ്രായേലി​ലേക്ക് മടങ്ങിവരരുതെന്ന് ഗസ്സയിൽ ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കളും നൂറുകണക്കിന് പൊതുജനങ്ങളും ഉൾപെടുന്ന റാലി മുന്നറിയിപ്പ് നൽകി.

മൊസാദ് തലവന്‍ ഡേവിഡ് ബെര്‍ണിയ, ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവി റോനൻ ബാർ, മിലിട്ടറി ഹോസ്​റ്റേജ്​ ചീഫ്​ നിറ്റ്​സാൻ അലോൺ എന്നിവരാണ്​ ഇസ്രായേൽ പക്ഷത്തു നിന്നും പ​​ങ്കെടുക്കുന്നത്​. സി.ഐ.എ ഡയറക്​ടർ ബിൽ ബേൺസ്​, യു.എസ്​ മിഡിൽഈസ്​റ്റ്​ പ്രതിനിധി ബ്രെട്ട്​ മക്​ഗർക്​ എന്നിവരും ഖത്തർ, ഈജിപ്​ത്​ പ്രതിനിധികളും ഭാഗമാകുന്നതായി ‘റോയി​ട്ടേഴ്​സ്​’ റിപ്പോർട്ട്​ ചെയ്​തു. ഹമാസ് ചർച്ച ബഹിഷ്‍കരിച്ചിരുന്നു. ഇനി ചർച്ചകളുടെ ആവശ്യമില്ലെന്നും ജൂലൈ രണ്ടിന് യു.എസ് പ്രസിഡൻറ്​ ജോ ബൈഡൻെറ നിർദേശ പ്രകാരം തയാറാക്കിയ കരാർ ഇസ്രായേൽ പാലിക്കുകയാണ് ചെയ്യേണ്ട​തെന്നും വ്യക്​തമാക്കിയ ഹമാസ്,​ ചർച്ചക്കായി പ്രതിനിധികളെ നിയോഗിച്ചിട്ടില്ല. ഇസ്രായേൽ അത് പാലിക്കുകയാണെങ്കിൽ കരാർ നടപ്പാക്കാൻ ഹമാസും തയ്യാറാണെന്ന് ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം സുഹൈൽ ഹിന്ദി കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു.


ഈ സാഹചര്യത്തിലാണ് തെൽഅവീവിലെ തെരുവുകൾ കൈയടക്കി പ്രതിഷേധം അരങ്ങേറിയത്. "ലാസ്റ്റ് ചാൻസ് മാർച്ച്" എന്ന പേരിൽ മാർച്ച് നടത്തിയ പ്രതിഷേധക്കാർ, പ്രധാനമ​ന്ത്രിക്കും ഭരണകൂടത്തിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയർത്തി. ദോഹയിലേക്ക് ചർച്ചക്ക് പോയവർ കരാർ പൂർത്തിയാകുന്നതുവരെ അവിടെ തുടരണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഗസ്സയിൽ തടവിലാക്കപ്പെട്ട 100 ലധികം ബന്ദികളുടെ സമയം തീരാറായെന്നും ഇവർ ചൂണ്ടിക്കാട്ടി.

"ചർച്ച നടത്താൻ പേയ സംഘത്തോടാണ്: ഇന്നോ വരുംദിവസങ്ങളിലോ കരാർ ഒപ്പിടാതെ നിങ്ങൾ ഇസ്രായേലിലേക്ക് മടങ്ങരുത്. കരാറുമായല്ലാതെ ഇസ്രായേലിലേക്ക് മടങ്ങാൻ നിങ്ങൾക്ക് കഴിയില്ല’ -ബന്ദിയായ നിമ്രോദ് കോഹന്റെ സഹോദരൻ യോതം കോഹൻ പറഞ്ഞു.

രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യുദ്ധം നീട്ടാൻ ശ്രമിക്കുന്നതായി ബന്ദികളുടെ ബന്ധുക്കൾ ആരോപിച്ചു.

വെടിനിർത്തൽ കരാറിൽ ഏ​ർപ്പെട്ടാൽ നെതന്യാഹുവിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന തീവ്ര വലതുപക്ഷ സഖ്യകക്ഷികളായിരിക്കും തന്റെ സഹോദരൻ മരിച്ചാൽ ഉത്തരവാദികളെന്ന് ബന്ദിയായ ഇറ്റ്‌സിക് എൽഗരത്തിന്റെ സഹോദരൻ ഡാനി എൽഗരത്ത് പറഞ്ഞു. “കരാറിലെത്താനുള്ള അവസരങ്ങൾ തീവ്ര വലതുപക്ഷ മന്ത്രിമാർ ഭീഷണിപ്പെടുത്തി അട്ടിമറിക്കുന്നതായി ഞങ്ങൾ കേൾക്കുന്നു. അവർക്ക് ജീവനേക്കാൾ സ്ഥലത്തോടാണ് ഇഷ്ടം. ഇത്രയും പേർ ബന്ദികളായി തുടരുന്നത് ഇസ്രായേലിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ സുരക്ഷാപരവും സാമൂഹികവും ധാർമികവും മതപരവുമായ പരാജയത്തിന്റെ തെളിവാണെന്ന് മനസ്സിലാക്കുന്നില്ല” -അദ്ദേഹം പറഞ്ഞു. ഇസ്രായേൽ കാരണമാണ് ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ സ്തംഭിച്ചതെന്ന പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ സ്വകാര്യ സംഭാഷണം ഇസ്രായേലി മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നതും ബന്ദികളുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്.

ഹമാസ് ബന്ദികളാക്കിയ 251 പേരിൽ 111 പേർ ഇപ്പോഴും ഗസ്സയിൽ ഉണ്ടെന്നാണ് നിഗമനം. 39 പേർ മരിച്ചതായി ഐഡിഎഫ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബർ അവസാനത്തോടെ 105 സിവിലിയന്മാരെ ഹമാസ് മോചിപ്പിച്ചിരുന്നു. ഏഴ് ബന്ദികളെ സൈന്യം ജീവനോടെ രക്ഷിച്ചു. 24 ബന്ദികളുടെ മൃതദേഹങ്ങളും കണ്ടെടുത്തു.

പത്തുമാസമായി തുടരുന്ന ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ സംഘത്തിൻെറ ചർച്ചകൾക്ക് ഇന്നലെയാണ് ദോഹയിൽ തുടക്കമായത്. ഖത്തർ,അമേരിക്ക, ഈജിപ്​ത്​ എന്നിവരുടെ സംയുക്​ത ആഹ്വാനത്തെ തുടർന്നാണ് ​ ചർച്ച ആരംഭിച്ചത്. ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കി യുദ്ധം അവസാനിപ്പിക്കുകയും, ബന്ദി മോചനവും ഗസ്സയിലേക്കുള്ള മാനുഷിക സഹായം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ്​ മധ്യസ്ഥ ചർച്ചകൾ തുടരുന്നതെന്ന്​ ഡോ. മാജിദ്​ അൽ അൻസാരി പറഞ്ഞു. പാതിവഴിയിൽ മുടങ്ങിയ മധ്യസ്ഥ ചർച്ച പുനരാരംഭിക്കാൻ ആഗസ്​റ്റ്​ എട്ടിനായിരുന്നു മൂന്ന്​ രാജ്യങ്ങളുടെ തലവന്മാർ സംയുക്​ത പ്രസ്​താവനയിലൂടെ ആവശ്യപ്പെട്ടത്​. ഹമാസ്​ വിട്ടു നിൽക്കുന്ന സാഹചര്യത്തിൽ ചർച്ചക്കു ശേഷം, അവരുമായി ആശയവിനിമയം നടത്താനാണ്​ പദ്ധതിയെന്ന്​ വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്​തു.

രണ്ടാഴ്​ച മുമ്പ്​ ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായില്‍ ഹനിയ്യയെ ഇസ്രായേല്‍ ഇറാനില്‍ വെച്ച് കൊലപ്പെടുത്തിയതോടെയാണ് ഗസ്സ മധ്യസ്ഥ ചര്‍ച്ചകള്‍ വീണ്ടും പ്രതിസന്ധിയിലായത്. തങ്ങളുടെ മണ്ണില്‍ വെച്ച് നടന്ന കൊലപാതകത്തിന് ഇസ്രായേലിനോട് കണക്ക് ചോദിക്കുമെന്ന് ഇറാന്‍ നിലപാട് എടുത്തതോടെ മേഖലയില്‍ യുദ്ധം പടരുമെന്ന ഭീതി ശക്തമായിരുന്നു. ഇതോടെ മധ്യസ്ഥ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഖത്തര്‍, അമേരിക്ക. ഈജിപ്ത് ഭരണാധികാരികള്‍ സംയുക്തമായി തീരുമാനിക്കുകയും വീണ്ടും വഴിതെളിയുകയുമായിരുന്നു.

എന്നാൽ, പുതിയ ചര്‍ച്ചകള്‍ ഇസ്രായേലിന് പുതിയ നിബന്ധനകളും ആവശ്യങ്ങളും മുന്നോട്ടുവെച്ച് കൂടുതല്‍ കൂട്ടക്കൊല നടത്താനുള്ള അവസരമൊരുക്കല്‍ മാത്രമാണെന്നാണ് മുതിര്‍ന്ന ഹമാസ് നേതാവ് സമി അബു സുഹ്റി പ്രതികരിച്ചു. സമാധന ശ്രമങ്ങൾ ഒരുവശത്ത്​ സജീവമാകു​േമ്പാഴും ഗസ്സയിലെ ഇസ്രായേൽ ​കൂട്ടക്കൊല തുടരുകയാണ്​. 16456 കുട്ടികൾ ഉൾപ്പെടെ മരണസംഖ്യ 40,000വും കടന്നു കഴിഞ്ഞു.

Tags:    
News Summary - In Tel Aviv, hostage relatives tell negotiators not to come back without a deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.